നിലമ്പൂർ: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയായിരുന്ന വി.വി പ്രകാശിനെ കാലുവാരിയെന്ന സി.പി.എം മുഖപത്ര ലേഖനത്തിലെ എം.വി. ഗോവിന്ദന്‍റെ ആരോപണത്തിൽ പ്രതികരിച്ച് നിലമ്പൂരിലെ യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത്. എം.വി. ഗോവിന്ദന്‍റെ ആരോപണങ്ങൾക്ക് മറുപടി പറയുന്നില്ലെന്ന് ആര്യാടൻ ഷൗക്കത്ത് മാധ്യമങ്ങളോട് വ്യക്തമാക്കി.
എം.വി. ഗോവിന്ദന് കോൺഗ്രസ് പാർട്ടിയിലെ നേതാക്കളും പ്രവർത്തകരും മറുപടി പറയും. സ്ഥാനാർഥിയായ താൻ സംസ്ഥാന നേതാവിന്‍റെ ആരോപണത്തിന് മറുപടി പറയേണ്ടതില്ല. തെരഞ്ഞെടുപ്പാകുമ്പോൾ വിവാദമുണ്ടാകുന്നത് സ്വാഭാവികമാണെന്നും ആര്യാടൻ ഷൗക്കത്ത് ചൂണ്ടിക്കാട്ടി.
ആര്യാടൻ ഷൗക്കത്തിനെതിരെ സി.പി.എം മുഖപത്രമായ ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ആരോപണം ഉന്നയിച്ചത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്ത് പാലം വലിച്ചത് കൊണ്ടാണ് യു.ഡി.എഫ് സ്ഥാനാർഥി തോറ്റതെന്ന് 'രാഷ്ട്രീയ വഞ്ചനക്കെതിരെ നിലമ്പൂർ വിധിയെഴുതും' എന്ന തലക്കെട്ടിലുള്ള ലേഖനത്തിൽ എം.വി. ഗോവിന്ദൻ പറയുന്നത്.
പിണറായിയെയും എൽ.ഡി.എഫിനെയും അപകീർത്തിപ്പെടുത്താൻ തങ്ങൾക്ക് കരുത്താകുമെന്ന് കരുതിയ അൻവർ കീറാമുട്ടിയായി മാറിയെന്ന വികാരമാണ് ഇപ്പോൾ യു.ഡി.എഫിലുള്ളത്. അയാളെ തള്ളാനും കൊള്ളാനും ആവശ്യപ്പെട്ട് യു.ഡി.എഫിലും കോൺഗ്രസിലും രണ്ടുചേരി തന്നെ രൂപം കൊള്ളുകയാണ്.
ഈ സ്വരച്ചേർച്ചയില്ലായ്മക്ക് ശക്തി പകർന്നു കൊണ്ടാണ് കഴിഞ്ഞ തെരഞ്ഞടുപ്പിൽ ആരാട്യൻ ഷൗക്കത്ത് പാലംവലിച്ചതിന്റെ ഫലമായി തോൽക്കുകയും ഫലം വരുന്നതിന് രണ്ടു ദിവസം മുമ്പ് ഹൃദയാഘാതം വന്ന് മരിക്കുകയും ചെയ്ത മുൻ ഡി.സി.സി പ്രസിഡന്റ് കൂടിയായ വി.വി. പ്രകാശിന്റെ പക്ഷക്കാരും കുടുംബവും ഷൗക്കത്തിനെതിരെ തിരിഞ്ഞത്.
'അച്ഛന്റെ ഓർമകൾ ഓരോ നിലമ്പൂരുകാരന്റെ മനസിലും എരിയുമെന്ന' പ്രകാശിന്‍റെ മകളുടെ സാമൂഹ്യമാധ്യമ പോസ്റ്റും ഷൗക്കത്തിനെതിരായ ഒളിയമ്പായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ഈ ഘട്ടത്തിൽ ജയം ഉറപ്പിക്കാൻ ബി.ജെ.പിയുമായും മുസ് ലിം മതമൗലികവാദികളുമായും ചേർന്ന് മഴവിൽ സഖ്യം രൂപീകരിക്കാനാണ് കോൺഗ്രസും ലീഗും ശ്രമിക്കുന്നത്.
‘അച്ഛന്റെ ഓര്‍മകള്‍ ഓരോ നിലമ്പൂരുകാരുടെയും മനസില്‍ എരിയുന്നു’ എന്നാണ് മലപ്പുറം മുന്‍ ഡി.സിസി അധ്യക്ഷനും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലെ നിലമ്പൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയുമായിരുന്ന വി.വി. പ്രകാശിന്റെ മകൾ നന്ദന ഫേസ്ബുക്കിൽ കുറിച്ചത്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ അന്തിമഘട്ടത്തിലേക്ക് കടന്ന വേളയിലെ നന്ദന പ്രകാശിന്റെ പോസ്റ്റ് ചര്‍ച്ചയായത്. എന്നാല്‍, ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടല്ല മകള്‍ ഫേസ് ബുക്ക് പോസ്റ്റ് ഇട്ടതെന്ന് പ്രകാശിന്റെ ഭാര്യ സ്മിത പ്രതികരിച്ചത്.
‘ജീവിച്ചുമരിച്ച അച്ഛനെക്കാള്‍ ശക്തിയുണ്ട്, മരിച്ചിട്ടും എന്റെ മനസ്സില്‍ ജീവിക്കുന്ന അച്ഛന്. ശരീരം വിട്ടുപിരിഞ്ഞെങ്കിലും അച്ഛന്റെ പച്ചപിടിച്ച ഓര്‍മകള്‍ ഓരോ നിലമ്പൂരുകാരുടേയും മനസില്‍ എരിയുന്നുണ്ട്. അതൊരിക്കലും കെടാത്ത തീയായി പടര്‍ന്നുകൊണ്ടിരിക്കും. ആ ഓര്‍മകള്‍ മാത്രം മതി എന്റെ അച്ഛന് മരണമില്ലെന്ന് തെളിയിക്കാന്‍’
2021ൽ നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് രണ്ടു ദിവസം മുമ്പാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് വി.വി. പ്രകാശ് മരിച്ചത്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന പി.വി. അന്‍വറിനോട് 2700 വോട്ടുകള്‍ക്കാണ് അദ്ദേഹം പരാജയപ്പെട്ടത്. വി.വി. പ്രകാശിന്റെ തോല്‍വിക്ക് കാരണം കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ വിഭാഗീയ പ്രവര്‍ത്തനമാണെന്ന് അന്ന് ആരോപണം ഉയര്‍ന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.