ഫയൽ ഫോട്ടോ

കുമളി: അരിക്കൊമ്പൻ പെരിയാർ കടുവാസങ്കേതത്തിൽ തിരികെയെത്തിയതായി വനംവകുപ്പ്. പിടികൂടി തുറന്നുവിട്ട പെരിയാർ കടുവാസങ്കേതത്തിലെ മുല്ലക്കൊടി സീനിയറോട ഭാഗത്തേക്ക് ആന തിരികെയെത്തിയതായി വനംവകുപ്പ് അധികൃതർ പറഞ്ഞു. നേരത്തെ, ഇവിടെനിന്ന് തമിഴ്നാട് മേഘമല ഭാഗത്തേക്ക് അരിക്കൊമ്പൻ കടന്നിരുന്നു. നാല് ദിവസം മുമ്പാണ് തിരികെ കേരള വനമേഖലയിലേക്ക് കടന്നത്.

തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് അരിക്കൊമ്പൻ തിരികെയെത്തിയത് ഇരു സംസ്ഥാനങ്ങളിലെയും വനംവകുപ്പിന് ആശ്വാസമായിരിക്കുകയാണ്. മേഘമലയിൽ അരിക്കൊമ്പൻ ജനവാസ മേഖലയിലേക്ക് ഇറങ്ങിയതിനെ തുടർന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും സഞ്ചാരികൾക്ക് നിയന്ത്രണമേർപ്പെടുത്തുകയും നിരീക്ഷണത്തിന് സംഘത്തെ നിയോഗിക്കുകയും ചെയ്തിരുന്നു. പെരിയാറിൽ തുറന്നുവിട്ട ആന തമിഴ്നാട്ടിലേക്ക് കടന്നത് കേരള വനംവകുപ്പിനും തലവേദനയായി.

മേഘമലയിൽ കൃഷിയിടത്തിലേക്ക് ഇറങ്ങിയ ആനയെ വനംവകുപ്പും നാട്ടുകാരും ചേർന്നാണ് കാട്ടിലേക്ക് മടക്കിയത്. രാത്രിയിൽ പുറത്തിറങ്ങരുതെന്ന് പ്രദേശവാസികൾക്ക് മുന്നറിയിപ്പും നൽകിയിരുന്നു. പിന്നീട് ഇവിടെ ഒരു കടയും ആന തകർക്കുകയുണ്ടായി. അരിക്കൊമ്പന്‍റെ സാന്നിധ്യം കാരണം പ്രദേശത്തുകൂടെയുള്ള ബസ് സർവിസും നിർത്തിയിരുന്നു.

ഇടുക്കി ചിന്നക്കനാൽ മേഖലയിൽ വ്യാപക നാശനഷ്ടമുണ്ടാക്കുകയും നിരവധി പേരെ കൊലപ്പെടുത്തുകയും ചെയ്ത അരിക്കൊമ്പനെ ഏപ്രിൽ 29നാണ് മയക്കുവെടി വെച്ച് പിടികൂടിയത്. തുടർന്ന് ജി.പി.എസ് കോളർ ഘടിപ്പിച്ച് പെരിയാർ കടുവാ സങ്കേതത്തിൽ തുറന്നുവിടുകയായിരുന്നു. 

ചിന്നക്കനാലിൽ ‘അരിക്കൊമ്പൻ ഫ്രണ്ട്സ് ടീ സ്റ്റാൾ’

കുമളി: അരിക്കൊമ്പനെ പിടികൂടിയ ചിന്നക്കനാലിൽ ആനയുടെ പേരിൽ ചായക്കട ആരംഭിച്ചു. വനംവകുപ്പ് വാച്ചറായിരുന്ന രഘുവാണ് തന്‍റെ ചായക്കടക്ക് ‘അരിക്കൊമ്പൻ ഫ്രണ്ട്സ് ടീ സ്റ്റാൾ’ എന്ന് പേര് നൽകിയത്. പൂപ്പാറ ഗാന്ധിനഗറിൽ ദേശീയപാതയോരത്താണ് കട.

അരിക്കൊമ്പനെ സ്നേഹിക്കുന്ന നിരവധി പേർ ചിന്നക്കനാലിലും ശാന്തൻപാറയിലുമുണ്ട്. വിവിധ ഭാഗങ്ങളിൽ അരിക്കൊമ്പന്‍റെ ഫ്ലെക്സുകൾ നേരത്തെ പ്രത്യക്ഷപ്പെട്ടിരുന്നു. അണക്കരയിലെ ഓട്ടോ ഡ്രൈവർമാർ അരിക്കൊമ്പൻ ഫാൻസ് എന്ന പേരിൽ ബോർഡ് സ്ഥാപിച്ചിരുന്നു. കാറിലും ബസിലുമടക്കം അരിക്കൊമ്പൻ എന്ന് എഴുതി ചേർത്തതും വാർത്തയായിരുന്നു.

Tags:    
News Summary - Arikkomban returned to Periyar tiger reserve

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.