കോൺഗ്രസ് പ്രവർത്തകർ ആന്റണി രാജുവിന്റെ വാഹനം തടഞ്ഞു പ്രതിഷേധിച്ചപ്പോൾ തടയാൻ ശ്രമിക്കുന്ന പൊലീസ്
തിരുവനന്തപുരം: തൊണ്ടിമുതൽ തിരിമറി കേസില്‍ മുന്‍മന്ത്രിയും ഭരണകക്ഷി എം.എൽ.എയുമായ ആന്റണി രാജുവിനെ കോടതി ശിക്ഷിച്ചതും, ജനപ്രതിനിധി സ്ഥാനത്തുനിന്ന് അദ്ദേഹം അയോഗ്യനായതും ഇടതുപക്ഷത്തിനും സർക്കാറിനും തിരിച്ചടി. തൊണ്ടിമുതൽ കേസ് സർക്കാറുമായി നേരിട്ട് ബന്ധപ്പെട്ടതല്ലെങ്കിലും ഭരണകക്ഷി എം.എൽ.എ കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ വർഷങ്ങൾക്ക് മുമ്പ് നടത്തിയ അനധികൃത ഇടപെടലും അതിലുള്ള കോടതിവിധിയും പ്രതിപക്ഷം ഭരണപക്ഷത്തിനെതിരെ ആയുധമാക്കും.
ഈ സർക്കാറിൽ രണ്ടരവർഷം മന്ത്രി കൂടിയായ ആന്റണി രാജുവിനെതിരായ ശിക്ഷാവിധി മൂന്നുമാസത്തിനപ്പുറം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലടക്കം വലിയ ചർച്ചയാവും. ഭരണകക്ഷി എം.എൽ.എ അയോഗ്യനാക്കപ്പെടുന്നത് ലഹരിക്കേസിലാണ് എന്നതാണ് പ്രധാനം. ലഹരിക്കെതിരെ വലിയ കാമ്പയിനുമായി സർക്കാർ മുന്നോട്ടുപോകുന്നതിനിടെയാണ് കൂട്ടത്തിലെ ഒരു എം.എൽ.എക്ക് തന്നെ ലഹരിക്കേസിൽ പ്രതിയെ രക്ഷിക്കാൻ നടത്തിയ നീക്കത്തിൽ സ്ഥാനം നഷ്ടമായത്. ശബരിമല സ്വർണക്കൊള്ളയിലടക്കം സർക്കാർ പ്രതിരോധത്തിൽ നിൽക്കുമ്പോഴാണ് ഈ കുരുക്കുകൂടി വന്നുചേർന്നത്. എൽ.ഡി.എഫിലെ ജനാധിപത്യ കേരള കോൺഗ്രസിന്റെ നേതാവാണ് ആന്റണി രാജു.
മൂന്നര പതിറ്റാണ്ട് മുമ്പത്തെ സംഭവത്തിൽ മൂന്നുവർഷത്തെ തടവിന് കോടതി ശിക്ഷിച്ചെങ്കിലും അപ്പീൽ പോകുന്നതുവരെ ജാമ്യം അനുവദിച്ചതിനാൽ ഉടൻ ജയിലിൽ പോവേണ്ടതില്ല എന്ന ആശ്വാസം മാത്രമാണുള്ളത്. തലസ്ഥാന എം.എൽ.എയായ ആന്റണി രാജു തിരുവനന്തപുരത്ത് വീണ്ടും മത്സരിക്കാൻ ഒരുക്കങ്ങൾ തുടരുന്നതിനിടെയാണ് അപ്രതീക്ഷിതമായ കോടതിവിധി. 1990 ഏപ്രിൽ നാലിന് ആസ്ത്രേലിയൻ പൗരൻ സാൽവദോർ സാർലി അടിവസ്ത്രത്തിലൊളിപ്പിച്ച 61 ഗ്രാം ഹാഷിഷ് ഓയിലുമായി പിടിയിലായതിൽ അഭിഭാഷകനെന്ന നിലയിൽ നടത്തിയ ഇടപെടലാണ് വിനയായത്. ലഹരിക്കടത്തിലെ പ്രധാന തെളിവും തൊണ്ടിമുതലുമായ അടിവസ്ത്രം കോതിയിൽ നിന്ന് ഒപ്പിട്ട് വാങ്ങി അത് ചെറുതാക്കി തിരിച്ചേൽപിക്കുകയും നിർണായക തെളിവുതന്നെ ഇല്ലാതാക്കുകയും ചെയ്തതാണ് കുറ്റം.
കേസിന്റെ വിധിക്കൊപ്പം തന്നെ കേസ് അട്ടിമറിക്കാനടക്കം നടത്തിയ ഇടപെടലുകളും സമൂഹ മാധ്യമങ്ങളിലടക്കം വലിയ ചർച്ചയാണ്. നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തിൽപോലും ഇല്ലാത്ത തരത്തിലുള്ള കേസുമാണിത്. യൂത്ത്കോൺഗ്രസ് അടക്കമുള്ള സംഘടനകൾ പ്രതിഷധവുമായി രംഗത്തെത്തുകയും ചെയ്തു. കുറ്റപത്രം നൽകി 19 വർഷങ്ങൾക്ക് ശേഷമാണ് കേസിൽ വിധി വരുന്നത്. ആൻണി രാജു മന്ത്രിയായപ്പോൾ തന്നെ 20ലേറെ തവണ കേസ് മാറ്റിവെച്ചതടക്കം വിമർശിക്കപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.