തൊടുപുഴ: ഇടുക്കിയിൽനിന്ന് പിടിച്ച് പെരിയാർ വന്യജീവി സങ്കേതത്തിൽ തുറന്നുവിട്ട അരിക്കൊമ്പൻ ചിന്നക്കനാലിൽ തിരിച്ചെത്തുമെന്നും ഇല്ലെന്നും ചർച്ചകൾ മുറുകുന്നതിനിടെ നിരീക്ഷണം ശക്തമാക്കി വനം വകുപ്പ്. കേരള-തമിഴ്നാട് അതിർത്തി വനമേഖല കേന്ദ്രീകരിച്ച് നീങ്ങുന്ന ആനയുടെ ഓരോ നീക്കവും വനം വകുപ്പ് നിരീക്ഷിക്കുന്നുണ്ട്.
കഴിഞ്ഞദിവസം തമിഴ്നാട് വനത്തിലെ വട്ടത്തൊട്ടി വരെ സഞ്ചരിച്ച ആന തിരികെ പെരിയാർ സങ്കേതത്തിലെ മേദകാനം ഭാഗത്തേക്ക് നീങ്ങുന്നതായാണ് സൂചന. മേദകാനത്തുനിന്ന് 20 കിലോമീറ്ററിലധികം സഞ്ചരിച്ചാണ് അരിക്കൊമ്പൻ തിമിഴ്നാട് വനമേഖലയിലെത്തിയത്. തമിഴ്നാട്ടിലെ മേഘമല, അപ്പർ മണലാർ, രാജപാളയം എന്നിവിടങ്ങൾ പിന്നിട്ട് ശ്രീവല്ലിപുത്തൂർ വനമേഖലയിലെത്താം. സഞ്ചാരം മറുവശത്തേക്കാണെങ്കിൽ തമിഴ്നാട് വനമേഖലയിലൂടെ ചെല്ലാർകോവിലും കമ്പംമെട്ടും ബോഡിമെട്ടും പിന്നിട്ട് ചിന്നക്കനാലിലും എത്താം.
എന്നാൽ, അരിക്കൊമ്പന് അനുയോജ്യമായ ജീവിതസാഹചര്യങ്ങളുള്ളതിനാൽ ചിന്നക്കനാലിൽ തിരിച്ചെത്താൻ സാധ്യത കുറവാണെന്നാണ് വിദഗ്ധ സമിതി അംഗം ഡോ. പി.എസ്. ഈസ പറയുന്നത്. പറമ്പിക്കുളത്തേക്കാൾ മികച്ച സൗകര്യം പെരിയാറിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. തിരിച്ചെത്തിയാൽ പടക്കം പൊട്ടിച്ചോ മറ്റോ തിരിച്ച് കയറ്റാനുള്ള നടപടികളും വനം വകുപ്പ് ആലോചിക്കുന്നുണ്ട്. അരിക്കൊമ്പനെ നിരീക്ഷിക്കാൻ വിപുല സംവിധാനങ്ങളാണ് വനം വകുപ്പ് ഒരുക്കിയിട്ടുള്ളത്.
ആനയുടെ കഴുത്തിൽ ഘടിപ്പിച്ചിട്ടുള്ള ജി.പി.എസ് കോളർ 26 ഉപഗ്രഹങ്ങളുമായി ബന്ധിപ്പിച്ചിട്ടുണ്ട്. തമ്പടിച്ചിരിക്കുന്ന സ്ഥലം, സഞ്ചാരപഥം എന്നിവ സംബന്ധിച്ച വിവരങ്ങൾ ഓരോ മണിക്കൂർ ഇടവിട്ട് റേഡിയോ കോളറിൽനിന്ന് ലഭിക്കും. മേഘാവൃതഅന്തരീക്ഷമുള്ളപ്പോഴും ആന ഇടതൂർന്ന വനത്തിൽ എത്തുമ്പോഴും സിഗ്നലുകൾ താൽക്കാലികമായി നഷ്ടപ്പെടും. വൈകാതെ ഇത് പുനരാരംഭിക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.