സി.പി.ഐയെ പുകഴ്ത്തി ലേഖനം: കെ.പി.എ. മജീദിനെ പിന്തുണച്ച് കുഞ്ഞാലിക്കുട്ടിയും പി.എം.എ. സലാമും

കോഴിക്കോട്: സി.പി.ഐയെ പരോക്ഷമായി മുന്നണിയിലേക്ക് ക്ഷണിച്ച് ചന്ദ്രിക പത്രത്തിൽ ലേഖനം എഴുതിയ മുസ്ലിം ലീഗ് ദേശീയ ഉപാധ്യക്ഷൻ കെ.പി.എ. മജീദിനെ തള്ളാതെ മുതിർന്ന നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടിയും പി.എം.എ. സലാമും. "ചരിത്രത്തിൽ എന്താ സംഭവിച്ചുകൂടാത്തത്?" എന്നായിരുന്നു ഇതുസംബന്ധിച്ച ചോദ്യത്തിന് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ മറുപടി. സി.പി.ഐ, മുസ്ലിം ലീഗ്, കോൺഗ്രസ് ഒന്നിച്ചിരുന്നപ്പോൾ നല്ല കാലമായിരുന്നു.

സി.പി.ഐയെ മുന്നണിയിലേക്ക് ക്ഷണിക്കുന്നതിനെക്കുറിച്ച് പാർട്ടിയിൽ ചർച്ച നടന്നിട്ടില്ല. അക്കാര്യങ്ങളെക്കുറിച്ച് ചർച്ച നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. എൽ.ഡി.എഫിൽ തങ്ങൾ പൊരിവെയിലത്താണോ തണലത്താണോ ഉള്ളതെന്ന് ചിന്തിക്കേണ്ടത് സി.പി.ഐയാണെന്നും ഞങ്ങളുടെ അഭിപ്രായത്തിൽ അവരിപ്പോൾ പൊരിവെയിലത്താണ് നിൽക്കുന്നതെന്നും പി.എം.എ. സലാമും കോഴിക്കോട് പറഞ്ഞു. ചന്ദ്രികയിലെ ലേഖനം ഏതെങ്കിലും പാർട്ടിയെ ക്ഷണിക്കുന്നതല്ല. "ക്ഷണം" എന്ന വാക്ക് ലേഖനത്തിൽ ഇല്ല. ഇടതുമുന്നണിയിൽ സി.പി.ഐ അനുഭവിക്കുന്ന അവഗണനയാണ് ലേഖനത്തിലുള്ളത്.

സി.പി.ഐയുടെ പഴയ പ്രതാപവും മുസ്ലിം ലീഗുമായുള്ള സഖ്യകാലത്തെ നേട്ടവുമാണ് ലേഖനത്തിലുള്ളത്. യു.ഡി.എഫിലേക്ക് സി.പി.ഐയെ ക്ഷണിക്കേണ്ട ആവശ്യം ഇപ്പോൾ ഇല്ലെന്നും സലാം പറഞ്ഞു. നിലവിൽ അങ്ങനെ ഒരു ചർച്ചയും നടക്കുന്നില്ല. യു.ഡി.എഫിലേക്ക് ഒരു രാഷ്ട്രീയ പാർട്ടിയെയും ഞങ്ങൾ ഇപ്പോൾ ക്ഷണിച്ചിട്ടില്ലെന്നും സലാം വ്യക്തമാക്കി. മുസ്ലിം ലീഗും മതസംഘടനകളും തമ്മിൽ തർക്കമില്ലെന്നും അദ്ദേഹം പറഞ്ഞു. മതസംഘടനകളുടെ കാര്യത്തിൽ ലീഗ് ഇടപെടാറില്ലെന്നും സമസ്ത തർക്കവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കുള്ള മറുപടിയായി സലാം വ്യക്തമാക്കി

Tags:    
News Summary - Article praising CPI- Kunhalikutty and PMA Salam support KPA Majeed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.