മലപ്പുറം: ലോക്സഭ തെരഞ്ഞെടുപ്പിൽ മൂന്നാംസീറ്റ് പ്രതീക്ഷിക്കേണ്ടെന്ന് കോൺഗ്രസ് സൂചന നൽകുമ്പോഴും പിന്നോട്ടുപോകേണ്ടതില്ലെന്ന നിലപാടിൽ മുസ് ലിം ലീഗ്. നിലപാട് കടുപ്പിക്കാനും ലീഗ് നേതൃയോഗം തീരുമാനിച്ചു. ലോക്സഭയിൽ മൂന്നാം സീറ്റ് വേണമെന്ന് മാത്രമല്ല, നേരത്തെ വിട്ടുകൊടുത്ത രാജ്യസഭ സീറ്റ് തിരിച്ചുവേണമെന്ന് ആവശ്യപ്പെടാനുമാണ് പുതിയ തീരുമാനം.
ചൊവ്വാഴ്ച പാണക്കാട്ട് ചേർന്ന ഉന്നത നേതാക്കളുടെ യോഗം സീറ്റ് തരില്ലെന്ന കോൺഗ്രസ് നിലപാടിൽ അതൃപ്തി അറിയിച്ചു. മൂന്നാംസീറ്റ് ലീഗിന് നൽകിയാൽ സാമുദായിക സമവാക്യം പ്രശ്നമാവുമെന്ന കോൺഗ്രസ് വിലയിരുത്തൽ തള്ളിക്കളയണമെന്ന് യോഗം അഭിപ്രായപ്പെട്ടു. കോൺഗ്രസിന്റെ ഇത്തരം പേടിയാണ് ഇൻഡ്യ മുന്നണിയുടെ തകർച്ചക്ക് വരെ കാരണമാവുന്നതെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.
ഇടതുമുന്നണി സി.പി.ഐക്ക് നൽകുന്ന പരിഗണന ഈ വിഷയത്തിൽ ലീഗ് എടുത്തുപറയുന്നു. ഒറ്റക്ക് നിന്നാൽ എവിടെയും ജയിക്കാത്ത സി.പി.ഐക്ക് ലോക്സഭ തെരഞ്ഞെടുവിൽ ഇടതുമുന്നണി നാല് സീറ്റ് നൽകുമ്പോൾ യു.ഡി.എഫിൽനിന്ന് മാറി ഒറ്റക്ക് മത്സരിച്ചാലും ജയിക്കാവുന്ന സീറ്റുകളാണ് ഇപ്പോഴും ലീഗിന് നൽകുന്നത്. ഇത് അണികൾക്കിടയിൽ കടുത്ത പ്രതിഷേധത്തിനും നിരാശക്കും ഇടയാക്കുന്നെന്ന് യോഗം വിലയിരുത്തി.
സമസ്ത ഈ വിഷയത്തിൽ ലീഗിനെ പ്രതിക്കൂട്ടിലാക്കുന്ന കാര്യവും യോഗത്തിൽ ചർച്ചയായി. രാജ്യസഭ സീറ്റ് കിട്ടിയാൽ പ്രശ്നം പരിഹരിക്കാമെന്ന നിലപാടിലായിരുന്നു ആദ്യം ലീഗ്. അക്കാര്യത്തിലും പ്രതീക്ഷ വേണ്ടെന്ന് കോൺഗ്രസ് സൂചന നൽകിയത് പാർട്ടിനേതാക്കളെ കൂടുതൽ പ്രകോപിതരാക്കി.
മാത്രമല്ല യു.ഡി.എഫ് യോഗതീരുമാനം വരും മുമ്പ്, മൂന്നാം സീറ്റില്ലെന്ന് കോൺഗ്രസ് കേന്ദ്രങ്ങളിൽ നിന്ന് മാധ്യമങ്ങൾക്ക് വിവരം ചോരുന്നതും ലീഗിനെ രോഷം കൊള്ളിക്കുന്നു.
പാണക്കാട് സാദിഖലി തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന നേതൃയോഗത്തിൽ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ, എം.പി. അബ്ദുസമദ് സമദാനി, പി.എം.എ. സലാം തുടങ്ങിയവർ പങ്കെടുത്തു.
മലപ്പുറം: ലോക്സഭ തെരെഞ്ഞടുപ്പിൽ മുസ്ലിംലീഗിന് മൂന്നാമതൊരു സീറ്റ് കൂടി വേണമെന്ന കാര്യത്തിൽ പിന്നോട്ടില്ലെന്ന് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. പാണക്കാട്ട് ലീഗ് നേതൃയോഗ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തിൽ പാർട്ടി പിറകോട്ട് പോയിട്ടില്ല. ലീഗ് ഒരു കാര്യം പറഞ്ഞാൻ അതിലുറച്ച് നിൽക്കും. നേരത്തെയെടുത്ത നിലപാടിൽ ഒരു വ്യത്യാസവുമില്ല.
കാര്യങ്ങൾ തീരുമാനമാകുമ്പോൾ വ്യക്തമായി പറയാം. യു.ഡി.എഫ് യോഗം അടുത്തുതന്നെ ഉണ്ടാകും. അതിൽ അന്തിമകാര്യങ്ങൾ പറയും. . ലീഗിന്റെ സ്ഥാനാർഥി പ്രഖ്യാപനവും കൃത്യസമയത്ത് ഉണ്ടാകും.
മൂന്നാംസീറ്റ് വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുമെന്ന് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീറും വ്യക്തമാക്കി. പൊന്നാനി, മലപ്പുറം മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പരസ്പരം മാറ്റാൻ താൻ ആവശ്യപ്പെട്ടിട്ടില്ല. പാർട്ടി അക്കാര്യം ചർച്ച ചെയ്തിട്ടില്ലെന്നും ഇ.ടി. മുഹമ്മദ് ബഷീർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.