ശബരിമല മേൽശാന്തി നിയമനം: വീണ്ടും ഹൈകോടതിയുടെ പ്രത്യേക സിറ്റിങ്

കൊച്ചി: ശബരിമലയിലെയും മാളികപ്പുറത്തെയും മേൽശാന്തി നിയമനങ്ങൾക്ക് മലയാള ബ്രാഹ്മണർ മാത്രം അപേക്ഷിച്ചാൽ മതിയെന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് വിജ്ഞാപനത്തിലെ വ്യവസ്ഥ ചോദ്യം ചെയ്യുന്ന ഹരജികൾ അവധി ദിവസമായ ശനിയാഴ്ച ഹൈകോടതി പ്രത്യേക സിറ്റിങ് നടത്തി പരിഗണിച്ചു.

കേസിൽ വാദം കേട്ട ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് അന്തിമ വാദത്തിനായി ഹരജി ഏപ്രിൽ 11ലേക്ക് മാറ്റി. മുമ്പും ഇതേ ഹരജി അവധി ദിവസം പ്രത്യേക സിറ്റിങ് നടത്തി കോടതി പരിഗണിച്ചിട്ടുണ്ട്.

ശബരിമല മേൽശാന്തി നിയമനത്തിനായി അപേക്ഷ നൽകിയിരുന്ന മലയാള ബ്രാഹ്മണരല്ലാത്ത ശാന്തിക്കാരായ ടി.എൽ. സിജിത്ത്, പി.ആർ. വിജീഷ്, സി.വി. വിഷ്ണു നാരായണൻ തുടങ്ങിയവരാണ് ഹരജി നൽകിയത്. മലയാള ബ്രാഹ്മണർ മാത്രം അപേക്ഷിച്ചാൽ മതിയെന്ന വ്യവസ്ഥ തൊട്ടുകൂടായ്മയാണെന്ന് ഹരജിക്കാർ ചൂണ്ടിക്കാട്ടി.

ഭരണഘടന ഉറപ്പുനൽകുന്ന തുല്യാവകാശത്തിന് ഇത് എതിരാണ്. വിജ്ഞാപനത്തിലെ വ്യവസ്ഥ ജാതി വിവേചനമാണെന്നും മലയാള ബ്രാഹ്മണർ എന്നതല്ലാത്ത എല്ലാ യോഗ്യതയും തങ്ങൾക്കുണ്ടെന്നും ഹരജിയിൽ പറഞ്ഞു. അതേസമയം, പതിറ്റാണ്ടുകളായി തുടരുന്ന രീതിയാണിതെന്നും മാറ്റാനാകില്ലെന്നുമാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ വാദം.

Tags:    
News Summary - Appointment of Sabarimala Melsanthi: Special sitting of High Court again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.