എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: നിലമ്പൂരിലെ സി.പി.എം തോൽവിക്ക് പി.വി അൻവറും ഘടകമായെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സർക്കാറിന്റെ നേട്ടങ്ങൾ സ്വന്തം നേട്ടങ്ങളായി അൻവർ അവതരിപ്പിച്ചു. ഇത് തെരഞ്ഞെടുപ്പിൽ സ്വാധീനിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
നിലമ്പൂരിലെ പരാജയത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട് ആവശ്യമായ തിരുത്തലുകൾ വരുത്തും. എന്ത് തിരുത്തലുകളാണ് വരുത്തുകയെന്നത് മാധ്യമങ്ങളിൽ വിശദീകരിക്കേണ്ട ആവശ്യമില്ല. പാർട്ടിക്കുള്ളിൽ തിരുത്തലുകൾ ഉണ്ടാവുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പിണറായി തന്നെ ശാസിച്ചുവെന്ന വാർത്തകൾ തെറ്റാണ്. ചില മാധ്യമങ്ങളാണ് അത്തരത്തിൽവാർത്തകൾ നൽകിയത്. തനിക്കെതിരെ പിണറായി ഒരു പരാമര്‍ശവും നടത്തിയിട്ടില്ല.എളമരം കരീമും പി.രാജീവും തനിക്കെതിരെ സംസ്ഥാന സെക്രട്ടറിയേറ്റിൽ നിലപാടെടുത്തുവെന്ന വാദവും അദ്ദേഹം തള്ളി.
പാർട്ടിക്കുള്ളിൽ പ്രശ്നമുണ്ടെന്ന് വരുത്തിതീർക്കാനാണ് ചിലരുടെ ശ്രമം. അത്തരം നീക്കങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കാൻ പാർട്ടി തീരുമാനിച്ചിട്ടുണ്ടെന്നും എം.വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
നിലമ്പൂരിലെ രാഷ്ട്രീയ വോട്ട് വർധിപ്പിക്കാനും കഴിഞ്ഞുവെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. മതരാഷ്ട്രീയ വാദികളുമായുള്ള ലീഗ് - കോൺഗ്രസ് കൂട്ടുകെട്ട് സമൂഹത്തിൽ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.