തിരുവനന്തപുരം : ആശാവർക്കർമാർ സെക്രട്ടറിയേറ്റ് പടിക്കൽ നടത്തിവരുന്ന രാപകൽ സമരം 20 ദിവസം പിന്നിടുമ്പോഴും ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ തയാറാകാത്തതിനാൽ സഭാ സമ്മേളനം തുടങ്ങുന്ന മാർച്ച് മൂന്നിന് നിയമസഭാ മാർച്ച് നടത്തുമെന്ന് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി.കെ. സദാനന്ദൻ അറിയിച്ചു. ആയിരക്കണക്കിന് ആശാവർക്കർമാർ പങ്കെടുക്കുന്ന മാർച്ച് കേരളത്തിൻ്റെ തൊഴിലാളി സമര ചരിത്രത്തിൽ ഐതിഹാസികമായ ഏടായി മാറും.
ആശാവർക്കർമാരുടെ അടിസ്ഥാന ആവശ്യങ്ങൾ പോലും അംഗീകരിക്കാൻ തയാറാകാത്ത സർക്കാരിനെതിരെ ശക്തമായ ജനവികാരം ഉയർന്നു വരികയാണ്. സംസ്ഥാനത്ത് മനുഷ്യവാസമുള്ള എല്ലായിടങ്ങളിലും എത്തിച്ചേരുന്ന ആശാവർക്കർമാരെ ഇനിയെങ്കിലും പരിഗണിക്കാൻ സർക്കാർ തയാറാകണം. അല്ലെങ്കിൽ കനത്ത തിരിച്ചടി നേരിടേണ്ടി വരും എന്നും അദ്ദേഹം പറഞ്ഞു. അതിജീവന സമരത്തിന്റെ 20-ാം ദിവസം ആശാ പ്രവർത്തകരെ അഭിവാദ്യം ചെയ്യുകയായിരുന്നു അദ്ദേഹം.
സമരത്തിൽ തുടരുന്ന ആശപ്രവർത്തകരെ പിരിച്ചുവിടും എന്ന സർക്കാരിൻറെ ഭീഷണി നിലനിൽക്കെ പരിപാടി വിജയിപ്പിക്കാനുള്ള തയാറെടുപ്പ് ജില്ലകളിൽ നടക്കുകയാണ്. പരിപാടിയിൽ പങ്കെടുക്കുന്നതിൽ നിന്ന് ആശാവർക്കർമാരെ തടയുന്നതിന് സംഘടിത നീക്കമാണ് സംസ്ഥാനത്ത് ഉടനീളം നടക്കുന്നത്. ആരോഗ്യ കേന്ദ്രങ്ങളിൽ പ്രത്യേക മീറ്റിങ്ങുകൾ, നിർബന്ധിത ഡ്യൂട്ടി, സമരം ചെയ്യുന്നവരുടെ രേഖകൾ സമർപ്പിക്കേണ്ട തീയതി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിവിധ യോഗങ്ങൾ തുടങ്ങി 3 -ാം തീയതിലേക്ക് പല തന്ത്രങ്ങളും സംസ്ഥാനത്തുടനീളം മെനയുന്നുണ്ട്. ഈ പ്രതിബന്ധങ്ങളെയും ഭീഷണികളെയും അതിജീവിച്ച് ആശാമാർ നിയമസഭ മാർച്ചിൽ പങ്കെടുക്കും.
പുതിയ ആരോഗ്യ വോളണ്ടിയർമാരെ നിയമിക്കാനുള്ള എൻഎച്ച് ഉത്തരവ് പൊതുവിൽ ആശങ്ക സൃഷ്ടിച്ചുവെങ്കിലും സമരവേദിലേക്ക് വിവിധ ജില്ലകളിൽ നിന്ന് ആശാ പ്രവർത്തകർ എത്തിച്ചേർന്നു. സമരത്തിന് ഐക്യദാർഢ്യം അർപ്പിച്ച് എം.പി സുരേഷ് ഗോപി, എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി സൈഫുദ്ദീൻ, കേരള ഗണക മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി ജി. നിശികാന്ത്, സീനിയർ സിറ്റിസൺ കോൺഗ്രസിന് വേണ്ടി ഐക്യദാർഢ്യം രേഖപ്പെടുത്തിക്കൊണ്ട് സംസ്ഥാന പ്രസിഡൻറ് ഡോ. വിജയകുമാർ, മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ദീപ അനിൽ, ഗാന്ധി ദർശൻ വേദി ജില്ലാ പ്രസിഡൻറ് ഡോ.പി കൃഷ്ണകുമാർ, ബി.ഡി.ജെ.എസ് തിരുവനന്തപുരം ജില്ലാ പ്രസിഡൻറ് ഡി. പ്രേംരാജ്, ദളിത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് ക്രിസ്റ്റഫർ ബൈജു, കവി കാരക്കമണ്ഡപം വാസുദേവൻ തുടങ്ങിയവർ ഐക്യദാർഢ്യം അർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.