കോട്ടയം: അങ്കമാലി-എരുമേലി ശബരി റെയിൽ പാതക്ക് കേന്ദ്രം പച്ചക്കൊടി കാട്ടിയെങ്കിലും യാഥാർഥ്യമാകാൻ കടമ്പകളേറെ. പദ്ധതിക്കായി വീണ്ടും സ്ഥലം ഏറ്റെടുക്കല്‍ നടപടികൾ അടുത്ത മാസം ആരംഭിക്കുമെന്നാണ് കേന്ദ്രം സംസ്ഥാനത്തിന് നൽകിയിട്ടുള്ള ഉറപ്പ്.
ശബരിമല തീർഥാടകർ ഉൾപ്പെടെ നിരവധി പേർക്ക് പ്രയോജനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന 111.48 കിലോമീറ്റര്‍ പാതക്ക് 1998ലാണ് റെയില്‍വേ അംഗീകാരം നല്‍കിയത്. എന്നാൽ 2025 ന്റെ പകുതി പിന്നിടുമ്പോഴും പദ്ധതി സ്വപ്നമായി അവശേഷിക്കുകയാണ്.
സ്ഥലമെടുപ്പ് ഇഴഞ്ഞതിനെ തുടർന്ന് പണച്ചെലവ് കൂടിയതിനാലാണ് പാത നിര്‍മാണം സ്തംഭനത്തിലായത്. ഇപ്പോൾ 2030ല്‍ പാത കമീഷന് ചെയ്യാവുന്ന രീതിയിലാണ് ജൂലൈയിൽ നടപടികൾ തുടങ്ങുന്നത്.
തൊടുപുഴ വഴി പാത വരുന്നു എന്നത് ഇടുക്കി ജില്ലക്കും ഏറെ പ്രയോജനം ചെയ്യും. റെയിൽവേ ഭൂപടത്തിൽ ഇടുക്കി ഇടം നേടും. എരുമേലി ടൗണിന് ഒന്നര കിലോമീറ്റര്‍ പിന്നിലായിരിക്കും എരുമേലി സ്റ്റേഷന്. ഭാവിയില്‍ പമ്പയിലേക്ക് പാത നീട്ടുന്നതോടെ ശബരിമല തീർഥാടകർക്കും ഗുണകരമാകും.
മൂന്ന് ജില്ലകളിലായി 14 സ്റ്റേഷനാണ് പദ്ധതിയിലുള്ളത്. പാത കടന്നുപോകാൻ തൊടുപുഴ, മീനച്ചില്‍, മണിമല ആറുകൾക്ക് മുകളിലൂടെ പാലങ്ങൾ നിർമിക്കണം. അതിന് പുറമെ പാത കടന്നുപോകുന്ന തോടുകള്‍ക്ക് കുറുകെ പത്തിലേറെ ചെറിയ പാലവും വേണം.
സ്ഥലമെടുപ്പാണ് പ്രധാന വെല്ലുവിളി. നിര്‍ദ്ദിഷ്ടപാതയില്‍ എട്ടു കിലോമീറ്റര്‍ ദൂരം മാത്രമാണ് സ്ഥലമെടുപ്പ് പൂർത്തിയായത്. അങ്കമാലി-കാലടിയിൽ ഏഴ് കിലോമീറ്റര്‍ പാത നിര്‍മാണവും പൂര്‍ത്തിയായി. പെരിയാറിന് കുറുകെ കാലടിയില്‍ റെയിൽപാലം പൂർത്തിയായിട്ടുണ്ട്.
ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലായി 14 സ്റ്റേഷനുകളാണ് പദ്ധതിയിലുള്ളത്. അങ്കമാലി, കാലടി, പെരുമ്പാവൂര്‍, ഓടക്കാലി, കോതമംഗലം, മൂവാറ്റുപുഴ, വാഴക്കുളം, തൊടുപുഴ, കരിങ്കുന്നം, രാമപുരം, ഭരണങ്ങാനം, ചെമ്മലാമറ്റം, കാഞ്ഞിരപ്പള്ളി, എരുമേലി എന്നിവയാണവ.
നിലവില്‍ പാല രാമപുരത്തിന് സമീപം നീലൂര്വരെ അലൈന്മെന്റ് നടത്തി കല്ലിട്ടിട്ടുണ്ട്. രാമപുരം മുതല്‍ എരുമേലി വരെ ഏരിയല്‍ സര്‍വേ മാത്രമാണ് നടന്നത്. ആദ്യം ഉദ്ദേശിച്ചിരുന്ന അലൈൻമെന്റും ഉപേക്ഷിച്ചു. പാലായില്‍ നിന്ന് പൊന്‍കുന്നം, ചിറക്കടവ്, വിഴിക്കത്തോട് വഴി എരുമേലിയിലേക്കായിരുന്നു ഈ അലൈന്മെന്റ്. ഭരണങ്ങാനം, തിടനാട്, കൊരട്ടി വഴിയുള്ള ലൈനാണ് ഇപ്പോള്‍ പരിഗണനയിലുള്ളത്.
ശേഷിക്കുന്ന 70 കിലോമീറ്റര്‍ സ്ഥലമെടുപ്പിന് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. അടുത്ത ഘട്ടത്തിൽ മുപ്പത് കിലോമീറ്റര്‍ സര്‍വേയും അലൈന്മെന്റും പൂര്‍ത്തിയാക്കണം. പദ്ധതിയുടെ 50 ശതമാനം തുക സംസ്ഥാനം വഹിക്കണം. ആ തുക എങ്ങനെ കണ്ടെത്തണമെന്നത് സർക്കാറിന് വെല്ലുവിളിയാണ്.
പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം പദ്ധതി ചെലവ് 3,800.93 കോടി രൂപയാണ്. സ്ഥലവും വീടും മറ്റ് കെട്ടിടങ്ങളും നഷ്ടപ്പെടുന്നവര്‍ക്ക് ഉടന്‍ നഷ്ടപരിഹാരം നല്‍കാനും നല്ലൊരു തുക കണ്ടെത്തേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.