കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ജനറൽ മെഡിസിൻ വിഭാഗം മേധാവിയായിരുന്ന ഡോക്ടർക്കെതിരെ വീണ്ടും ലൈംഗികാതിക്രമ കേസ്. 2018ൽ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന മറ്റൊരു വനിത ഡോക്ടറാണ് ഇ-മെയിൽ മുഖാന്തരം പരാതി നൽകിയത്. ഹൗസ് സർജൻസി ചെയ്തിരുന്ന സമയത്ത് തന്നോട് അപമര്യാദയായി പെരുമാറി എന്നാണ് അമേരിക്കയിൽ ജോലി ചെയ്യുന്ന വനിത ഡോക്ടറുടെ പരാതി. സംഭവത്തിൽ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തു.
അതേസമയം, നിയമ നടപടികളുമായി മുന്നോട്ടുപോകാൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി പരാതിക്കാരി വീണ്ടും പൊലീസിന് ഇ-മെയിൽ അയച്ചു. എന്നാൽ, പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് കോടതിയിൽ റിപ്പോർട്ട് ചെയ്യാനാണ് പൊലീസ് തീരുമാനം.
ആരോപണ വിധേയനായ ഡോക്ടർ ലൈംഗികാതിക്രമം നടത്തിയെന്ന് വിദേശത്തുള്ള മറ്റൊരു വനിത ഡോക്ടർ ഫേസ്ബുക്കിലൂടെ പരാതി ഉന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇദ്ദേഹത്തിനെതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. 2019ൽ ആശുപത്രിയിൽ ഇന്റേൺഷിപ് ചെയ്യുന്ന സമയത്ത് സ്വകാര്യ കൺസൾട്ടേഷൻ മുറിയിൽ വെച്ച് അപമര്യാദയായി പെരുമാറിയെന്നായിരുന്നു പരാതി. ഈ കേസിൽ ഡോക്ടറെ ചോദ്യം ചെയ്യാനിരിക്കെയാണ് മറ്റൊരു വനിത ഡോക്ടറും സമാന പരാതിയുമായി രംഗത്തെത്തിയത്. അമേരിക്കയിലുള്ള പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.