ചാൻസലറുടെ നിയമന രീതി: കരട് ബില്ലിൽ ഉന്നത വിദ്യാഭ്യാസ കമീഷൻ ശിപാർശ അവഗണിച്ചു

തിരുവനന്തപുരം: ഗവർണർക്ക് പകരം സർവകലാശാലകൾക്ക് വെവ്വേറെ ചാൻസലർമാരെ നിയമിക്കാനുള്ള ഉന്നത വിദ്യാഭ്യാസ പരിഷ്കരണ കമീഷൻ ശിപാർശ സ്വീകരിച്ചപ്പോൾ നിയമനരീതി സംബന്ധിച്ച ശിപാർശ സർക്കാർ അംഗീകരിച്ചില്ല. ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് മാറ്റാൻ വ്യവസ്ഥ ചെയ്യുന്ന ബില്ലിൽ, ചാൻസലറുടെ നിയമനാധികാരം സർക്കാറിലാണ് നിക്ഷിപ്തമാക്കുന്നത്.

സെനറ്റിന് പകരം ഉന്നത അക്കാദമിക് യോഗ്യതയുള്ളവർ അടങ്ങിയ ബോർഡ് ഓഫ് റീജന്‍റ്സ് രൂപവത്കരിക്കാനും ഇതിൽ നിന്ന് മികച്ച അക്കാദമിക് വിദഗ്ധനെ ചാൻസലറായി നിയമിക്കാനുമായിരുന്നു ശ്യാം ബി. മേനോൻ അധ്യക്ഷനായ ഉന്നതവിദ്യാഭ്യാസ പരിഷ്കരണ കമീഷൻ ശിപാർശ. ചാൻസലറുടെ നിയമനാധികാരവും ബോർഡ് ഓഫ് റീജൻറ്സിൽ നിക്ഷിപ്തമാകുന്ന രീതിയിലായിരുന്നു ശിപാർശ.

സമാനസ്വഭാവത്തിലുള്ള സർവകലാശാലകൾക്ക് ഒരു ചാൻസലർ എന്ന രീതിയിൽ വ്യത്യസ്ത ചാൻസലർമാരെ നിയമിക്കാൻ വ്യവസ്ഥ കൊണ്ടുവന്നെങ്കിലും ചാൻസലറുടെ നിയമനാധികാരം സർക്കാറിൽ വ്യവസ്ഥ ചെയ്യുന്നതാണ് ബിൽ. ചാൻസലറുടെ നിയമനം സർക്കാറിൽ നിക്ഷിപ്തമാക്കുന്നത് യു.ജി.സി ചട്ടങ്ങൾക്ക് വിരുദ്ധമാകുമോ എന്ന നിയമപ്രശ്നവും ഉയർന്നിട്ടുണ്ട്. സെർച്ച് കമ്മിറ്റി നൽകുന്ന പാനലിൽ നിന്ന് ചാൻസലറാണ് വൈസ്ചാൻസലറെ നിയമിക്കേണ്ടത്.

സെർച്ച് കമ്മിറ്റി അംഗങ്ങൾക്ക് സർവകലാശാലയുമായോ അതിന് കീഴിലുള്ള കോളജുകളുമായോ ഒരു ബന്ധവും പാടില്ലെന്ന വ്യവസ്ഥയും െറഗുലേഷനിലുണ്ട്. നേരിട്ട് നിയമിക്കുന്ന ചാൻസലർ വഴി വി.സി നിയമനത്തിൽ സർക്കാറിന് ഇടപെടാനുള്ള സാധ്യതയും ബില്ലിലെ വ്യവസ്ഥ വഴിതുറക്കും. സെർച്ച് കമ്മിറ്റിയിൽ ചാൻസലറുടെ പ്രതിനിധിയെ ഉൾപ്പെടുത്തേണ്ടതുണ്ട്.

സർക്കാർ നിയമിക്കുന്ന ചാൻസലർക്ക് സ്വതന്ത്രമായി പ്രവർത്തിക്കാനാകുമോ എന്ന ചോദ്യവും ഉയരുന്നു. ചാൻസലർക്കെതിരെ നടപടിയെടുക്കാനുള്ള അധികാരവും ബിൽ സർക്കാറിന് നൽകുന്നുണ്ട്. ബിൽ മുന്നോട്ടുവെക്കുന്ന ചാൻസലർ പദവി പൂർണമായും സർക്കാർ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്നയാളായി മാറുമെന്നാണ് വിമർശനം. സർക്കാർ നിയമിക്കുന്ന ചാൻസലർക്ക് കീഴിൽ പ്രോ ചാൻസലറായി ഉന്നത വിദ്യാഭ്യാസ മന്ത്രി വരുന്ന പ്രോട്ടോകോൾ പ്രശ്നവും വിമർശനമായി ഉയരുന്നു.

Tags:    
News Summary - appointment of chancellor: Higher Education Commission recommendation ignored in draft bill

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.