തിരുവനന്തപുരം: സംസ്ഥാനത്തെ ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികള്‍ക്കും പഞ്ചായത്തുകള്‍ക്കുമുള്ള സമഗ്ര പ്രവര്‍ത്തന മാര്‍ഗരേഖ പുറത്തിറക്കി. ആന്റിബയോട്ടിക് സാക്ഷര കേരളം പദ്ധതിയുടെ ഭാഗമായി ആന്റിബയോട്ടിക് സാക്ഷര പഞ്ചായത്ത് എന്ന നൂതനമായ ആശയം ലോകത്ത് ആദ്യമായി കേരളം അവതരിപ്പിച്ചിരുന്നു.
എ.എം.ആര്‍ പ്രതിരോധത്തിന്റെ ഭാഗമായി മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ കേരളത്തിലെ എല്ലാ ആശുപത്രികളെയും കളര്‍ കോഡ് ചെയ്യുന്നതിനെപ്പറ്റിയുള്ള ഉത്തരവും പുറത്തിറക്കി. ഈ കളര്‍ കോഡിലൂടെ ആശുപത്രികളുടെ അക്രഡിറ്റേഷനും ലക്ഷ്യമിടുന്നു. ഇതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് എസ്.ഒ.പി.യില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
‘എന്റെ കേരളം ആന്റിബയോട്ടിക് സാക്ഷര കേരളം’എന്ന ടാഗ് ലൈനോടെ 10 സന്ദേശങ്ങള്‍ നടപ്പിലാക്കി വരുന്നു. ആന്റിമൈക്രോബിയല്‍ പ്രതിരോധത്തിന്റെ നിശബ്ദ മഹാമാരിയെ ശാസ്ത്രീയമായി നേരിടാന്‍ ആരോഗ്യ വകുപ്പ് വിവിധ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. ഏകാരോഗ്യ സമീപനത്തിലൂന്നി എല്ലാ അനുബന്ധ വകുപ്പുകളുടെയും പങ്കാളിത്തത്തോടെ ആന്റിബയോട്ടിക് സാക്ഷര സംസ്ഥാനം എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി ആരോഗ്യ വകുപ്പ് പ്രവര്‍ത്തിച്ചു വരുന്നു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും പ്രാഥമിക, ദ്വിതീയ, തൃതീയ തലങ്ങളിലുള്ള ആശുപത്രികളെയും, ആരോഗ്യ സേവന ദാതാക്കളെയും ഉള്‍പ്പെടുത്തിയാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. സമൂഹത്തിലും സ്ഥാപനത്തിലും ആന്റിമൈക്രോബിയല്‍ പ്രതിരോധത്തിന്റെ വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞ് ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികള്‍, ആന്റിമൈക്രോബിയല്‍ സ്റ്റ്യൂവാര്‍ഡ്ഷിപ്പ് കംപ്ലയന്റ് ആശുപത്രികള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ആന്റിബയോട്ടിക് സാക്ഷരത എന്നിവക്ക് സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നതിന് നൂതന അക്രഡിറ്റേഷന്‍ സംവിധാനം വികസിപ്പിച്ചെടുത്തിട്ടുണ്ട്.
എസ്.ഒ.പി. പുറത്തിറക്കിയതിന് ശേഷം 3 മാസത്തിനുള്ളില്‍ ആരോഗ്യ വകുപ്പിനും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിനും കീഴിലുള്ള എല്ലാ സ്ഥാപനങ്ങളും നിശ്ചിത മാനദണ്ഡങ്ങള്‍ക്കനുസരിച്ച് കളര്‍ കോഡ് ചെയ്തിരിക്കണം.ജില്ല, ബ്ലോക്ക് എഎംആര്‍ കമ്മിറ്റികള്‍ അവര്‍ക്ക് കീഴിലുള്ള എല്ലാ സ്വകാര്യ ആശുപത്രികളും കളര്‍ കോഡ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം. കളര്‍ കോഡിംഗ് (ഇളം നീല ഒഴികെ) സ്ഥാപന സമിതിക്ക് തന്നെ വിലയിരുത്താന്‍ കഴിയും. ബ്ലോക്ക്/ജില്ല/ഡി.എം.ഇ കമ്മറ്റികള്‍ ആറ് മാസത്തിലൊരിക്കല്‍ വ്യക്തിഗത സ്ഥാപനങ്ങളുടെ കളര്‍ കോഡിംഗിന്റെ വിലയിരുത്തല്‍ നടത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.