അമൽജ്യോതി കോളജിൽ വിദ്യാർഥിനിയുടെ ആത്മഹത്യ: തലകറങ്ങി വീണതാണെന്ന്​ കോളജ് അധികൃതർ ഡോക്‌ടറോട് പറഞ്ഞതായി വിദ്യാർഥികൾ

കാഞ്ഞിരപ്പള്ളി (കോട്ടയം): വിദ്യാർഥിനിയുടെ മരണത്തിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട്​ അമൽ ജ്യോതി എൻജിനീയറിങ് കോളജിൽ ‌പ്രതിഷേധ സമരം ശക്തമാക്കി വിദ്യാർഥികൾ. എസ്​.എഫ്​.ഐ നേതൃത്വത്തിൽ വിദ്യാർഥികൾ കോളജിലേക്ക്​ തള്ളിക്കയറിയത്​​ സംഘർഷാവസ്ഥ സൃഷ്ടിച്ചു. വിദ്യാർഥിനിയുടെ മരണത്തെക്കുറിച്ച്​ വിശദമായ അന്വേഷണം വേണമെന്ന ആവശ്യമാണ്​ വിദ്യാർഥികളും ബന്ധുക്കളും ഉന്നയിക്കുന്നത്​. തങ്ങളുടെ ഭാഗത്തുനിന്ന്​ ഒരു വീഴ്ചയുമുണ്ടായിട്ടില്ലെന്നും സത്യാവസ്ഥ അറിയാൻ തങ്ങൾക്കും താൽപര്യമുണ്ടെന്ന​ും​ കോളജ്​ അധികൃതരും വ്യക്തമാക്കി.

രണ്ടാം വര്‍ഷ ഫുഡ് ടെക്നോളജി വിദ്യാര്‍ഥിനി തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശി ശ്രദ്ധ സതീഷ് (20) കഴിഞ്ഞ വെള്ളിയാഴ്‌ച രാത്രി ഒമ്പതോടെയാണ് കോളജ് ഹോസ്റ്റലിൽ ആത്മഹത്യക്ക്​ ശ്രമിച്ചത്. ഒപ്പം താമസിക്കുന്ന കുട്ടികൾ ഭക്ഷണം കഴിക്കാൻ പുറത്തുപോയി തിരിച്ചു വരുമ്പോൾ ഫാനിൽ തൂങ്ങിയ നിലയിൽ ശ്രദ്ധയെ കാണുകയായിരുന്നു. ഉടൻ കുട്ടികൾ വിവരം അറിയിച്ചതനുസരിച്ച് എത്തിയ കോളജ് ജീവനക്കാർ ശ്രദ്ധയെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ, കുട്ടി തലകറങ്ങി വീണതാണെന്നാണ്​ കോളജ് അധികൃതർ ഡോക്‌ടറോട് പറഞ്ഞതെന്ന് ഒപ്പമുണ്ടായിരുന്ന വിദ്യാർഥികൾ ആരോപിക്കുന്നു. ആത്മഹത്യാശ്രമമാണ് എന്ന് പറഞ്ഞിരുന്നെങ്കിൽ ആ സാഹചര്യം അനുസരിച്ചുള്ള ചികിത്സ ലഭിക്കുമായിരുന്നെന്നും വിദ്യാർഥികളും ബന്ധുക്കളും ആരോപിക്കുന്നു.

ശ്രദ്ധയുടെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് വിദ്യാർഥികൾ പ്രതിഷേധിക്കുന്നത്. കോളജിലെ മുഴുവൻ വിദ്യാർഥികളും ഒത്തുചേർന്ന് കോളജ് കാമ്പസിലാണ് പ്രതിഷേധ സമരം നടത്തിയത്. കോളജ്​ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ പെരുമാറ്റമാണ്​ ആത്മഹത്യയിലേക്ക്​ നയിച്ചതെന്ന്​ വിദ്യാർഥികൾ ആരോപിക്കുന്നു.

വിദ്യാർഥിനിയുടെ മൊബൈൽ ഫോൺ കോളജ്​ അധികൃതർ പിടിച്ചെടുത്തിരുന്നു. ശ്രദ്ധയെ മാനസികമായി തകർക്കുന്ന പെരുമാറ്റമാണ്​ അധികൃതരിൽനിന്നുണ്ടായത്​. അതിനുശേഷം മരിക്കണമെന്ന്​ ശ്രദ്ധ പറഞ്ഞിരുന്നതായി സഹപാഠികൾ ആരോപിക്കുന്നു. എന്നാൽ, തങ്ങളുടെ ഭാഗത്തുനിന്ന്​ വീഴ്ചയുണ്ടായിട്ടില്ലെന്ന്​ കോളജ്​ മാനേജർ മാത്യു പായിക്കാടും പ്രതികരിച്ചു.

അസ്വാഭാവിക മരണത്തിനാണ്​ കേസെടുത്തിട്ടുള്ളത്​. സഹപാഠികൾ ഉൾപ്പെടെയുള്ളവരുടെ മൊഴി രേഖപ്പെടുത്തിയശേഷം ആവശ്യമെങ്കിൽ മറ്റ്​ വകുപ്പുകൾ ചേർക്കുമെന്നാണ്​ പൊലീസ്​ വൃത്തങ്ങൾ പറയുന്നത്​.

അതിനിടെ, വിദ്യാർഥിനിയുടെ മരണത്തിൽ പ്രതിഷേധിച്ച്​ എസ്​.എഫ്​.ഐയും കോളജിലേക്ക്​ പ്രതിഷേധ മാർച്ച്​ നടത്തി. സംസ്ഥാന സെക്രട്ടറി പി.എം ആർഷോ മാർച്ച് ഉദ്​ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ്​ ഡി. ആഷിക്, സെക്രട്ടറി മെൽബിൻ ജോസ്, സംസ്ഥാന കമ്മിറ്റി അംഗം വൈഷ്ണവി, കാഞ്ഞിരപ്പള്ളി ഏരിയ സെക്രട്ടറി ലിനു കെ. ജോൺ, പ്രസിഡന്‍റ്​ അമൽ ഡൊമിനിക്, അസ്​ലം മുഹമ്മദ് എന്നിവർ സംസാരിച്ചു.

കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം കോളജിന്​ മുന്നിൽ ക്യാമ്പ് ചെയ്തിരുന്നു. പൊലീസ് വലയം ഭേദിച്ച് വിദ്യാർഥികൾ കോളജ് വളപ്പിലെത്തി. ഇതേതുടർന്ന്​ പൊലീസും വിദ്യാർഥികളുമായി ചെറിയതോതിൽ ഉന്തും തള്ളുമുണ്ടായി. വരും ദിവസങ്ങളിലും സമരം ശക്തമാക്കുമെന്ന സൂചനയാണ്​ വിദ്യാർഥികൾ നൽകുന്നത്​.

സമഗ്രമായ അന്വേഷണം നടത്തണമെന്ന് അനൂപ് ജേക്കബ് എം.എല്‍.എ

തിരുവാങ്കുളം: കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥിനി തിരുവാങ്കുളം സ്വദേശി ശ്രദ്ധാ സതീഷിന്റെ മരണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ അനൂപ് ജേക്കബ് എം.എല്‍.എ ആവശ്യപ്പെട്ടു. തിരുവാങ്കുളത്തെ ശ്രദ്ധയുടെ വീട് സന്ദർശിച്ച എം.എൽ.എ കുടുംബത്തെ ആശ്വസിപ്പിച്ചു.

മാതാപിതാക്കൾ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിക്ക് എം.എല്‍.എ കത്ത് നല്‍കിയത്. അമല്‍ ജ്യോതി കോളജ് അധികൃതരുടെ മാനസിക പീഡനമാണ് ശ്രദ്ധയുടെ മരണകാരണമാണെന്നാണ് ബന്ധുക്കളുടെ പരാതി.

അന്വേഷണം നടത്തണം - ഫ്രറ്റേണിറ്റി മൂവ്മെന്‍റ്​

കോട്ടയം: കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളജിൽ ശ്രദ്ധ എന്ന പെൺകുട്ടി ആത്മഹത്യചെയ്ത സംഭവത്തിന്മേൽ സമഗ്ര അന്വേഷണം നടത്തണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്‍റ്​ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. സംഭവം നടന്ന് ഇത്രദിവസം കഴിഞ്ഞിട്ടും മാനേജ്മെ​ന്‍റ്​ തൃപ്തികരമായ ഒരു വിശദീകരണംപോലും തരാൻ തയാറായിട്ടില്ല. രണ്ടാം വർഷ ഫുഡ് ടെക്നോളജി വിദ്യാർഥിനിയായിരുന്ന ശ്രദ്ധ കഴിഞ്ഞദിവസമാണ്‌ ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്തത്‌. അധ്യാപകരുടെ ഭാഗത്തുനിന്നുള്ള മാനസിക സമ്മർദം മൂലമാണ്‌ ആത്മഹത്യ ചെയ്തതെന്നാണ്‌ സഹപാഠികൾ ആരോപിക്കുന്നത്‌.

ശ്രദ്ധയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അമൽജ്യോതി കോളജ് വിദ്യാർഥികൾ കാമ്പസിൽ പ്രതിഷേധം നടത്തിയിരുന്നു. അമൽജ്യോതി വിദ്യാർഥികൾ നടത്തുന്ന സമരത്തിന് ഫ്രറ്റേണിറ്റി മൂവ്മെന്‍റിന്‍റെ ഐക്യദാർഢ്യം അറിയിച്ചു. ഉന്നതതലങ്ങളിൽ സമ്മർദം ചെലുത്തി നിജസ്ഥിതി പുറത്ത്​ കൊണ്ടുവരാതിരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ആരോപണമുണ്ട്‌‌. ഇതുമായി ബന്ധപ്പെട്ട്‌ ശക്തമായ സമരപരിപാടികൾ നടത്തുമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്‍റ്​ ജില്ല പ്രസിഡന്‍റ്​ സമീർ ബിൻ ഷറഫ് അറിയിച്ചു.

Tags:    
News Summary - Amaljyoti College student's suicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.