തിരുവനന്തപുരം: ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്കെതിരെ അതിരൂക്ഷ വിമർശനങ്ങളടങ്ങിയ മുഖവാരികയായ കേസരി ലേഖനത്തോടെ, വോട്ടുബാങ്ക് ലക്ഷ്യമിട്ടുള്ള ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ അനുനയ ലൈൻ ആർ.എസ്.എസ് പരസ്യമായി തള്ളിയെന്ന് വ്യക്തമാകുന്നു. കന്യാസ്ത്രീ അറസ്റ്റിലടക്കം രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ ഒരുവിഭാഗം നേതാക്കളുടെ നിലപാടുകൾ ഹിന്ദു ഐക്യവേദി തുടക്കം മുതൽ തുറന്നെതിർത്തിരുന്നു.
ബി.ജെ.പി നേതൃത്വം അറസ്റ്റിനെ തള്ളാതെയും കൊള്ളാതെയും അയഞ്ഞ നിലപാട് സ്വീകരിച്ചപ്പോൾ ഇത് ‘മൃദുനയ’മെന്നായിരുന്നു ആർ.എസ്.എസിന്റെയും ഹിന്ദു ഐക്യവേദിയുടെയും നിലപാട്. എന്നാൽ വിയോജിപ്പുകൾക്കിടയിലും ജയിലിലെത്തിയും കന്യാസ്ത്രീകളെ സന്ദർശിച്ചുമെല്ലാം അനുനയനീക്കങ്ങൾക്കായിരുന്നു സംസ്ഥാന അധ്യക്ഷന്റെ ശ്രമം. എന്നാൽ ഇതിനെല്ലാം ശേഷവും ‘ആഗോള മതപരിവർത്തനത്തിന്റെ നാൾവഴികൾ’ എന്നപേരിൽ ഛത്തിസ്ഗഢിലെ അറസ്റ്റടക്കം ന്യായീകരിക്കുകയും ക്രൈസ്തവ രാജ്യം സ്ഥാപിക്കാൻ ശ്രമമുണ്ടെന്ന് ആരോപിക്കുകയും ചെയ്യുന്ന വിവാദ ലേഖനം മുഖവാരികയായ കേസരിയിൽ പ്രത്യക്ഷപ്പെട്ടതാണ് ആർ.എസ്.എസ് രാജീവ് ചന്ദ്രശേഖറിനെ തള്ളിയെന്ന കൃത്യമായ സൂചനകൾ നൽകുന്നത്.
തൃശൂർ തെരഞ്ഞെടുപ്പ് വിജയവും കേരളത്തിലെ പ്രത്യേക സാഹചര്യവും മുൻനിർത്തി ക്രൈസ്തവ വിരുദ്ധ ഉള്ളടക്കങ്ങളുള്ള ‘ഓർഗനൈസറി’ന്റെ ഡിജിറ്റൽ പകർപ്പുകൾ പിൻവലിച്ചതടക്കം സംഘപരിവാർ വലിയ കരുതൽ പുലർത്തിയിരുന്നിടത്താണ് ഛത്തിസ്ഗഢിന് ശേഷം മലയാളത്തിൽ തന്നെ തുറന്നെഴുതിയിരിക്കുന്നത്.
സംസ്ഥാന ബി.ജെ.പിയാകട്ടെ, ഛത്തിസ്ഗഢിലെ കന്യാസ്ത്രീകളുടെ അറസ്റ്റോടെ പ്രതിസന്ധിയിലായെങ്കിൽ, കേസരി ലേഖനത്തോടെ കൂടുതൽ പ്രതിരോധത്തിലുമായി. അറസ്റ്റ് മറ്റൊരു സംസ്ഥാനത്താണെന്ന പിടിവള്ളിയുണ്ടായിരുന്നെങ്കിൽ കേരളത്തിൽ പുറത്തിറങ്ങുന്ന സംഘപരിവാർ മുഖമാസികയിലാണ് ലേഖനമെന്നത് സംസ്ഥാന നേതൃത്വത്തെ കൂടുതൽ വെട്ടിലുമാക്കുന്നു. ഇതിനിടെ കേസരിയിലെ ലേഖനത്തെ ബി.ജെ.പിക്കെതിരെ ആയുധമാക്കാനൊരുങ്ങുകയാണ് കോൺഗ്രസ്.
ചായമെത്ര തേച്ചാലും നീലക്കുറുക്കന് കൂവാതിരിക്കാൻ കഴിയില്ലെന്നത് പോലെയാണ് സംഘപരിവാറിന്റെ ക്രൈസ്തവ സ്നേഹമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ തുറന്നടിച്ചു. ഛത്തിസ്ഗഢിൽ അന്യായമായി തടങ്കലിലാക്കപ്പെട്ട കന്യാസ്ത്രീകൾ മോചിതരായപ്പോൾ അവർക്കൊപ്പം പോയിനിന്ന് ഫോട്ടോയെടുത്ത ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ അടക്കമുള്ളവരുടെ യഥാർഥ മുഖമാണ് അനാവരണം ചെയ്യപ്പെട്ടത്.
കേരളത്തിൽ കേക്കുമായി ക്രൈസ്തവ ഭവനങ്ങൾ കേറിനടക്കുന്ന ബി.ജെ.പിയുടേതെന്ന് നിലപാടറിയാൻ താൽപര്യമുണ്ടെന്നും വേണുഗോപാൽ വ്യക്തമാക്കി. ബി.ജെ.പി നേതൃത്വം ഈ ലേഖനത്തെ തള്ളിപ്പറയാൻ തയാറാണോ എന്നതായിരുന്നു രമേശ് ചെന്നിത്തലയുടെ ചോദ്യം. വിഷയത്തിൽ പ്രതികരിക്കാൻ ഇതുവരെയും ബി.ജെ.പി നേതൃത്വം തയാറായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.