സിന്ധു, അലീന, മഞ്ജിമ
മരട്: മോഡലിങ്ങിന്റെ പേരിലും മേക്കപ്പ് ആർട്ടിസ്റ്റ് ജോലി വാഗ്ദാനം ചെയ്തും യുവതികളെ വിദേശത്തെത്തിച്ച് മയക്കുമരുന്നിന് വിധേയരാക്കി ലൈംഗിക വ്യാപാരത്തിന് ഉപയോഗിച്ച രാജ്യാന്തര സെക്സ് മാഫിയ സംഘത്തിൽപ്പെട്ട ഒരു യുവതി കൂടി പൊലീസിന്റെ പിടിയിലായി. പൊന്നാനി സ്വദേശി മഞ്ജിമയാണ് (25) അറസ്റ്റിലായത്. കേസിൽ തിരുവനന്തപുരം സ്വദേശി അലീന എബ്രഹാം (27) മരടിൽ നിന്നും പെരുമ്പാവൂർ കോട്ടപ്പടി സ്വദേശി സ്റ്റോയ്സി എന്ന സിന്ധു (50) മുംബൈയിൽ നിന്നും കഴിഞ്ഞ ദിവസം പിടിയിലായിരുന്നു.
കേസെടുത്ത വിവരമറിഞ്ഞ് നാടുവിടാൻ ശ്രമിച്ച സിന്ധുവിനെ മുംബൈ വിമാനത്താവളത്തിൽനിന്നാണ് അറസ്റ്റ് ചെയ്തത്. മോഡലിങ് ജോലി വാഗ്ദാനം ചെയ്ത് യുവതികളെ ദുബൈയിലെത്തിച്ചാണ് അനാശാസ്യത്തിന് ഉപയോഗപ്പെടുത്തിയിരുന്നത്. പരാതിക്കാരികൾക്ക് ദുബൈയിൽ നേരിടേണ്ടി വന്നത് ക്രൂര പീഡനങ്ങളായിരുന്നു.
വിദേശത്ത് ജോലി വാഗ്ദാനം ചെയ്തതും പണം വാങ്ങിയതും അലീനയും സിന്ധുവും ചേർന്നായിരുന്നെന്ന് പരാതിക്കാരിലൊരാൾ പറഞ്ഞു. പണം നൽകിയ ശേഷം ബ്യൂട്ടിപാർലറിൽ ജോലിക്കെന്ന വ്യാജേന ദുബൈയിലെത്തിച്ച യുവതിയെ എട്ടോളം യുവതികളെ പാർപ്പിച്ചിരുന്ന ഫ്ലാറ്റിലേക്കാണ് കൊണ്ടുപോയത്. അവിടെ വച്ച് പാസ്പോർട്ടും ഫോണും കൈക്കലാക്കിയ ശേഷം മദ്യത്തിൽ മയക്കുമരുന്ന് കലർത്തി നൽകി കുടിപ്പിച്ചും മർദിച്ചും പ്രതികരണശേഷി നഷ്ടപ്പെടുത്തി. വീട്ടിലേക്ക് നഗ്നദൃശ്യങ്ങൾ അയച്ചുകൊടുക്കുകയും കുട്ടിയെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയും പരാതിക്കാരി നേരിട്ടത് സമാനതകളില്ലാത്ത ക്രൂരതകളാണെന്നും പറയുന്നു. ബന്ധുവിന്റെ സഹായത്തോടെയാണ് ഒടുവിൽ പരാതിക്കാരി തിരികെ നാട്ടിലെത്തിയത്.
മോഡലിങ്ങിനെന്ന പേരിൽ ദുബൈയിൽ കൊണ്ടുപോയ യുവതിയും നേരിട്ടത് ക്രൂര പീഡനങ്ങളായിരുന്നു. പണം വാങ്ങി ദുബൈയിലെത്തിച്ച ശേഷം ലഘുപാനീയത്തിൽ വെള്ളപ്പൊടി കലക്കി നൽകി ബലമായി കുടിപ്പിച്ച് ബോധം പോയ അവസ്ഥയിലാക്കിയ ശേഷം പുറത്തു നിന്ന് ആളുകളെത്തി ശാരീരികമായി ഉപദ്രവിക്കുകയായിരുന്നു. പച്ചവെള്ളത്തിൽ വരെ പൊടി കലക്കി തന്നതായും വീട്ടിലേക്ക് വിളിച്ചിട്ട് താൻ അനാശാസ്യത്തിലേർപ്പെടുകയാണെന്നും വീട്ടിൽ നിന്ന് ഒഴിവാക്കണമെന്നും സംഘം പറഞ്ഞുവെന്നും നഗ്നദൃശ്യം പകർത്തി അയച്ചു കൊടുത്തതായും യുവതി പറഞ്ഞു.
സംഭവത്തിൽ ഇരകളായ യുവതികൾ നൽകിയ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. നിരവധി പെൺകുട്ടികളെ സംഘം ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതായി സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
മുംബൈയിൽ അറസ്റ്റിലായ സിന്ധുവിനെ ബുധനാഴ്ച രാവിലെയോടെ നാട്ടിലെത്തിക്കും. കേസിൽ പ്രതികളായ മറ്റ് രണ്ടു പേർ ദുബൈയിലാണെന്ന് പറയുന്നു. സിറ്റി പൊലീസ് കമീഷണർ കാളിരാജ് മഹേഷ്, ഡെപ്യൂട്ടി കമീഷണർ അശ്വതി ജിജി എന്നിവരുടെ മേൽനോട്ടത്തിൽ എ.സി.പി കെ.ജി. സുരേഷ്, മരട് എസ്.എച്ച്.ഒ അബ്ദുൽ മനാഫ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.