കുമളി: കട്ടപ്പന കാഞ്ചിയാറിൽ ഭാര്യയെ കൊലപ്പെടുത്തി പുതപ്പിൽ പൊതിഞ്ഞ് വീട്ടിലെ കട്ടിലിനടിയിൽ ഒളിപ്പിച്ച ശേഷം കടന്നുകളഞ്ഞ പ്രതിയെ കുമളി പൊലീസ് പിടികൂടിയത് ഏറെ സാഹസികമായി. അവിചാരിതമായി പൊലീസിന് മുന്നിൽ വന്നുപെട്ട പ്രതി വിജേഷ് ആദ്യം എതിർക്കാൻ ശ്രമിച്ചെങ്കിലും പിന്നീട് അറസ്റ്റിന് വഴങ്ങുകയായിരുന്നു.
ഞായറാഴ്ച രാവിലെ 8.30ഓടെ തമിഴ്നാട് ബസ്സ്റ്റാൻഡിൽ ബസിറങ്ങി നടന്ന് കുമളി പൊലീസ് സ്റ്റേഷനു മുന്നിലൂടെയാണ് പ്രതി വിജേഷ് റോസാപ്പൂക്കണ്ടം ഭാഗത്തേക്ക് പോയത്. ടൗണിലെ സി.സി ടി.വിയിൽനിന്ന് പ്രതിയുടെ ദൃശ്യം കിട്ടിയതോടെ കുമളി ഇൻസ്പെക്ടർ ജോബിൻ ആന്റണിയുടെ നേതൃത്വത്തിൽ പൊലീസ് പലഭാഗത്തേക്കും തിരിഞ്ഞു. സംസ്ഥാന അതിർത്തിയിൽ ഒരുസംഘം വാഹന പരിശോധന നടത്തുകയും മറ്റ് സംഘങ്ങൾ റോസാപ്പൂക്കണ്ടം, താമരക്കണ്ടം ഭാഗങ്ങളിലെ വീടുകൾ, മറ്റു സ്ഥലങ്ങൾ എന്നിവിടങ്ങളിൽ നിരീക്ഷണം നടത്തുകയും ചെയ്തു.
ജനസാന്ദ്രതയേറിയ റോസാപ്പൂക്കണ്ടം ഭാഗത്തേക്ക് പോയ പ്രതിയെ മണിക്കൂറുകളായിട്ടും കണ്ടെത്താനാവാതിരുന്നത് പൊലീസിനെ കുഴക്കി. ഇതിനിടെ റോസാപ്പൂക്കണ്ടം കുളം ഭാഗം വഴി പ്രതിയെ തേടി കുമളി ടൗണിലേക്ക് വരുകയായിരുന്നു ഇൻസ്പെക്ടർ ജോബിൻ ആന്റണി. വാഹനത്തിൽനിന്ന് ഇറങ്ങി പ്രതിയുടെ ഫോട്ടോ കാണിച്ച് നാട്ടുകാരോട് വിവരങ്ങൾ അന്വേഷിക്കുന്നതിനിടെയാണ് തേക്കടി ബൈപാസ് റോഡിലേക്ക് പ്രതി വിജേഷ് നടന്നെത്തുന്നത്.
ഇൻസ്പെക്ടറെ മുന്നിൽ കണ്ടതോടെ പകച്ച ഇയാളെ സെക്കൻഡുകൾക്കുള്ളിൽ ഇൻസ്പെക്ടർ പിടിച്ചുനിർത്തി. സ്റ്റേഷനിലെത്തിച്ച് പ്രാഥമിക ചോദ്യം ചെയ്യലിൽതന്നെ ഭാര്യ അനുമോളെ (27) കൊലപ്പെടുത്തിയത് താനാണെന്ന് പ്രതി സമ്മതിക്കുകയായിരുന്നു.
കഴിഞ്ഞ 21ന് വൈകിട്ടാണ് കാഞ്ചിയാർ സ്വദേശിനിയായ അധ്യാപിക അനുമോളെ (വത്സമ്മ) സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മുറിയിലെ കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. ഇതിന് പിന്നാലെ ഭർത്താവ് ബിജേഷിനെ കാണാതാവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.