അർജുൻ ആയങ്കി

‘പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കൂ...കൊടുക്കാനുള്ളത് സമയത്ത് തന്നെ കൊടുക്കും’; ഒളിവിലിരുന്നും പൊലീസിനെ ഭീഷണിപ്പെടുത്തി അർജുൻ ആയങ്കി

കണ്ണൂര്‍: പൊലീസിനെ വെല്ലുവിളിച്ച് വീണ്ടും അർജുൻ ആയങ്കി. ഊന്നുകല്‍ സി.ഐക്കെതിരെയാണ് ഒളിവിലിരുന്ന് ആയങ്കിയുടെ വെല്ലുവിളി. കേസില്‍ മുൻ‌കൂർ ജാമ്യമെടുത്തിട്ടേ വരൂവെന്നും പറ്റുമെങ്കില്‍ പിടിക്കാനുമാണ് ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ വെല്ലുവിളിച്ചിരിക്കുന്നത്.

നേരത്തെ കോതമംഗലം സി.ഐയെയും സമൂഹമാധ്യമങ്ങളിലൂടെ ആയങ്കി ഭീഷണിപ്പെടുത്തിയിരുന്നു. കീഴടങ്ങാന്‍ ആയിരുന്നു താന്‍ ആദ്യം ഉദ്ദേശിച്ചത്. അപ്പോള്‍ തന്റെ സുഹൃത്തുക്കളുടെ ലൊക്കേഷന്‍ കണ്ടെത്തി ഭീഷണിപ്പെടുത്തുന്നു. ഹൈകോടതിയില്‍ നിര്‍ത്തണമെന്നായിരുന്നു കരുതിയത്. എന്നാല്‍ ഇനി ജാമ്യം എടുത്തിട്ടെ താന്‍ പുറത്ത് വരൂ എന്നും അര്‍ജുന്‍ ആയങ്കി പൊലീസിന് നേരെ ഭീഷണി മുഴക്കുന്നുണ്ട്. വാട്‌സ് ആപ്പിലൂടെ പൊലീസ് ഉദ്യോഗസ്ഥനുമായി നടത്തിയ ചാറ്റും തന്റെ വെല്ലുവിളി സന്ദേശവും അർജുൻ ആയങ്കി തന്നെ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.

പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കൂ, കള്ളക്കേസിൽ കുടുക്കിയതിന് കൊടുക്കാനുള്ളത് സമയത്ത് തന്നെ കൊടുക്കും, താന്‍ ഒരുപാട് പോലീസുകാരെ കണ്ടിട്ടുണ്ട്, നീയൊന്നും കാക്കി യൂനിഫോം ഇടാൻ അർഹനല്ലെന്നും അര്‍ജുന്‍ ആയങ്കി വെല്ലുവിളിക്കുന്നുണ്ട്. കോതമംഗലം സി.ഐയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈകോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. സംഘടിത കുറ്റകൃത്യത്തിന് ഗൂഢാലോചന നടത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയായിരുന്നു കോതമംഗലം സി.ഐയെ ആയങ്കി ഭീഷണിപ്പെടുത്തിയത്.

സമാധാനമായി പെന്‍ഷന്‍ വാങ്ങി ശിഷ്ടജീവിതം നയിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു ഭീഷണി. കഴിഞ്ഞ മെയ് മാസമാണ് സംഘടിത കുറ്റകൃത്യത്തിനായി ഗൂഢാലോചന നടത്തി എന്ന കേസില്‍ സുഹൃത്തിന്റെ വിവാഹത്തിനെത്തിയ അര്‍ജുന്‍ ആയങ്കിയേയും സുഹൃത്തുക്കളായ ആറ് പേരെയും കോതമംഗലം എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടുന്നത്. പിന്നാലെ 21 ദിവസം ജയില്‍ കിടന്നശേഷമാണ് പുറത്തിറങ്ങിയത്. കോതമംഗലം എസ്.ഐയെ ഭീഷണിപ്പെടുത്തിയതിനാണ് ഊന്നുകല്‍ പൊലീസ് കേസെടുത്തത്.

കേസ് ഗൗരവമുള്ളതാണെന്നും കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും ഹൈകോടതി നിരീക്ഷിച്ചിരുന്നു. തുടര്‍ന്നാണ് അര്‍ജുനെ അറസ്റ്റ് ചെയ്യാനുള്ള തീരുമാനത്തിലേക്ക് ഊന്നുകല്‍ സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം എത്തിയത്. പിന്നാലെ താന്‍ കീഴടങ്ങാം എന്ന് സി.ഐക്ക് അര്‍ജുന്‍ മെസേജ് അയച്ചിരുന്നു. ഇതിനിടെയാണ് സുഹൃത്തുക്കളെ വേട്ടയാടുന്നു എന്ന് ആരോപിച്ച് ഇപ്പോള്‍ ഭീഷണി സന്ദേശം അയച്ചിരിക്കുന്നത്.

ഭീഷണി ശ്രദ്ധയിൽ പെട്ടെന്നും പരിശോധിക്കുകയാണെന്നും പൊലീസ് അറിയിച്ചു. സ്വർണ കവർച്ചയടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് അർജുൻ ആയങ്കി.

Tags:    
News Summary - Arjun Ayanki challenges the police again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.