എം.ടി. പറഞ്ഞത് വാസ്തവം, അഭിമാനത്തോടെയാണ് ഞാൻ കേട്ടുകൊണ്ടിരുന്നത് -അശോകൻ ചരുവിൽ

കൊച്ചി: സമൂഹത്തെക്കുറിച്ചും രാജ്യത്ത് രൂപപ്പെട്ടുകൊണ്ടിരിക്കുന്ന അമിതാധികാരത്തെക്കുറിച്ചും എം.ടി പറഞ്ഞ കാര്യങ്ങൾ വളരെ അഭിമാനത്തോടെയാണ് താൻ കേട്ടുകൊണ്ടിരുന്നതെന്ന് പുരോഗമന കലാസാഹിത്യസംഘം ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ. മനുഷ്യാനുഭവങ്ങളെ അടുത്തു കാണുന്ന ഒരെഴുത്തുകാരൻ പറയേണ്ട വാക്കുകളാണത്. എന്നാൽ, രാജ്യത്ത് രൂപപ്പെട്ടു വരുന്ന അമിതാധികാരത്തെക്കുറിച്ചുള്ള എം.ടിയുടെ നിരീക്ഷണങ്ങൾ മുഖ്യമന്ത്രിക്ക് എതിരാണെന്ന് വ്യാഖ്യാനിക്കാൻ നികൃഷ്ട മാധ്യമശ്രമം നടക്കുന്നതായും അശോകൻ ചരുവിൽ ആരോപിച്ചു.

‘ആടിനെ പട്ടിയാക്കുന്ന പ്രാചീനതന്ത്രമാണത്. അതിൽ അത്ഭുതമില്ല. ബ്രാഹ്മണിസ്റ്റ് ഫാസിസത്തേയും അതിൻ്റെ നേതാവായ നരേന്ദ്രമോദിയേയും രക്ഷിക്കാനുള്ള ശ്രമങ്ങൾ അടിമമാധ്യമങ്ങൾ നടത്താൻ തുടങ്ങിയിട്ട് കുറച്ചു കാലമായി. ഇന്നലെത്തന്നെ എംടി തൻ്റെ പ്രസംഗം തെറ്റായി വ്യാഖ്യാനിക്കുന്നതിനെതിരെ രംഗത്തുവന്നു. ഒരു മുതിർന്ന എഴുത്തുകാരന് തൻ്റെ പ്രസംഗത്തിൻ്റെ സത്യാവസ്ഥ എന്തെന്ന് വിശദീകരിക്കേണ്ടി വന്നു എന്നത് മലയാളി എന്ന നിലക്ക് നമുക്ക് അപമാനമാണ്. വഴിയിലൂടെ പോകുന്ന എന്തിനേയും പിണറായി വിജയനെതിരെ ഉപയോഗിക്കാൻ ശ്രമിക്കുകയാണ് കേരളത്തിലെ വലതുമാധ്യമങ്ങൾ. അധികാരിവർഗ്ഗം ഒരിക്കൽ ലോക്കപ്പിലിട്ട് തീർക്കാൻ ശ്രമിച്ച പൊതുപ്രവർത്തകനാണ് അദ്ദേഹം. ഭരണവർഗ്ഗ മാധ്യമ സിണ്ടിക്കേറ്റ് അദ്ദേഹത്തെ അവസാനിപ്പിക്കാൻ ശ്രമിച്ചു. എന്നിട്ടും വലിയ ജനപിന്തുണയോടെ അദ്ദേഹം കേരളത്തിൻ്റെ സുമുന്നത നേതാവായി തുടരുന്നത് അവർക്ക് സഹിക്കാനാവുന്ന കാര്യമല്ല. ആ അസഹിഷ്ണുത തുടരട്ടെ. പക്ഷേ അത്തരം നീക്കങ്ങൾക്ക് മഹാനായ എം ടി.യെ ഉപകരണമാക്കിയത് തികഞ്ഞ മര്യാദകേടാണ്’ -അശോകൻ ചരുവിൽ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

കുറിപ്പിന്റെ പൂർണരൂപം:

എം.ടി. പറഞ്ഞത് വാസ്തവം.

കോഴിക്കോട്ട് നടക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ ഉദ്ഘാടനവേദിയിൽ ഇന്നലെ മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരൻ എം.ടി.വാസുദേവൻ നായർ പ്രസംഗിക്കുമ്പോൾ ഞാൻ സദസ്സിലുണ്ടായിരുന്നു. സമൂഹത്തെക്കുറിച്ചും രാജ്യത്ത് രൂപപ്പെട്ടുകൊണ്ടിരിക്കുന്ന അമിതാധികാരത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞ കാര്യങ്ങൾ വളരെ അഭിമാനത്തോടെയാണ് ഞാൻ കേട്ടുകൊണ്ടിരുന്നത്. മനുഷ്യാനുഭവങ്ങളെ അടുത്തു കാണുന്ന ഒരെഴുത്തുകാരൻ പറയേണ്ട വാക്കുകളാണത്.

എന്നാൽ രാജ്യത്ത് രൂപപ്പെട്ടു വരുന്ന അമിതാധികാരത്തെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ നിരീക്ഷണങ്ങൾ വേദിയിൽ ഉൽഘാടകനായി എത്തിയ സംസ്ഥാന മുഖ്യമന്ത്രിക്ക് എതിരായിട്ടുള്ളതാണെന്ന് വ്യാഖ്യാനിക്കാനുള്ള ഒരു നികൃഷ്ട മാധ്യമശ്രമം നടന്നു കാണുന്നു. ആടിനെ പട്ടിയാക്കുന്ന പ്രാചീനതന്ത്രമാണത്. അതിൽ അത്ഭുതമില്ല. അധികാരമെന്നാൽ സംസ്ഥാന സർക്കാരും മറ്റു തദ്ദേശിയ ഗവർമ്മണ്ടുകളുമാണ് എന്ന് സ്ഥാപിച്ച് ഇന്ത്യക്കുമേൽ ഭീകരാധികാരം പ്രയോഗിക്കുന്ന ബ്രാഹ്മണിസ്റ്റ് ഫാസിസത്തേയും അതിൻ്റെ നേതാവായ നരേന്ദ്രമോഡിയേയും രക്ഷിക്കാനുള്ള ശ്രമങ്ങൾ അടിമമാധ്യമങ്ങൾ നടത്താൻ തുടങ്ങിയിട്ട് കുറച്ചു കാലമായി.

ഇന്നലെത്തന്നെ എംടി തൻ്റെ പ്രസംഗം തെറ്റായി വ്യാഖ്യാനിക്കുന്നതിനെതിരെ രംഗത്തുവന്നു. ഒരു മുതിർന്ന എഴുത്തുകാരന് തൻ്റെ പ്രസംഗത്തിൻ്റെ സത്യാവസ്ഥ എന്തെന്ന് വിശദീകരിക്കേണ്ടി വന്നു എന്നത് മലയാളി എന്ന നിലക്ക് നമുക്ക് അപമാനമാണ്.

വഴിയിലൂടെ പോകുന്ന എന്തിനേയും പിണറായി വിജയനെതിരെ ഉപയോഗിക്കാൻ ശ്രമിക്കുകയാണ് കേരളത്തിലെ വലതുമാധ്യമങ്ങൾ. അവരുടെ ദയനീയവും ദൗർഭാഗ്യകരവുമായ അവസ്ഥ ആർക്കും ബോധ്യമാവും. ഇന്ത്യൻ അധികാരിവർഗ്ഗം ഒരിക്കൽ ലോക്കപ്പിലിട്ട് തീർക്കാൻ ശ്രമിച്ച പൊതുപ്രവർത്തകനാണ് അദ്ദേഹം. ഭരണവർഗ്ഗ മാധ്യമങ്ങൾ സിണ്ടിക്കേറ്റ് രൂപീകരിച്ച് അദ്ദേഹത്തെ അവസാനിപ്പിക്കാൻ ശ്രമിച്ചു. തകർന്നടിഞ്ഞ ആ നുണക്കോട്ടകൾ നമ്മുടെ സാംസ്കാരികാന്തരീക്ഷത്തിലെ വലിയ മാലിന്യശേഖരമാണ്.

എന്നിട്ടും വലിയ ജനപിന്തുണയോടെ അദ്ദേഹം കേരളത്തിൻ്റെ സുമുന്നത നേതാവായി തുടരുന്നത് അവർക്ക് സഹിക്കാനാവുന്ന കാര്യമല്ല. ആ അസഹിഷ്ണുത തുടരട്ടെ.പക്ഷേ അത്തരം നീക്കങ്ങൾക്ക് മഹാനായ എം ടി.യെ ഉപകരണമാക്കിയത് തികഞ്ഞ മര്യാദകേടാണ്.

Tags:    
News Summary - Asokan Charuvil about MT Vasudevan nair's statement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.