മണിപ്പൂർ അനുഭവം പങ്കുവെച്ച് ആനിരാജ; ‘അന്ന് രാത്രി മുഴുവൻ വെടിയൊച്ച കേൾക്കാമായിരുന്നു’
കോഴിക്കോട്: ‘‘ജൂൺ 29ന് വൈകീട്ടാണ് ഞങ്ങൾ ഇംഫാലിൽ സ്ത്രീകളുടെ മാർക്കറ്റിൽ എത്തിയത്. അവിടെയുള്ള ഒരു സ്ത്രീയുടെ ഫോണിലേക്ക് മൃതദേഹം എത്തിയെന്ന് വിളി വന്നു. ഒരു സൈനികന്റെ മൃതദേഹമായിരുന്നു അത്. മൃതദേഹമുള്ള സ്ഥലത്തേക്ക് അവർ ഞങ്ങളെയും കൊണ്ടുപോയി.
അവിടെ പത്തിരുപതിനായിരത്തോളം സ്ത്രീകൾ സംഘടിച്ചിട്ടുണ്ട്. അവധിക്ക് നാട്ടിൽ വന്ന സൈനികനാണ് വെടിയേറ്റ് മരിച്ചത്. ഈ സംഭവങ്ങൾക്ക് ഉത്തരവാദി മുഖ്യമന്ത്രിയാണെന്നും മൃതദേഹം അദ്ദേഹത്തിന്റെ വീട്ടുവളപ്പിലേക്ക് എറിയണം എന്നുമായിരുന്നു സ്ത്രീകളുടെ തീരുമാനം.
അന്ന് രാത്രി മുഴുവൻ അവിടെ വെടിയൊച്ചയായിരുന്നു. സ്ത്രീകളിൽനിന്ന് മൃതദേഹം തിരിച്ചുപിടിക്കാനായിരുന്നു സൈന്യത്തിന്റെ ശ്രമം’’ -മണിപ്പൂരിൽ കണ്ട നേരനുഭവങ്ങൾ സി.പി.ഐ ദേശീയ നിർവാഹകസമിതി അംഗം ആനിരാജ വിവരിച്ചു.
സി.പി.ഐ കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച മണിപ്പൂർ ഐക്യദാർഢ്യ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. പിറ്റേന്ന് രാജിക്കത്തുമായി ഗവർണറുടെ ഓഫിസിലേക്ക് പോയ മുഖ്യമന്ത്രിയെ, ഇത് നിങ്ങളുണ്ടാക്കിയ പ്രതിസന്ധിയാണെന്നും പരിഹാരം കണ്ടിട്ട് മതി രാജിയെന്നും പറഞ്ഞ് പിന്തിരിപ്പിച്ചത് സ്ത്രീകളാണ്. അന്ന് ആദ്യമായാണ് മെയ്തേയ് സ്ത്രീകൾ മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തിയത്.
വിഷ്ണുപുർ, ഈംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ്, ചുരാചന്ദ്പുർ ജില്ലകളിലായി ഏഴു ക്യാമ്പുകളാണ് ഞങ്ങളുടെ സംഘം സന്ദർശിച്ചത്. ഇംഫാലിലേക്ക് പോകുന്നവഴിയിൽ പലയിടത്തും മെയ്തേയ് സ്ത്രീകൾ തടഞ്ഞു. അവർക്കറിയേണ്ടത് ഞങ്ങളുടെ ഡ്രൈവർ കുക്കി വിഭാഗക്കാരനാണോ എന്നായിരുന്നു.
അയാൾ ഒരു മുസ് ലിമായതുകൊണ്ട് ഞങ്ങൾക്ക് യാത്ര തുടരാനായി. തടയുന്നത് പൊലീസ് കാണുന്നുണ്ടെങ്കിലും അവർ നിഷ്ക്രിയരായി നോക്കിനിന്നു. രണ്ടു കുക്കി പെൺകുട്ടികളെ കണ്ടു. ഇവരെ ഹോസ്റ്റലിൽനിന്ന് മെയ്തേയ് യുവാക്കൾ തട്ടിക്കൊണ്ടുപോയതാണ്. രണ്ടുമാസം കഴിഞ്ഞ് ഞങ്ങൾ അവരെ കാണുമ്പോഴും മർദനത്തിന്റെ പാടുകളുണ്ടായിരുന്നു അവരുടെ ശരീരത്തിൽ.
അവർക്ക് പരാതിപ്പെടാൻപോലും ആരുമില്ലാത്ത അവസ്ഥയാണ്. ക്യാമ്പുകളിലെ സ്ഥിതി ഹൃദയഭേദകമാണ്. വിഷ്ണുപുർ ജില്ലയിൽ 340ഓളം പേരുള്ള ക്യാമ്പുകളിൽ രണ്ടു ശൗചാലയം മാത്രമാണുള്ളത്. -ആനിരാജ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.