കൊണ്ടോട്ടി: വിദേശത്തുനിന്ന് സ്വര്‍ണം കടത്തിയ യാത്രക്കാരനില്‍നിന്ന് കരിപ്പൂര്‍ വിമാനത്താവള പരിസരത്തുനിന്ന് കള്ളക്കടത്ത് സ്വര്‍ണം തട്ടിയെടുക്കാന്‍ വീണ്ടും ശ്രമം. വിമാനത്താവള ടെര്‍മിനലിന് മുന്നില്‍ വെച്ച് സ്വര്‍ണം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഘത്തിലെ രണ്ടുപേരെ കരിപ്പൂര്‍ പൊലീസ് പിടികൂടി. കൈതപ്പൊയില്‍ വെള്ളംകുന്നുമ്മേല് റഫീഖ് (34), കൊടുവള്ളി അക്കര കരമ്മേല് നിസാര്‍ (38) എന്നിവരാണ് അറസ്റ്റിലായത്.
അബൂദബിയില്‍നിന്ന് ശനിയാഴ്ച പുലര്‍ച്ച 2.30ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ കരിപ്പൂരിലെത്തിയ തിരൂര്‍ നിറമരുതൂര്‍ സ്വദേശി ചുള്ളിയില്‍ ഷക്കീബാണ് (32) സ്വര്‍ണം കടത്തിക്കൊണ്ടുവന്നത്. ഒരുകിലോ സ്വര്‍ണമിശ്രിതം നാല് കാപ്സ്യൂളുകളായി ശരീരത്തിലൊളിപ്പിച്ചായിരുന്നു കള്ളക്കടത്ത്.
കസ്റ്റംസിനെ വെട്ടിച്ച് സ്വര്‍ണവുമായി പുറത്തിറങ്ങിയ യുവാവ് പാര്‍ക്കിങ് മേഖലയിലേക്ക് പോകുന്നതിനിടെ ആറംഗ സംഘം ആക്രമിക്കുകയും യാത്രക്കാര്‍ക്കുള്ള സഹായ കേന്ദ്രത്തിലെ പൊലീസ് ഇടപെടുകയായിരുന്നു.
പൊലീസിനെ കണ്ട് സംഘത്തിലെ നാലുപേര്‍ ഓടി രക്ഷപ്പെട്ടു. പിടിയിലായ രണ്ട് പേരുടെ കൈയിലുണ്ടായിരുന്ന രണ്ടുലക്ഷം രൂപയും രണ്ട് മൊബൈല്‍ ഫോണും കാറും കസ്റ്റഡിയില്‍ എടുത്തു. യുവാവ് കൊണ്ടുവന്ന കള്ളക്കടത്ത് സ്വര്‍ണം തട്ടിയെടുക്കാനുള്ള ശ്രമമാണ് നടന്നതെന്ന് കരിപ്പൂര്‍ ഇന്‍സ്പെക്ടര്‍ പി. ഷിബു പറഞ്ഞു. സ്വര്‍ണം കടത്തിയ ഷക്കീബിനെ കസ്റ്റംസില്‍ ഏല്പിച്ച് തുടരന്വേഷണം നടത്തും. അറസ്റ്റിലായ റഫീഖ്, നിസാര്‍ എന്നിവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൂട്ടുപ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയാതായും അന്വേഷണ സംഘം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.