Representational Image

കൊച്ചി: മലപ്പുറം ജില്ലയിലെ അംബേദ്കർ ഗ്രാമ പദ്ധതിയുടെ താളം തെറ്റി. പട്ടികവർഗ വകുപ്പ് പദ്ധതികൾ സംബന്ധിച്ച സാധ്യതാപഠനം നടത്തിയില്ല. സ്ഥലം കൈമാറുന്നതിന് മുമ്പ് നിയമപരമായി വനംവകുപ്പിൽനിന്ന് അനുമതിയും നേടിയില്ല. ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത ആദിവാസികൾക്ക് ആനുകൂല്യങ്ങൾ നിഷേധിക്കുന്നതിന് കാരണമായെന്നാണ് അന്വേഷണ റിപ്പോർട്ട്.

2017-18 വർഷത്തിലാണ് സംസ്ഥാന സർക്കാർ 'അംബേദ്കർ ഡെവലപ്‌മെന്റ് സെറ്റിൽമെന്റ് സ്കീം' അവതരിപ്പിച്ചത്. സംസ്ഥാനത്ത് ഏറ്റവും പിന്നാക്കം നിൽക്കുന്ന 101 ആദിവാസി കോളനികളിൽ വികസന പ്രവർത്തനങ്ങൾ നടപ്പാക്കാനായിരുന്നു പദ്ധതി. ഓരോ ക്ലസ്റ്ററിനും ഒരു കോടി രൂപ വീതം അനുവദിക്കും. വീട് നിർമാണം, അറ്റകുറ്റപണികൾ, കുടിവെള്ള പദ്ധതി, ടോയ്ലറ്റുകൾ, കൃഷിവികസനം, ജലസേചനം, മൃഗപരിപാലനം, സ്വയംതൊഴിൽ സംരംഭങ്ങൾ എന്നിയെല്ലാം പദ്ധതിയിൽ ഉൾപ്പെടുത്തി. പട്ടികജാതി-പട്ടികവർഗ വകുപ്പ് 2017 സെപ്റ്റംബർ 20ന് പദ്ധതി നടപ്പാക്കാനുള്ള മാർഗനിർദേശവും പുറപ്പെടുവിച്ചു. മാർഗനിർദേശപ്രകാരം പദ്ധതി നടപ്പാക്കുന്ന ഏജൻസിക്ക് കൈമാറിയ തീയതി മുതൽ ആറ് മാസത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കണം.

മലപ്പുറം ജില്ലയിലെ പാറേക്കാട്, എടവണ്ണ ആദിവാസി കോളനിയും കൽക്കുളം, തീക്കാടി, ഉച്ചക്കുളം എന്നീ ആദിവാസി കോളനികളെ ഒരു ക്ലസ്റ്ററായും പദ്ധതിയിലേക്ക് തെരഞ്ഞെടുത്തു. ഈ കോളനികളുടെ വികസനത്തിന് ഒരു കോടി വീതം അനുവദിച്ചു. ജില്ല നിർമിതി കേന്ദ്രത്തെ പദ്ധതിയുടെ നിർവഹണ ഏജൻസിയായി തെരഞ്ഞെടുത്തു. നിർമിതി കേന്ദ്രം രണ്ട് ക്ലസ്റ്ററുകൾക്കുള്ള ഡി.പി.ആർ സമർപ്പിച്ചു. കൽക്കുളം, തീക്കാടി, ഉച്ചക്കുളം ആദിവാസി കോളനികളുടെ വികസനത്തിന് നിർമിതി കേന്ദ്രവും പ്രോജക്ട് ഓഫിസറും തമ്മിൽ 2019 സെപ്റ്റംബർ അഞ്ചിനും പാറേക്കാട്, എടവണ്ണ ആദിവാസി കോളനികൾക്കായി ആഗസ്റ്റ് 20നും കരാർ ഒപ്പുവച്ചു. എസ്റ്റിമേറ്റ് തുകയായ രണ്ട് കോടി രൂപയുടെ 20 ശതമാനം (40 ലക്ഷം രൂപ) അവർക്ക് മുൻകൂറായി 2019 നവംബർ അഞ്ചിന് നിർമിതി കേന്ദ്രത്തിന് അനുവദിച്ചു. 12 മാസത്തിനുള്ളിൽ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കണമെന്നായിരുന്നു കരാറിലെ വ്യവസ്ഥ.

മൂത്തേടം ഗ്രാമപഞ്ചായത്തിലെ കൽക്കുളം കോളനിയിലും തീക്കാടി കോളനിയിലുമായി 15 വീടുകളുടെ നവീകരണത്തിനായി 17,61,015 രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി. പിന്നീട് വീടുകളുടെ എണ്ണം ഏഴാക്കി കുറച്ചു. പരിശോധനയിൽ 75 ശതമാനം പണി പൂർത്തിയാക്കി. തീക്കാടി കോളനിയിൽ അഞ്ച് വീടുകളുടെ നിർമാണത്തിന് 29,91,192 രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി. മൂന്ന് വീടുകളുടെ അടിസ്ഥാനം കെട്ടി. രണ്ട് വീടുകളുടെ അടിസ്ഥാനവും തുടങ്ങിയിട്ടില്ല. ഗുണഭോക്താക്കൾ ചില പ്രശ്‌നങ്ങൾ ഉന്നയിച്ചപ്പോൾ നിർമാണം താൽക്കാലികമായി നിർത്തിവച്ചു. പിന്നീട് പ്രശ്നങ്ങൾ പരിഹരിച്ചു. എന്നാൽ, കരാറുകാരൻ കരാറിൽ നിന്ന് പിന്മാറിയതിനെത്തുടർന്ന് വീണ്ടും ടെൻഡർ ക്ഷണിച്ചു.

കോളനിയിലെ കോമ്പൗണ്ട് മതിൽ നിർമാണത്തിന് 9,77,904 അനുവദിച്ചു. നിർമാണം തുടങ്ങി. കുടിവെള്ളത്തിന് പുതിയ കിണർ നിർമിക്കാൻ 1,37,386 രൂപ അനുവദിച്ചു. അതോടൊപ്പം കുടിവെള്ള ടാങ്കും പമ്പ് ഹൗസിനുമായി 17,82,740 രൂപയും അനുവദിച്ചു. നിർമാണം നടത്തുന്നതിന് വനം വകുപ്പിന്റെ അനുമതി ആവശ്യമാണ്. വനംവകുപ്പിന്റെ അനുമതി നേരത്തെ വാങ്ങിയില്ല. ഉച്ചക്കുളം കോളനിയിൽ 11 വീടുകളുടെ നവീകരണത്തിന് 11,46,385 രൂപ അനുവദിച്ചു. എന്നാൽ പരിശോധനയിൽ നാലു വീടുകൾക്ക് മാത്രമേ നവീകരണം ആവശ്യമുള്ളൂ. പരിശോധന നടത്തുമ്പോൾ പണി ആരംഭിച്ചിട്ടില്ല. വീടുകളുടെ നിർമാണത്തിന് 11,99,105 രൂപ അനുവദിച്ചെങ്കിലും കരാറുകാരൻ കരാറിൽ നിന്ന് പിന്മാറിയതിനെ തുടർന്നാണ് വീണ്ടും ടെൻഡർ ക്ഷണിച്ചു.

ചാലിയാർ പഞ്ചായത്തിലെ എടവണ്ണ ഊരിൽ 10 വീടുകളുടെ പുനരുദ്ധാരണത്തിന് 11,95,999 രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി. അതിൽ ആറ് വീടുകളിൽ നവീകരണം തുടങ്ങി. 80 ശതമാനം പൂർത്തിയായി. രണ്ട് വീടുകളുടെ നിർമ്മാണത്തിന് 8,43,002 രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി. രണ്ട് വീടുകളിൽ ഒരു വീട് മാത്രമാണ് നിർമ്മിക്കുന്നത്. നിലവിലുള്ള വീട് പൊളിച്ചുമാറ്റിയാണ് പുതിയ വീട് നിർമിക്കേണ്ടത്. കുടിവെള്ളത്തിന് കിണർ ആഴം കൂട്ടാൻ 2,29,609 രൂപയും കോമ്പൗണ്ട് ഭിത്തി നിർമ്മാണത്തിന് 6,82,361രൂപയും മറ്റ് നിർമ്മാണ പ്രവർത്തനങ്ങൾ 1,93,025 രൂപയും അനുവദിച്ചു. കോളനിയിലെ കൊവിഡ് പ്രശ്‌നങ്ങൾ കാരണം കരാറുകാരന് കൃത്യസമയത്ത് ജോലി ആരംഭിക്കാൻ കഴിഞ്ഞില്ല. പിന്നീട് കരാറുകാരൻ കരാറിൽ നിന്ന് പിന്മാറുകയും കേന്ദ്രം റീടെൻഡർ ക്ഷണിക്കുകയും ചെയ്തു.

പാറേക്കാട് പണിയ കോളനിയിൽ രണ്ട് വീടുകളുടെ നിർമാണത്തിന് 11,96,354 രൂപ കണക്കാക്കി. എന്നാൽ, ഒരെണ്ണം മാത്രമേ ആവശ്യമുള്ളൂവെന്ന് പിന്നീട് തീരുമാനിച്ചു. പുനരുദ്ധാരണത്തിനായി മൂന്ന് വീടുകൾക്ക് 2,09,281 രൂപ കണക്കാക്കി. പിന്നീട് ഒരു വീടിന് മാത്രമേ നവീകരണം ആവശ്യമുള്ളൂവെന്ന് കണ്ടെത്തി. 50 ശതമാനം പൂർത്തിയാക്കി. കുടിവെള്ളത്തിനായി പുതിയ കിണർ നിർമാണത്തിന് 1,56,539 രൂപ നീക്കിവെച്ചു. സ്ഥലത്ത് പഞ്ചായത്ത് പുതിയ കിണർ നിർമിച്ചതിനാൽ ഇത് റദ്ദാക്കി. കോളനികൾക്ക് കോമ്പൗണ്ട് ഭിത്തിയുടെ നിർമാണത്തിന് 4,66,499 രൂപ കണക്കാക്കിയെങ്കിലും ഭൂമി പ്രശ്നമുള്ളതിനാൽ അത് നടന്നില്ല. ശ്മശാനത്തിന് കോമ്പൗണ്ട് ഭിത്തിയുടെ നിർമാണത്തിന് 22,822 രൂപ നീക്കിവെച്ചെങ്കിലും അതും നടന്നില്ല. കോളനിക്കത്ത് നടപ്പാത നിർമിക്കാൻ നീക്കിവെച്ച 2,89,569 രൂപയും ചെലവഴിച്ചില്ല.

പദ്ധതികൾ നടപ്പാക്കുന്നതിലെ നിലവിലെ സ്ഥിതി പരിശോധിച്ചാൽ റീടെൻഡർ, ഭൂമി പ്രശ്നങ്ങൾ, കരാറുകാരുടെ പിൻമാറ്റം തുടങ്ങിയ കാരണങ്ങളാൽ 1.36 കോടി രൂപയുടെ പ്രവൃത്തികൾ ആരംഭിക്കാൻ കഴിഞ്ഞില്ല. നടപ്പാക്കേണ്ട പദ്ധതികൾ സംബന്ധിച്ച് സാധ്യതാ പഠനം നടത്തിയില്ല എന്നത് പട്ടികവർഗ വകുപ്പിന്‍റെ വീഴ്ചയാണ്. വീടുകളുടെ നിർമാണം പലതും പിന്നീട് കുറയ്ക്കേണ്ടി വന്നു. പാറേക്കാട് പണിയ എസ്.ടി കോളനിയിൽ നിർമാണം വേണ്ടെന്ന് വെച്ചു. എല്ലാ തടസങ്ങളും നീക്കി സ്ഥലം കൈമാറേണ്ടത് പട്ടികവർഗ വകുപ്പിന്റെ ഉത്തരവാദിത്തമായിരുന്നു. അതിനാൽ ഭൂപ്രശ്‌നങ്ങൾ കാരണം നിർമാണ ഏജൻസിക്ക് കോമ്പൗണ്ട് ഭിത്തികളുടെയും പാതയുടെയും നിർമാണം ആരംഭിക്കാനായില്ല.

സ്ഥലം കൈമാറുന്നതിന് മുമ്പ് മറ്റ് വകുപ്പുകളിൽ നിന്ന് നിയമപരമായ അനുമതി വാങ്ങേണ്ടത് പട്ടികവർഗ വകുപ്പിന്റെ ചുമതലയായിരുന്നു. 19.20 ലക്ഷം രൂപ ചെലവിൽ തീക്കാടി കിണറും ഓവർഹെഡ് ടാങ്കും നിർമിക്കുന്ന കുടിവെള്ള പദ്ധതി വനംവകുപ്പിന്റെ അനുമതി ലഭിക്കാത്തതിനാൽ ഏജൻസിക്ക് ഏറ്റെടുക്കാനായില്ല. സാധ്യതാപഠനം നടത്താത്തതും സ്ഥലം കൈമാറുന്നതിന് മുമ്പ് നിയമപരമായ അനുമതി ലഭിക്കാത്തതും തിരഞ്ഞെടുക്കപ്പെട്ട എസ്.ടി കോളനികളിലെ അംഗങ്ങൾക്ക് ഉദ്ദേശിച്ച ആനുകൂല്യങ്ങൾ നിഷേധിക്കുന്നതിന് കാരണമായി.

Tags:    
News Summary - ambedkar project tribal people denied benefits

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.