എടപ്പാൾ: ജില്ലയിലെ ഏറ്റവും വാശിയേറിയ പോരാട്ടം നടക്കുന്ന തവനൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിൽ എത്തിനിൽക്കുമ്പോൾ ഇരു മുന്നണികളും പൂർണ ആത്മവിശ്വാസത്തിൽ. സിറ്റിങ് എം.എൽ.എ ഡോ. കെ.ടി. ജലീൽ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥിയായും ഡി.സി.സി പ്രസിഡന്‍റ് വി.എസ്. ജോയ് യു.ഡി.എഫ് സ്ഥാനാർഥിയായും എത്തിയതോടെ തീപാറും പോരാട്ടം നടക്കുന്ന മണ്ഡലമായി തവനൂർ മാറി.
2011 മുതൽ തുടർച്ചയായി മൂന്ന് തവണ മണ്ഡലത്തെ പ്രതിനിധീകരിച്ച ജലീലിന്‍റെ പ്രചാരണം അടിസ്ഥാന സൗകര്യ വികസനവും വ്യക്തിബന്ധങ്ങളും മുൻനിർത്തിയാണ്. മണ്ഡലത്തിൽ നടപ്പാക്കിയ വികസന പദ്ധതികളും എൽ.ഡി.എഫിന്റെ ശക്തമായ സംഘടന സംവിധാനവും അദ്ദേഹത്തിന് അനുകൂല ഘടകം ആണെങ്കിലും കഴിഞ്ഞ തെരഞ്ഞെടുപ്പിലെ 2,564 വോട്ടിന്‍റെ നേരിയ വിജയവും ഭരണവിരുദ്ധതയുടെ അടിയൊഴുക്കും വെല്ലുവിളി ഉയർത്തുന്നു.
മറുവശത്ത് ഡി.സി.സി പ്രസിഡന്‍റ് പദവി വഹിക്കുന്ന ജോയ് ആണ് രംഗത്തുള്ളത്. വാഗ്മിയും തന്ത്രജ്ഞനുമായി അറിയപ്പെടുന്ന അദ്ദേഹത്തിന് യുവ വോട്ടർമാർക്കിടയിൽ കാര്യമായ സ്വാധീനം ചെലുത്താനാകുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷ. കോൺഗ്രസ് പ്രവർത്തകർക്കൊപ്പം മുസ്‌ലിം ലീഗ് പ്രവർത്തകരുടെ ചിട്ടയായ പ്രവർത്തനവും ജോയിയുടെ വിജയം സാധ‍്യമാക്കുമെന്ന വിലയിരുത്തലിലാണ് യു.ഡി.എഫ് ക്യാമ്പ്. തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ ഏഴ് ഗ്രാമപഞ്ചായത്തുകളിലും യു.ഡി.എഫാണ് വിജയിച്ചത്. നിയമസഭ തെരഞ്ഞെടുപ്പിൽ ആ വിധി ആവർത്തിച്ചാൽ ഭരണമുന്നണിക്ക് കനത്ത രാഷ്ട്രീയ തിരിച്ചടിയാകും.
തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ വോട്ടുവർധന കൂടുതൽ തിളക്കമുള്ളതാക്കാൻ ബി.ജെ.പി മുൻ ജില്ല പ്രസിഡന്റ് രവി തേലത്തിനെയാണ് എൻ.ഡി.എ സ്ഥാനാർഥിയാക്കിയത്. രണ്ട് അപര സ്ഥാനാർഥികൾ കെ.ടി. ജലീലിന് ഭീഷണിയായി മത്സരരംഗത്തുണ്ട്. എസ്.ഡി.പി.ഐ സ്ഥാനാർഥിയായി അബ്ദുൽ ജലീൽ കത്രിക ചിഹ്നത്തിലും സ്വതന്ത്ര സ്ഥാനാർഥിയായി അബ്ദുൽ ജലീൽ കെ.ടി ബലൂൺ ചിഹ്നത്തിലും മത്സരിക്കുന്നുണ്ട്. യു.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർഥികൾ പാർട്ടി ചിഹ്നങ്ങളിൽ മത്സരിക്കുമ്പോൾ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥിയായ കെ.ടി. ജലീലിന്‍റെ ചിഹ്നം ലോറിയാണ്. തവനൂരിൽ ഇത് വെറുമൊരു തെരഞ്ഞെടുപ്പല്ല, മറിച്ച് രാഷ്ട്രീയ നിലനിൽപ്പിന്റെ പോരാട്ടമാണ്. ജലീൽ തന്റെ ആധിപത്യം തുടരുമോ അതോ വി.എസ്. ജോയിയിലൂടെ മണ്ഡലം യു.ഡി.എഫ് പിടിച്ചെടുക്കുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. അതുകൊണ്ട് തന്നെ മണ്ഡലത്തിൽ ഇരു മുന്നണികളുടെയും പ്രചാരണ ആവേശം കൊടുമുടി കയറിയിരിക്കുകയാണ്. പ്രചാരണത്തിന്‍റെ അവസാന ലാപ്പിൽ മണ്ഡലത്തിലെ വിജയസാധ‍്യത ആർക്ക് എന്നത് പ്രവചനാതീതമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.