ഗർഭാശയഗള കാൻസർ പ്രതിരോധം; ജില്ലയിൽ 86.64 ശതമാനം വാക്സിനേഷൻ പൂർത്തിയായി

കൊല്ലം: ഗർഭാശയഗള കാൻസറിനെ പ്രതിരോധിക്കുന്നതിനായി 14 പൂർത്തിയായി 15 വയസ്സ് വരെയുള്ള പെൺകുട്ടികൾക്ക് സർക്കാർ സൗജന്യമായി എച്ച്.പി.വി വാക്സിൻ നൽകുന്ന കാമ്പയിനിന്റെ ഭാഗമായി ജില്ലയിൽ 86.64 ശതമാനം വാക്സിനേഷൻ പൂർത്തിയായി. ആഗസ്റ്റ് 25 വരെയുള്ള കണക്ക് പ്രകാരം, ജില്ലയിൽ 16,787 പെൺകുട്ടികൾക്ക് ആശുപത്രികളിലും സ്കൂളുകളിലുമായി എച്ച്.പി.വി വാക്സിൻ നൽകി.

സ്വകാര്യ മേഖലയിൽ ഏകദേശം 4,000 രൂപ വരെ വിലവരുന്ന വാക്സിൻ ആഗസ്റ്റ് 31 വരെ സൗജന്യമായി ലഭിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. എ.എൽ. ഷീജ അറിയിച്ചു. ഇതുവരെ വാക്സിൻ സ്വീകരിച്ചിട്ടില്ലാത്ത അർഹരായ പെൺകുട്ടികളുടെ മാതാപിതാക്കൾ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി വാക്സിനേഷൻ ഉറപ്പാക്കണം. ശേഷിക്കുന്ന അർഹരായ പെൺകുട്ടികൾക്കും വാക്സിൻ ലഭ്യമാക്കി വാക്സിനേഷൻ ലക്ഷ്യം പൂർണമായി കൈവരിക്കാനുള്ള പ്രവർത്തനങ്ങൾ ജില്ലയിൽ ഊർജിതമായി തുടരുകയാണ്.

എച്ച്.പി.വി അണുബാധയാണ് ഗർഭാശയഗള കാൻസറിന്റെ പ്രധാന കാരണങ്ങളിലൊന്ന്. കൃത്യമായ പ്രായത്തിൽ വാക്സിൻ സ്വീകരിക്കുന്നത് ഭാവിയിൽ എച്ച്.പി.വി മൂലമുണ്ടാകുന്ന രോഗങ്ങളും ഗർഭാശയഗള കാൻസറും തടയാനുള്ള പ്രധാന പ്രതിരോധ നടപടിയാണെന്ന് ഡി.എം.ഒ പറഞ്ഞു.

31 വരെ എല്ലാ സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലും വാക്സിൻ ലഭിക്കും. അർഹരായ പെൺകുട്ടികളുടെ മാതാപിതാക്കൾ സമീപത്തെ സർക്കാർ ആശുപത്രിയുമായോ കുടുംബാരോഗ്യ കേന്ദ്രവുമായോ ആരോഗ്യപ്രവർത്തകരുമായോ ബന്ധപ്പെട്ട് വാക്സിനേഷൻ സംബന്ധിച്ച വിവരങ്ങൾ മനസ്സിലാക്കി വാക്സിൻ സ്വീകരിക്കണമെന്ന് ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു.

Tags:    
News Summary - 86.64% Cervical Cancer Vaccination Completed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.