രാഷ്ട്രീയ പിരിമുറുക്കത്തിനിടെ നിയമസഭ സമ്മേളനം ഇന്നുമുതല്‍

തിരുവനന്തപുരം: ബജറ്റ് അവതരണത്തിന് നിയമസഭ സമ്മേളനം വ്യാഴാഴ്ച മുതല്‍. റേഷന്‍ പ്രതിസന്ധി, ക്രമസമാധാന പ്രശ്നങ്ങള്‍ എന്നിവക്കുപുറമെ, ലോ അക്കാദമി മുതല്‍ സ്വാശ്രയ പ്രശ്നങ്ങളും രൂക്ഷമായ വരള്‍ച്ചയും വരെ, സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കാന്‍ പ്രതിപക്ഷത്തിന്‍െറ പക്കല്‍ ആയുധങ്ങളേറെ. ഭരണമുന്നണിയിലെ കലഹങ്ങളും വാഗ്വാദങ്ങളും സൃഷ്ടിക്കുന്ന തലവേദന ഇതിനുപുറമെ. അതേസമയം, അംഗസംഖ്യ കുറഞ്ഞ വ്യത്യസ്ത ചേരികളിലുള്ള പ്രതിപക്ഷത്തെ അനായാസം നേരിടാമെന്ന ആത്മവിശ്വാസത്തിലാണ് ഭരണപക്ഷം.

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനം ആരംഭിക്കുക. മാര്‍ച്ച് മൂന്നിന് സര്‍ക്കാറിന്‍െറ രണ്ടാമത്തെ ബജറ്റ് മന്ത്രി ഡോ. തോമസ് ഐസക് അവതരിപ്പിക്കും. മാര്‍ച്ച് 16 വരെ നീളുന്ന സമ്മേളനം വോട്ട് വോണ്‍ അക്കൗണ്ട് പാസാക്കി പിരിയും. ഏപ്രില്‍ മധ്യത്തോടെ സഭ വീണ്ടും ചേര്‍ന്ന് ബജറ്റ് വകുപ്പുതിരിച്ച് ചര്‍ച്ച ചെയ്ത് പാസാക്കും. മേയില്‍തന്നെ ബജറ്റ് പൂര്‍ണമായി പാസാക്കി നടപ്പാക്കലിലേക്ക് നീങ്ങാനാണ് തീരുമാനം. മാര്‍ച്ചില്‍തന്നെ ബജറ്റ് സമ്പൂര്‍ണമായി പാസാക്കാനായിരുന്നു ലക്ഷ്യമെങ്കിലും നോട്ട് പ്രതിസന്ധി മൂലം തീരുമാനം മാറ്റുകയായിരുന്നു.

ഇക്കുറി സര്‍ക്കാറിന് ഒട്ടനവധി വിഷയങ്ങളില്‍ മറുപടി പറയേണ്ടി വരും. റേഷന്‍ പ്രതിസന്ധിയും രൂക്ഷമായ വിലക്കയറ്റവുംതന്നെ പ്രധാനം. രാഷ്ട്രീയ കൊലപാതകങ്ങളും ചൂടേറിയ ചര്‍ച്ചയാവും. ആവര്‍ത്തിക്കുന്ന കൊലപാതകങ്ങളും നടിയെ തട്ടിക്കൊണ്ടുപോയതടക്കം ക്രമസമാധാന പ്രശ്നങ്ങളും പ്രതിപക്ഷം ഉയര്‍ത്തും. ക്രമസമാധാനം തകര്‍ന്നതിനാല്‍ മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നാണ് അവരുടെ ആവശ്യം. ലോ അക്കാദമി സമരം തീര്‍ന്നെങ്കിലും അത് ഇടതുമുന്നണിയില്‍ സൃഷ്ടിച്ച ഭിന്നത തുടരുകയാണ്. സഭയില്‍ സി.പി.എം, സി.പി.ഐ നിലപാടും പ്രധാനമാണ്.

Tags:    
News Summary - assembly budget session

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.