കോഴിക്കോട്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ഉപയോഗിച്ച് വ്യാജവാർത്ത നിർമിച്ചെന്ന പരാതിയിൽ ഏഷ്യാനെറ്റ് ന്യൂസിൽ വാർത്ത റിപ്പോർട്ട് ചെയ്ത നൗഫൽ ബിൻ യൂസഫിനെയും പെൺകുട്ടിയുടെ മാതാവിനെയും വെള്ളിയാഴ്ച ചോദ്യം ചെയ്തു. ക്രൈംബ്രാഞ്ച് അസി. കമീഷണർ വി. സുരേഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ജീവനക്കാരെ ചോദ്യം ചെയ്തത്.
നൗഫലിനെ മൂന്ന് മണിക്കൂറും യുവതിയെ രണ്ടു മണിക്കൂറും ചോദ്യം ചെയ്തു. തന്‍റെ മകളെ ഉപയോഗിച്ച് വാർത്ത ചിത്രീകരിച്ചിട്ടില്ലെന്നാണ് യുവതി പൊലീസിന് നൽകിയ മൊഴി.
അതിനിടെ, ഏഷ്യാനെറ്റ് ന്യൂസ് നൽകിയ വാർത്തയിൽ പറയുന്ന യഥാർഥ ഇരയുടെ മുംബൈയിലുള്ള വീട്ടിലെത്തി അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തി. വനിത എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് മുംബൈയിൽ എത്തി പെൺകുട്ടിയുടെയും രക്ഷിതാക്കളുടെയും മൊഴി രേഖപ്പെടുത്തിയത്.
വാർത്തക്ക് ആവശ്യമായ വിഡിയോ നിർമിച്ച വേളയിൽ ഇവർ കേരളത്തിൽ ഉണ്ടായിരുന്നില്ലെന്ന് പെൺകുട്ടിയും രക്ഷിതാക്കളും മൊഴി നൽകിയിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപയോഗിച്ച് വ്യാജ വാർത്ത നിർമിച്ചുവെന്ന പി.വി. അൻവർ എം.എൽ.എ പൊലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.