തെറ്റുകാരെ ശിക്ഷിക്കാൻ പാർട്ടിക്ക് ഉദ്ദേശ്യമില്ലെന്നാണ് ആനാവൂരിന്‍റെ പ്രസ്താവന വ്യക്തമാക്കുന്നത് -അനുപമ

തിരുവനന്തപുരം: കുഞ്ഞിനെ താനറിയാതെ ദത്ത് നൽകിയ സംഭവത്തിൽ സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പനും തെറ്റുകാരനാണെന്ന് അനുപമ. കുഞ്ഞിനെ ദത്ത് നൽകിയതിൽ ആനാവൂരിനും പങ്കുണ്ടെന്ന് വിശ്വസിക്കുന്നു. ഷിജുഖാനെ സംരക്ഷിക്കുന്നത് ആനാവൂരിന്‍റെ പങ്ക് പുറത്തുവരുമെന്ന് ഭയന്നാണ് -അനുപമ പറഞ്ഞു. കുഞ്ഞിനെ അനുപമക്ക് വിട്ടുനൽകിക്കൊണ്ട് ഇന്നലെ കുടുംബകോടതി ഉത്തരവിട്ടിരുന്നു,

ദത്ത് കേസില്‍ സമരം തുടരുമെന്ന് അനുപമ പറഞ്ഞു. ആരോപണവിധേയരായവര്‍ക്കെതിരെ നടപടി സ്വീകരിക്കണം. സമരരീതി മാറ്റുന്നതിനെ കുറിച്ച് ആലോചിച്ച ശേഷം തീരുമാനിക്കും.

തെറ്റുചെയ്തവർ കുറ്റക്കാരല്ലായെന്ന തരത്തിലാണ് ഇപ്പോഴും പ്രസ്താവനകൾ ഇറങ്ങുന്നത്. തെറ്റുകാരെ ശിക്ഷിക്കാൻ ഉദ്ദേശ്യമില്ല എന്ന് തന്നെയാണ് കരുതുന്നത്. ആനാവൂർ നാഗപ്പനാണോ വകുപ്പുതല അന്വേഷണം നടത്തിയതെന്ന് തനിക്കറിയില്ല. അദ്ദേഹത്തിന്‍റെ പ്രതികരണം പാർട്ടിയുടെ പ്രതികരണമാണ്. പാർട്ടിക്ക് തെറ്റുകാരെ ശിക്ഷിക്കാൻ ഉദ്ദേശ്യമില്ലെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും അനുപമ പറഞ്ഞു.

ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാന്‍റെ പേരിൽ നിയമപരമായി തെറ്റുള്ളതായി കണ്ടെത്തിയിട്ടില്ലെന്നും അത് തെളിയും വരെയും നടപടി ഉണ്ടാകില്ലെന്നുമാണ് ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞത്. റിപ്പോർട്ടിന്മേൽ ഉള്ള തീരുമാനങ്ങൾ പുറത്തുവരട്ടെ. ശിശുക്ഷേമ സമിതിക്ക് ലൈസൻസില്ലായെന്ന് മാധ്യമങ്ങൾ പ്രചരിപ്പിച്ചു. ശിശുക്ഷേമ സമിതി നല്ല നിലയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ്. ആരോപണം ഉന്നയിച്ചാൽ അതിന്‍റെ പിന്നാലെ പോകുന്നത് പാർട്ടിയുടെ പണിയല്ല. ഇനിയുള്ള കാര്യങ്ങളിൽ തീരുമാനം എടുക്കേണ്ടത് കോടതിയാണ്. വീഴ്ച കണ്ടെത്തിയാൽ പരിശോധിക്കുമെന്നും നാഗപ്പന്‍ പറഞ്ഞു.

കുഞ്ഞിനെ തിരിച്ചുകിട്ടണം, കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നവംബര്‍ 11ന് അനുപമ ശിശുക്ഷേമസമിതിക്ക് മുന്നില്‍ രാപ്പകല്‍സമരം ആരംഭിച്ചത്. സമരം തുടങ്ങി പതിനാലാം ദിവസം കുഞ്ഞിനെ തിരിച്ചുകിട്ടി. ഇതോടെയാണ് ശിശുക്ഷേമസമിതിക്ക് മുന്നിലെ സമരം അവസാനിപ്പിച്ചത്. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാന്‍, സി.ഡബ്ല്യൂ.സി ചെയര്‍പേഴ്സണ്‍ എന്‍. സുനന്ദ എന്നിവര്‍ക്കെതിരെ തെളിവുണ്ടായിട്ടും എന്തുകൊണ്ട് നടപടി സ്വീകരിക്കുന്നില്ല എന്നാണ് അനുപമയുടെ ചോദ്യം.

Tags:    
News Summary - Anavurs statement that the party has no intention of punishing the culprits -Anupama

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.