മാഹിയിലെ പെട്രോൾ പമ്പുകളിൽ ആളുകളെ വഞ്ചിക്കുന്നതായി പരാതി; കൃത്രിമ ഇന്ധന ക്ഷാമം സൃഷ്ടിച്ച് പ്രീമിയം ഉൽപന്നങ്ങൾ നൽകുന്നു

മാഹി: പെട്രോളിനും ഡീസലിനും കേര​ളത്തെ അപേക്ഷിച്ച് വൻ വിലക്കുറവുള്ള മാഹിയിൽ ഇന്ധനം നിറക്കകാനെത്തുന്നവരെ ഇന്ത്യൻ ഓയിൽ കോർപറേഷന്റെ പെട്രോൾ പമ്പുകളിൽ വഞ്ചിക്കുന്നതായി ആരോപണം.

മേഖലയിലെ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പുകളിൽ പെട്രോളും ഡീസലും സ്റ്റോക്കുണ്ടായിട്ടും കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്നതായാണ് ഉപഭോക്താക്കളുടെ പരാതി. എന്നാൽ വില കൂടുതലുള്ള x 95 പ്രീമിയം പെട്രോളും xtra ഗ്രീൻ ഡീസലും പമ്പുകളിൽ സുലഭമാണ്.

പമ്പുകളിലെ സ്റ്റോക്ക് ബോർഡിൽ നോർമൽ പെട്രോളും ഡീസലും 10,000 ലിറ്ററിൽ കൂടുതലായി സ്റ്റോക്ക് കാണിക്കുമ്പോഴാണ് ഈ കൊള്ള. ഇതേക്കുറിച്ച് ഡീലർമാരോട് ചോദിച്ചാൽ പ്രീമിയം പെടോളും പ്രീമിയം ഡീസലും കൂടുതൽ വിറ്റഴിക്കണമെന്ന കമ്പനി നിർദ്ദേശമനുസരിച്ചാണ് വില കുറഞ്ഞ ഇന്ധനങ്ങൾ വിൽപന നടത്താത്തതെന്നാണ് മറുപടി.

നോർമൽ പെട്രോളിന് മാഹിയിൽ ലിറ്ററിന് 93.80 രൂപയും പ്രീമിയം പെട്രോളിന് 98.24 രൂപയുമാണ്. 4.44 രൂപ അധികം. ഡീസൽ പ്രീമിയത്തിന് 87.08 രൂപയാണ് വില. നോർമൽ ഡീസൽ വില 83.72 രൂപയാണ്. ലിറ്ററിന് 3.36 രൂപ അധികം കൊടുക്കണം. കേരളത്തിൽ 106.27 രൂപയാണ് ഒരുലിറ്റർ പെട്രോളിന് വില. വിദൂര പ്രദേശങ്ങളിൽ നിന്നും വാഹനവുമായി ഫുൾ ടാങ്ക് ഇന്ധനമടിക്കുവാൻ എത്തുന്നവർക്ക് വില കൂടുതലുള്ള പ്രീമിയം ഇന്ധനങ്ങൾ അടിച്ചേൽപ്പിക്കുന്നത് പതിവാണ്.

ആംബുലൻസ് പോലുള്ള അത്യാവശ്യ സർവിസ് നടത്തുന്നവർ കൃത്യമായി പണവുമായി പമ്പിൽ കയറിയാൽ വില കൂടിയ ഇന്ധനം അടിക്കുവാൻ നിർബന്ധിതരായാൽ അത്യാസന്ന നിലയിലുള്ള രോഗികളേയും കൊണ്ട് മറ്റു കമ്പനികളുടെ പെട്രോൾ പമ്പുകളിൽ കയറിയിറങ്ങേണ്ട അവസ്ഥയാണ്. ഐ.ഒ.സി കമ്പനിയുമായി മാഹിയിലെ പമ്പുകൾ ഓട്ടോമേഷൻ സിസ്റ്റം നില നിൽക്കുന്നതിനാൽ ഡിപ്പോയിൽ നിന്ന് നേരിട്ട് പമ്പുകളിലെ നോർമൽ പെട്രോൾ, ഡീസൽ യൂനിറ്റുകൾ തടസ്സപ്പെടുത്തി വെയ്ക്കുന്നതായും ആരോപണമുണ്ട്.

പ്രീമിയം എടുത്തില്ലെങ്കിൽ നോർമൽ പെട്രോളും ഡീസലും കമ്പനി നൽകാത്ത അവസ്ഥയാണെന്ന് പെട്രോൾ പമ്പ് ഡീലർമാരും സൂചിപ്പിക്കുന്നു. കമ്പനി നിർബന്ധം കാരണം ഡീലർമാർ വില കൂടിയ ഉത്പന്നങ്ങൾ എടുക്കുകയാണ്. ആവശ്യക്കാർ കുറവായതിനാൽ പമ്പുകളിലെ ഭൂഗർഭ അറയിൽ പ്രീമിയം ഉൽപന്നങ്ങൾ കെട്ടിക്കിടക്കുന്ന അവസ്ഥയാണ്.

ഇതോടെ മാഹി മേഖലയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം, ഭാരത് പെട്രോളിയം എന്നീ കമ്പനികളുടെ പമ്പുകളിൽ വൻ തിരക്കാണനുഭവപ്പെടുന്നത്. മാഹിയിലെ ഇന്ത്യൻ ഓയിൽ പമ്പുകളിൽ മറ്റു കമ്പനികളെ അപേക്ഷിച്ച് വ്യാപാരം കുറഞ്ഞു വരുന്നതായും സൂചനയുണ്ട്. ഐ.ഒ.സിയുടെ ഈ നയത്തിനെതിരെ മാഹി റീജനൽ അഡ്മിനിസ്ട്രേറ്റർക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് ഉപഭോക്താക്കൾ.

Tags:    
News Summary - Artificial fuel scarcity creating in mahe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.