രണ്ട് ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെ മുഖ്യമന്ത്രി പിണറായി വിജയൻ പൂച്ചെണ്ട് നൽകി സ്വീകരിക്കുന്നു
തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ രണ്ട് ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തി. വൈകീട്ട് 7.20ന് ബി.എസ്.എഫിന്റെ പ്രത്യേക വിമാനത്തിൽ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ ആഭ്യന്തര ടെർമിനലിൽ എത്തിയ അമിത് ഷായെ ബി.ജെ.പി നേതാക്കൾ ചേർന്ന് സ്വീകരിച്ചു. വിമാനത്താവള പരിസരത്തൊരുക്കിയ പ്രത്യേക വാഹനത്തിൽ കയറിനിന്ന് അമിത്ഷാ പ്രവർത്തകരെ അഭിവാദ്യം ചെയ്തു.
തുടർന്ന് കോവളം റാവിസ് ഹോട്ടലിലേക്ക് പോയി. ഹോട്ടലിൽ മുഖ്യമന്ത്രി പിണറായി വിജയൻ പൂച്ചെണ്ട് നൽകി അമിത്ഷായെ സ്വീകരിച്ചു. ശനിയാഴ്ച കോവളത്ത് നടക്കുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ഉൾപ്പെടെയുള്ളവരുടെ ഇന്റര്‍ സ്റ്റേറ്റ് കൗണ്‍സില്‍ യോഗത്തിൽ പങ്കെടുക്കാനാണ് അമിത്ഷാ എത്തിയത്.
രാവിലെ 10.30ന് കോവളം ലീലാ റാവിസില്‍ നടക്കുന്ന യോഗം അമിത്ഷാ ഉദ്ഘാടനം ചെയ്യും. വൈകീട്ട് മൂന്നിന് കഴക്കൂട്ടം അല്‍സാജ് കണ്വെന്ഷന് സെന്ററില്‍ ബി.ജെ.പി പട്ടികജാതി മോര്‍ച്ച സംഘടിപ്പിക്കുന്ന പട്ടികജാതി സംഗമവും അമിത്ഷാ ഉദ്ഘാടനം ചെയ്യും. തുടർന്ന് അദ്ദേഹം മടങ്ങുമെന്നാണ് വിവരം. നാലിന് നടക്കുന്ന നെഹ്റുട്രോഫി വള്ളംകളിക്ക് വിശിഷ്ടാതിഥിയായി അമിത്ഷായെ മുഖ്യമന്ത്രി പിണറായി വിജയൻ ക്ഷണിച്ചിരുന്നെങ്കിലും പങ്കെടുക്കാനാകില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.