'മികച്ച ട്രാക്ക് റെക്കോർഡുള്ള ഉദ്യോഗസ്ഥൻ, നിയമനം തികച്ചും സ്വാഭാവികം'; രത്തൻ യു.ഖേൽക്കർ വിഷയത്തിൽ വി.ഡി. സതീശൻ

തിരുവനന്തപുരം: തന്റെ സെക്രട്ടറിയായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രത്തൻ യു.ഖേൽക്കറെ നിയമിച്ചതിൽ തെറ്റില്ലെന്നും ബംഗാളിലെ സാഹചര്യമല്ല കേരളത്തിലേതെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. മന്ത്രിസഭായോഗത്തിന് ശേഷം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രത്തൻ യു.ഖേൽക്കർ കാര്യക്ഷമതയുള്ള ഉദ്യോഗസ്ഥനാണ്. മികച്ച ട്രാക്ക് റെക്കോർഡുള്ള ഉദ്യോഗസ്ഥനാണ്. അതുകൊണ്ടാണ് തന്റെ സെക്രട്ടറിയായി നിയമിച്ചതെന്നും വി.ഡി. സതീശൻ പറഞ്ഞു.

ബംഗാളിൽ എസ്.ഐ.ആറിൽ നിന്ന് വ്യാപകമായി വോട്ടുകൾ നീക്കംചെയ്തു എന്ന ഗുരുതര ആരോപണമാണ് ഉയർത്തിയിരുന്നത്. അത്തരത്തിലൊരു ആരോപണം കേരളത്തിൽ ആരും ഉയർത്തിയിട്ടില്ല. ഖേൽക്കറെ തെരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് നിർദേശിച്ചത് കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരാണ്. പ്രതിപക്ഷ നേതാവിന്റെ ഓഫിസിൽ നിന്നുള്ള പരാതിയും വ്യക്തിപരമായിരുന്നില്ലെന്നും സതീശൻ ചൂണ്ടിക്കാട്ടി.

'രത്തൻ ഖേൽക്കറെ നിയമിച്ചതിൽ എന്താണ് വിവാദമാക്കാനെന്ന് ഇതുവരെയും മനസ്സിലായിട്ടില്ല. സ്വാഭാവിക നടപടിയായിട്ടാണ് അദ്ദേഹത്തെ നിയമിച്ചിട്ടുള്ളത്. മന്ത്രിസഭാ യോഗത്തിൽ ആ വിഷയം വിശദീകരിച്ചിട്ടുണ്ട്. രമേശ് ചെന്നിത്തലയടക്കമുള്ള മന്ത്രിമാർ ഇക്കാര്യത്തിൽ പിന്തുണയറിയിച്ചിട്ടുണ്ട്. ബംഗാളിലേത് പോലുള്ള സാഹചര്യമല്ല കേരളത്തിലേതെന്ന് ചിന്തിച്ചാൽ കെട്ടുപോകുന്ന വിവാദമാണ് നിലവിൽ ഉയർന്നുകൊണ്ടിരിക്കുന്നത്'. മുഖ്യമന്ത്രി വിശദമാക്കി.

'മുൻ മന്ത്രിസഭയിലെ അംഗങ്ങൾ തന്നെ നോമിനേറ്റ് ചെയ്ത് കൊണ്ടുവന്ന രത്തൻ ഖേൽക്കർ യു.ഡി.എഫിനെ അധികാരത്തിൽ കയറാൻ സഹായിച്ചെന്ന് പറയുന്നതിൽ എന്തുമാത്രം തമാശയാണ്. ഇതെങ്ങനെ ശരിയാകും? 102 സീറ്റുകൾ നേടിയെടുത്ത്, മികച്ച പ്രകടനത്തോടെ ഞങ്ങളുടെ സർക്കാർ അധികാരത്തിൽ വന്നതിൽ അദ്ദേഹത്തിനെന്താണ് പങ്ക്? അദ്ദേഹത്തിന്റെ മികച്ച ട്രാക്ക് റെക്കോർഡ് പരിഗണിച്ചാണ് നിയമിച്ചത്. തികച്ചും സ്വാഭാവിക നിയമനം' - സതീശൻ പറഞ്ഞു. 

Tags:    
News Summary - 'An officer with an excellent track record, the conclusion is quite natural'; VD Satheesan on Ratan U. Khelkar issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.