കോഴിക്കോട്: കുഴൽപണ കേസിൽ പ്രതിസ്ഥാനത്ത് നിൽക്കുന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന് ഇത് കാലം കാത്തുവെച്ച പ്രതിഫലമാണെന്ന് കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെ മകൻ അർജുൻ രാധാകൃഷ്ണൻ. രാഷ്ട്രീയ നേതാക്കളെ രാഷ്ട്രീയമായി നേരിടാതെ അവരെക്കുറിച്ചും, അവരുടെ മക്കളെ കുറിച്ചു പോലും കള്ളക്കഥകൾ മെനഞ്ഞുണ്ടാക്കി അപമാനിക്കുന്നതിൽ ഒന്നാം സ്ഥാനത്തുള്ളയാളാണ് കെ. സുരേന്ദ്രൻ. ഇപ്രകാരം ചെയ്യുമ്പോൾ അവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഉണ്ടായേക്കാവുന്ന മാനസിക സമ്മർദ്ദങ്ങളെ കുറിച്ച് ആരും ആലോചിക്കാറുണ്ടാകില്ല -അർജുൻ രാധാകൃഷ്ണൻ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു. 

"നിത്യവും ചെയ്യുന്ന കർമ്മ ഗുണഫലം
കർത്താവൊഴിഞ്ഞു താൻ അന്യൻ ഭുജിക്കുമോ
താന്താൻ നിരന്തരം ചെയുന്ന കർമ്മങ്ങൾ
താന്താൻ അനുഭവിച്ചീടുകെന്നേ വരൂ" - എന്ന രാമായണത്തിലെ വരികൾ ആണ് സുരേന്ദ്രന്‍റെ ഇപ്പോഴത്തെ അവസ്ഥ കാണുമ്പോൾ തനിക്ക് ഓർമ്മ വരുന്നത്.

2013ൽ എന്‍റെ അച്ഛൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ ആഭ്യന്തര മന്ത്രി ആയിരുന്നപ്പോൾ ഇദ്ദേഹം എനിക്ക് എതിരെ നട്ടാൽ കുരുക്കാത്ത കെട്ടുകഥകൾ മാധ്യമങ്ങളിൽ അഴിച്ചു വിട്ടത് കുറച്ചു പേരെങ്കിലും ഓർക്കുന്നുണ്ടാകും. ഗുജറാത്തിൽ എനിക്ക് എന്തൊക്കെയോ ബിസിനസ് ഉണ്ടെന്നും അവിടുത്തെ മന്ത്രിമാരുമായി ഞാൻ ചർച്ച നടത്തിയെന്നും ഉള്ള ആരോപണങ്ങളിൽ യാഥാർഥ്യത്തിന്‍റെ ഒരു കണിക പോലുമില്ല എന്ന് അദ്ദേഹത്തിന് നന്നായി അറിയാമായിരുന്നു എങ്കിലും എന്നെ സംശയത്തിന്‍റെ നിഴലിൽ നിർത്തി ആഭ്യന്തര മന്ത്രി ആയിരുന്ന എന്‍റെ അച്ഛനെ ഒരു ദിവസമെങ്കിലും പ്രതിരോധത്തിലാക്കാൻ അദ്ദേഹത്തിന്‍റെ വളഞ്ഞ ബുദ്ധി ഉപയോഗിച്ചു. അന്ന് അത് എത്ര പേരെ മാനസികമായി തളർത്തി എന്ന് അദ്ദേഹത്തിന് അറിവുണ്ടാകാൻ വഴിയില്ല.

കാലം കരുതി വെച്ച പ്രതിഫലമാണ് ഇന്ന് അദ്ദേഹം നേരിടുന്ന ഈ പ്രതിസന്ധികളെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. ഇനിയെങ്കിലും താത്ക്കാലിക നേട്ടങ്ങൾക്കായി വായിൽ വരുന്നത് വിളിച്ചു പറയുന്ന ശീലം അവസാനിപ്പിക്കാൻ സുരേന്ദ്രന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നുവെന്നും അർജുൻ രാധാകൃഷ്ണൻ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു. Full View

Tags:    
News Summary - arjun radhakrishnans facebook post on k surendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.