തിരുവനന്തപുരം: സെക്രട്ടറിയേറ്റ് പടിക്കലെ രാപകൽ സമരത്തിന്റെ നൂറാം ദിവസമായ മെയ് 20ന് സമരവേദിയിൽ 100 ആശാവർക്കർമാർ ആളിക്കത്തുന്ന 100 പന്തങ്ങൾ ഉയർത്തും. ഓണറേറിയം വർധിപ്പിക്കുക, എല്ലാമാസവും അഞ്ചാം തീയതിക്കുള്ളിൽ നൽകുക, വിരമിക്കൽ ആനുകൂല്യവും പെൻഷനും നൽകുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഫെബ്രുവരി 10നാണ് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സമരം ആരംഭിച്ചത്.
രാപ്പകൽ സമര യാത്ര ജില്ലകളിൽ തുടരുമ്പോഴും സെക്രട്ടറിയേറ്റിനു മുന്നിൽ സമരവേദി സജീവമാണ്. എല്ലാദിവസവും പിന്തുണ അറിയിച്ച് ഇവിടേക്ക് ആളുകൾ എത്തിച്ചേരുന്നുണ്ട്. നാഷണൽ ഹെൽത്ത് മിഷൻ (എൻ എച്ച് എം) ഉദ്യോഗസ്ഥരുമായും ആരോഗ്യമന്ത്രിയുമായും മൂന്നുതവണ അസോസിയേഷൻ ചർച്ച നടത്തിയെങ്കിലും ഉന്നയിച്ച ആവശ്യങ്ങളിന്മേൽ സർക്കാർ യാതൊരു ഉറപ്പും നൽകിയില്ല. മറ്റ് ട്രേഡ് യൂണിയൻ സംഘടനകളെക്കൂടി ഉൾപ്പെടുത്തി സർക്കാർ വിളിച്ചുചേർത്ത ചർച്ചയിൽ ആവശ്യങ്ങൾ പഠിക്കാൻ ഒരു കമ്മിറ്റിയെ നിയോഗിക്കാം എന്ന പ്രഖ്യാപനം മാത്രമാണ് നടത്തിയത്.
മുൻകാലങ്ങളിൽ ഓണറേറിയ വർധന സർക്കാർ സ്വമേധയാ പ്രഖ്യാപിക്കുകയായിരുന്നു, സംസ്ഥാന സർക്കാരിന് സ്വതന്ത്രമായി പ്രഖ്യാപിക്കാവുന്ന ഓണറേറിയവും വിരമിക്കൽ ആനുകൂല്യവും പഠിക്കാൻ പ്രത്യേകം സമിതി ആവശ്യമില്ല എന്ന സമര സംഘടനയുടെ നിലപാടിനെ തള്ളിയാണ് സർക്കാർ മുന്നോട്ടുപോയത്. കമ്മിറ്റിയുടെ പഠനസമയം ഒരു മാസത്തിലേക്ക് ചുരുക്കാൻ ഇടപെടാം എന്ന് അസോസിയേഷനുമായി നടത്തിയ ആദ്യ ചർച്ചയിൽ തൊഴിൽ മന്ത്രി വാഗ്ദാനം നൽകിയിരുന്നു. എന്നാൽ ഈ കമ്മിറ്റി രൂപീകരണം നടന്നത് പോലും ചർച്ചക്കുശേഷം ഒന്നര മാസം കഴിഞ്ഞാണ്.
ആരോഗ്യമേഖലയിൽ തൊഴിലെടുക്കുന്ന നിർധനരായ സ്ത്രീ തൊഴിലാളികളുടെ ഏറ്റവും ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കാൻ തയാറാകാത്ത സംസ്ഥാന സർക്കാരിൻറെ ധാർഷ്ട്യമാണ് ഈ സമരത്തെ ഇതുവരെ എത്തിച്ചത്. ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ സമരം തുടരും എന്ന ശക്തമായ നിലപാടിലാണ്, ആക്ഷേപങ്ങളും അധിക്ഷേപങ്ങളും വലിയ വെല്ലുവിളികളും നേരിട്ട്, ആശമാർ ഒറ്റക്കെട്ടായി മുന്നോട്ടു പോകുന്നത് എന്ന് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി.കെ. സദാനന്ദൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.