തിരുവനന്തപുരം: സോളിഡാരിറ്റി യു.എ.പി.എ വിരുദ്ധ സംഗമം നടത്തി. പൗരാവകാശ പ്രവർത്തകൻ പി.എ. പൗരൻ മുഖ്യപ്രഭാഷണം നടത്തി. യു.എ.പി.എ ജനാധിപത്യവിരുദ്ധമായ കരിനിയമമാണെന്ന് അദ്ദേഹം പറഞ്ഞു. 2016ലെ എൽ.ഡി.എഫിെൻറ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിൽ യു.എ.പി.എ പുനഃപരിശോധിക്കമെന്നാണ് പറഞ്ഞത്. എന്നാൽ, ഇപ്പോൾ പന്തീരാങ്കാവിൽ എസ്.എഫ്.ഐ വിദ്യാർഥികളുടെ പേരിലാണ് പൊലീസ് യു.എ.പി.എ ചാർത്തിയത്. ആയിരക്കണക്കിന് നിരപരാധികളായ യുവാക്കളാണ് ഈ നിയമത്തിെൻറ പേരിൽ രാജ്യത്തെ തടവറകൾക്കുള്ളിലായത്. ഈ നിയമത്തിെൻറ ഇരയായ അബ്ദുന്നാസിർ മഅ്ദനി ജയിലിൽനിന്ന് ജീവനോടെ തിരിച്ചു വരുമോ എന്നത് സംശയമാണെന്നും അദ്ദേഹം പറഞ്ഞു.
ഗാന്ധിപാർക്കിൽ നടന്ന പരിപാടിയിൽ സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻറ് നഹാസ് മാള അധ്യക്ഷത വഹിച്ചു. ഭരണകൂട നിലപാടുകളെ എതിർക്കുന്നവർക്ക് കൂച്ചുവിലങ്ങിടാനുള്ള സുന്ദരമായ നിയമമാണ് യു.എ.പി.എയെന്ന് അദ്ദേഹം പറഞ്ഞു. സ്വന്തം പൗരന്മാർക്ക് നേരെയാണ് രാജ്യത്ത് യു.എ.പി.എ ചാർത്തുന്നത്. സംസ്ഥാനത്ത് ആഭ്യന്തരവകുപ്പ് കൈയാളുന്ന പാർട്ടിയോട് പറയാനുള്ളത് പിണറായി വിജയന് പറ്റിയവകുപ്പല്ലെന്ന് മനസ്സിലാക്കണമെന്നാണ്. മന്ത്രിസഭയിലെ ഏറ്റവും കഴിവ് കുറഞ്ഞ കെ.ടി. ജലീലിന് പോലും ആഭ്യന്തരം കൈമാറാം. മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയുന്നതാണ് നല്ലത്.
ഭരണപക്ഷത്തെ പ്രമുഖ പാർട്ടിതന്നെ ഏറ്റുമുട്ടൽ വ്യാജമാണെന്ന് വെളിപ്പെടുത്തി. മാവോവാദി, തീവ്രവാദി, ഭീകരവാദി എന്നിങ്ങനെ മുദ്രകുത്തി യു.എ.പി.എ പ്രയോഗിക്കുന്നതിെൻറ ധാരാളം ഉദാഹരണങ്ങളുണ്ട്. അവർക്ക് ന്യായമായ മനുഷ്യാവകാശങ്ങളെല്ലാം തടയുന്നു. യു.എ.പി.എ ഒരുദിനം നിങ്ങളെയും തേടിയെത്തുമെന്നാണ് സി.പി.എം നേതാക്കളോട് പറയാനുള്ളത്. അബ്ദുന്നാസിർ മഅ്ദനി സമാനതകളില്ലാത്ത ക്രൂരതയാണ് അനുഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
യു.എ.പി.എ റദ്ദ് ചെയ്യുക, വിചാരണ തടവുകാരോടുള്ള അനീതി അവസാനിപ്പിക്കുക, മഅ്ദനിയുടെ ജീവൻ രക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് സംഗമം സംഘടിപ്പിച്ചത്. വർക്കല രാജ്, വിൻസെൻറ് ജോസഫ്, മിർസാദ് റഹ്മാൻ, എ.എസ്. അജിത് കുമാർ, കടക്കൽ ജുനൈദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.