ഇരിട്ടി: സി.പി.എം നിയന്ത്രണത്തിലുള്ള ആനപ്പന്തി സര്‍വിസ് സഹകരണ ബാങ്കിന്റെ കച്ചേരിക്കടവ് ശാഖയില്‍നിന്ന് മുക്കുപണ്ടം വെച്ച് ലക്ഷങ്ങൾ തട്ടിയ ബാങ്ക് ജീവനക്കാരന്‍ അറസ്റ്റിൽ. ബാങ്കിലെ വാച്ച്മാനും സിപിഎം ബ്രാഞ്ച് മുൻസെക്രട്ടറിയുമായ സുധീര്‍ തോമസിനെയാണ് മൈസൂരുവിൽ വെച്ച് ഇരിട്ടി പൊലീസ് അറസ്റ്റ് ചെയ്തത്.
ഇടപാടുകാര്‍ ബാങ്കില്‍ പണയപ്പെടുത്തിയ യഥാര്‍ഥ സ്വര്‍ണം എടുത്ത് പകരം മുക്കുപണ്ടം വെച്ച് സുധീര്‍ തോമസ് ണ് ലക്ഷങ്ങള്‍ തട്ടിയതായാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇയാളെ സഹായിച്ച കച്ചേരിക്കടവിലെ ഓണ്‍ലൈന്‍ സ്ഥാപന ഉടമയും കോൺഗ്രസ് വാർഡ് പ്രസിഡന്‍റുമായ ചക്കാനിക്കുന്നേല്‍ സുനിഷ് തോമസിനെ (35) ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ബാങ്കില്‍നിന്ന് എടുത്ത യഥാര്‍ഥ സ്വര്‍ണം ഇരിട്ടിയിലെ സ്വര്‍ണവ്യാപാരിക്ക് വിറ്റത് സുനീഷ് തോമസാണെന്ന് പൊലീസ് കണ്ടെത്തി. സുധീര്‍ തോമസ് ആണ് സ്വര്‍ണം ബാങ്കില്‍ നിന്നെടുത്ത് വിൽപന നടത്താനായി സുനീഷ് തോമസിന് നല്‍കിയതെന്നാണ് അന്വേഷണസംഘം പറയുന്നത്.
കൃത്യവിലോപത്തിന് ബാങ്ക് ശാഖാ മാനേജര്‍ എം.കെ. വിനോദിനെ ഭരണസമിതി അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. തട്ടിപ്പിനെക്കുറിച്ച് സഹകരണവകുപ്പും അന്വേഷണം ഊര്‍ജിതമാക്കി. ഇരിട്ടി സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ പി. ജയശ്രീയുടെയും സെയില്‍ ഓഫിസര്‍ സി.വി. മനോജിന്റെയും നേതൃത്വത്തില്‍ ബാങ്കിലെ പണയസ്വര്‍ണങ്ങളെ കുറിച്ചുള്ള കണക്കെടുപ്പും പരിശോധനയും ആരംഭിച്ചു.
ഏപ്രില്‍ 29നും മേയ് രണ്ടിനും ഇടയിലുള്ള ദിവസങ്ങളില്‍ ബാങ്കിന്റെ സ്ട്രോങ്ങ് റൂം തുറന്ന് 18 പാക്കറ്റുകളിലായി ഉണ്ടായിരുന്ന പണയ സ്വര്‍ണം എടുത്ത് പകരം മുക്കുപണ്ടം വെക്കുകയായിരുന്നു. റൂമിന്റെ താക്കോല്‍ അടങ്ങിയ ബാഗ് ബാങ്കിന്റെ ഷട്ടറിന് മുന്നിൽനിന്ന് കണ്ടെത്തിയിരുന്നു. കഴിഞ്ഞദിവസം രാവിലെ സുധീര്‍ തോമസ് താക്കോല്‍ക്കൂട്ടങ്ങള്‍ അടങ്ങിയ ബാഗ് ബാങ്കിന് മുന്നില്‍ വെച്ച് ഇരുചക്രവാഹനത്തില്‍ കയറി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇയാളുടെ വാഹനം വള്ളിത്തോട് ഉപേക്ഷിച്ചനിലയിലും കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.