തിരുവനന്തപുരം: പാമ്പുകടിയേറ്റുള്ള മരണങ്ങൾ തടയാൻ ആന്റിവെനമടക്കം ചികിത്സകൾ വ്യാപകമാക്കുന്നതിനിടെ, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം തുറന്നു പറഞ്ഞ് ഡോക്ടർമാരുടെ സംഘടന.
ചികിത്സാ സൗകര്യങ്ങൾ വിപുലീകരിക്കാനുള്ള നിർദേശം സ്വാഗതം ചെയ്യുമ്പോഴും പ്രായോഗിക വെല്ലുവിളികളും രോഗിസുരക്ഷയെ ബാധിക്കുന്ന ഗൗരവകരമായ സാഹചര്യങ്ങളും പൊതുസമൂഹം തിരിച്ചറിയണമെന്ന് കേരള ഗവൺമെന്റ് മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ (കെ.ജി.എം.ഒ.എ) ഭാരവാഹികൾ വ്യക്തമാക്കി. പാമ്പുകടിയേറ്റ രോഗികൾക്ക് ആന്റി സ്നേക്ക് വെനം (എ.എസ്.വി) നൽകുന്ന സമയത്ത് രോഗിക്ക് മാരകമായ അലർജി പ്രതിപ്രവർത്തനങ്ങളുണ്ടാകാൻ സാധ്യത വളരെ കൂടുതലാണ്. ഇത്തരമൊരു അടിയന്തര ഘട്ടത്തിൽ രോഗിയെ നിരന്തരം നിരീക്ഷിക്കാനും അലർജി മൂലമുണ്ടാകുന്ന ശ്വാസതടസ്സമോ ഹൃദയസ്തംഭനമോ പോലുള്ള സാഹചര്യങ്ങൾ കൈകാര്യം ചെയ്യാനും വെന്റിലേറ്റർ ഉൾപ്പെടെ ജീവൻരക്ഷാ ഉപകരണങ്ങളുടെ ലഭ്യതയും ഡോക്ടർമാരുടെ മുഴുവൻസമയ സാന്നിധ്യവും അനിവാര്യമാണ്.
നിലവിൽ കേരളത്തിലെ ഭൂരിഭാഗം സർക്കാർ ആശുപത്രികളിലെയും അത്യാഹിത വിഭാഗങ്ങൾ അമിതമായ തിരക്കുകൊണ്ട് ശ്വാസംമുട്ടുന്ന അവസ്ഥയിലാണ്. അടിയന്തര ചികിത്സ ആവശ്യമില്ലാത്ത ഒട്ടേറെ രോഗികൾ കാഷ്വാലിറ്റിയിൽ എത്തുന്നതുകാരണം, ഒരു ഡോക്ടർ മാത്രം ഡ്യൂട്ടിയിലുള്ള സാഹചര്യത്തിൽ ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് അർഹമായ ശ്രദ്ധയും സമയവും നൽകാൻ സാധിക്കുന്നില്ല.
നൂറുകണക്കിന് രോഗികളെ ഒരേസമയം പരിശോധിക്കുന്നതിനിടയിൽ ആന്റി വെനം നൽകിയ ഒരു രോഗിയെ മാത്രം നിശ്ചിത സമയത്തേക്ക് സൂക്ഷ്മമായി നിരീക്ഷിക്കുക മനുഷ്യസാധ്യമല്ല. മാരകമായ അലർജി റിയാക്ഷനുകൾ മിനിറ്റുകൾക്കുള്ളിൽ ജീവന് ഭീഷണിയായേക്കാം എന്നതിനാൽ വെന്റിലേറ്റർ-ഐ.സി.യു സംവിധാനമോ അല്ലെങ്കിൽ കൃത്യമായ നിരീക്ഷണ സംവിധാനമോ ഇല്ലാത്ത സാഹചര്യത്തിൽ ആന്റിവെനം നൽകുന്നത് രോഗിയുടെ ജീവൻ കൂടുതൽ അപകടത്തിലാക്കും.
ഈ പരിമിതികൾ നിലനിൽക്കേ, രോഗിക്ക് കൂടുതൽ വിദഗ്ധ പരിചരണം ഉറപ്പാക്കാനാണ് ഡോക്ടർമാർ ഉയർന്ന ആശുപത്രികളിലേക്ക് റഫർ ചെയ്യുന്നത്. ആശുപത്രികളിൽ ശാസ്ത്രീയമായ ട്രയാജ് സംവിധാനം അടിയന്തരമായി നടപ്പാക്കണമെന്ന് കെ.ജി.എം.ഒ.എ ഏറെ നാളായി സർക്കാറിനോട് ആവശ്യപ്പെടുന്നുണ്ട്.
രോഗലക്ഷണങ്ങളുടെ തീവ്രതയനുസരിച്ച് രോഗികളെ തരംതിരിച്ച് ചികിത്സ നൽകുന്ന ഈ സംവിധാനം നിലവിൽ വന്നാൽ മാത്രമേ അടിയന്തര ചികിത്സ ആവശ്യമുള്ളവരെയും അല്ലാത്തവരെയും വേർതിരിച്ച്, അത്യാസന്ന നിലയിലുള്ളവർക്ക് വേഗത്തിൽ ചികിത്സ ഉറപ്പാക്കാൻ സാധിക്കൂവെന്നും ഭാരവാഹികളായ ഡോ. പി.കെ. സുനിൽ, ഡോ. ജോബിൻ ജി. ജോസഫ് എന്നിവർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.