തിരുവനന്തപുരം: സർവകലാശാല വൈസ് ചാൻസലർ നിയമനത്തിനുള്ള സെർച് കം സെലക്ഷൻ കമ്മിറ്റിയിൽ സർക്കാറിന് ഭൂരിപക്ഷം ഉറപ്പാക്കുന്ന ഭേദഗതികളോടെ നിയമസഭയിൽ ബിൽ കൊണ്ടുവരാൻ സർക്കാർ തീരുമാനം. കരട് ബില്ലിന് ചൊവ്വാഴ്ച ചേർന്ന മന്ത്രിസഭ യോഗം അംഗീകാരം നൽകി. സെർച് കമ്മിറ്റിയിലെ അംഗങ്ങളുടെ എണ്ണം മൂന്നിൽനിന്ന് അഞ്ചാക്കി ഉയർത്തിയാണ് വി.സി നിയമനത്തിൽ സർക്കാർ നിയന്ത്രണം ഉറപ്പാക്കുന്നത്. നിലവിലെ മൂന്നംഗ സെർച് കമ്മിറ്റിയിലേക്ക് സർക്കാർ പ്രതിനിധിയെയും ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനെയുംകൂടി ഉൾപ്പെടുത്തി അഞ്ചംഗ സമിതിയാക്കുന്ന രീതിയിലാണ് നിയമഭേദഗതി.
ചാൻസലറുടെ പ്രതിനിധിയെ സർക്കാർ ശിപാർശ പ്രകാരം നിയമിക്കണമെന്ന നിർദേശം ഒഴിവാക്കും. സെർച് കമ്മിറ്റിയിൽ ഭൂരിപക്ഷം അംഗങ്ങളും മുന്നോട്ടുവെക്കുന്ന പാനൽ ഔദ്യോഗിക പാനലായി മാറുകയും അതുമാത്രം വി.സി നിയമനത്തിന് ചാൻസലറായ ഗവർണർക്ക് അയക്കുകയും ചെയ്യുന്ന ഭേദഗതി കൊണ്ടുവരും. രണ്ട് പുതിയ പ്രതിനിധികളെ കൊണ്ടുവരുന്നതോടെ സെർച് കമ്മിറ്റിയിൽ സർക്കാർ താൽപര്യത്തിന് ഭൂരിപക്ഷമാകുകയും ഇവർ മുന്നോട്ടുവെക്കുന്ന പാനൽ ഔദ്യോഗിക പാനലായി മാറുകയും ചെയ്യും.
നിലവിൽ ചാൻസലറുടെ പ്രതിനിധിക്ക് പുറമെ സർവകലാശാല പ്രതിനിധിയും യു.ജി.സി പ്രതിനിധിയുമാണ് സെർച് കമ്മിറ്റി അംഗങ്ങൾ. ഇതിൽ സർവകലാശാല പ്രതിനിധി സർക്കാർ താൽപര്യത്തിനൊപ്പം നിൽക്കുന്നതോടെ സമിതിയിൽ സർക്കാറിന് അഞ്ചിൽ മൂന്ന് ഭൂരിപക്ഷമാകും. ഇവർ മുന്നോട്ടുവെക്കുന്ന പാനൽ മാത്രം ഗവർണറുടെ പരിഗണനക്ക് അയക്കുകയും ചെയ്യാം. ഈ പാനലിൽനിന്ന് വി.സിയെ നിയമിക്കാൻ ഗവർണർ നിർബന്ധിതനാകുകയും ചെയ്യും.
നിലവിൽ മൂന്നംഗ സെർച് കമ്മിറ്റിക്ക് ഐകകണ്ഠ്യേനയോ വെവ്വേറെയോ പാനൽ സമർപ്പിക്കാം. ഇതിൽനിന്ന് ഗവർണർക്ക് വി.സിയെ നിയമിക്കാം. സർക്കാർ മുന്നോട്ടുവെക്കുന്ന നിയമഭേദഗതിയോടെ ചാൻസലറുടെ പ്രതിനിധിയും യു.ജി.സി പ്രതിനിധിയും വ്യത്യസ്ത പാനൽ മുന്നോട്ടുവെച്ചാലും ഗവർണറുടെ മുന്നിലെത്താതെ അപ്രസക്തമാകും. നിയമഭേദഗതി നിയമസഭ പാസാക്കിയാലും ഗവർണർ ഒപ്പുവെക്കുമോ എന്നത് നിർണായകമാണ്.
നേരത്തേ വി.സി നിയമനത്തിൽ ഗവർണറുടെ അധികാരം കവരുന്നരീതിയിൽ ഓർഡിനൻസ് കൊണ്ടുവരാൻ സർക്കാർ തീരുമാനിച്ചത് 'മാധ്യമം' റിപ്പോർട്ട് ചെയ്തതോടെയാണ് പുറത്തുവന്നത്. തൊട്ടുപിന്നാലെ സർവകലാശാല പ്രതിനിധിയെ ഒഴിച്ചിട്ട് ഒഴിവുവരുന്ന കേരള വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി രൂപവത്കരിച്ച് രാജ്ഭവൻ അപ്രതീക്ഷിത നീക്കം നടത്തിയിരുന്നു. പുതുക്കാൻ മന്ത്രിസഭ അംഗീകാരം നൽകി അയച്ച ലോകായുക്ത നിയമഭേദഗതി ഉൾപ്പെടെ 11 ഓർഡിനൻസുകളിൽ ഗവർണർ ഒപ്പുവെക്കാൻ തയാറായതുമില്ല. ഇതോടെയാണ് ഓർഡിനൻസുകൾ നിയമമാക്കാൻ ഈ മാസം 22 മുതൽ പ്രത്യേക നിയമസഭ സമ്മേളനം വിളിക്കാൻ സർക്കാർ തീരുമാനിച്ചത്. ഇതോടൊപ്പം വി.സി നിയമനത്തിൽ സർക്കാർ നിയന്ത്രണം ഉറപ്പാക്കുകയും ചാൻസലറെ അപ്രസക്തനാക്കുകയും ചെയ്യുന്ന നിയമഭേദഗതി കൊണ്ടുവരാനും തീരുമാനിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.