'ശോഭ സുരേന്ദ്രനെ നേരിട്ട് കണ്ടിട്ടില്ല, സംസാരിച്ചിട്ടില്ല; ബുദ്ധിയുള്ള ആരെങ്കിലും ബി.ജെ.പിയിൽ ചേരുമോ'

തിരുവനന്തപുരം: ശോഭ സുരേന്ദ്രനെ നേരിട്ട് കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. തനിക്കെതിരായ ആരോപണങ്ങള്‍ ആസൂത്രിത പദ്ധതിയുടെ ഭാഗമാണ്. ബുദ്ധിയുള്ള ആരെങ്കിലും ബി.ജെ.പിയിൽ ചേരുമോയെന്നും ജയരാജൻ ചോദിച്ചു. ഇ.പിയും താനും മൂന്ന് തവണ കൂടിക്കാഴ്ച നടത്തിയെന്ന് ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രൻ പറഞ്ഞതിന് പിന്നാലെയാണ് ജയരാജന്‍റെ പ്രതികരണം.

പുറത്തുവരുന്ന വാർത്തകൾക്ക് അധിക ആയുസ്സ് ഇല്ലെന്ന് ഇ.പി. ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു. എനിക്കെതിരായ ആരോപണങ്ങള്‍ ആസൂത്രിത പദ്ധതിയുടെ ഭാഗമാണ്. മാധ്യമങ്ങള്‍ നിഷ്പക്ഷമായി ഇക്കാര്യം അന്വേഷിക്കണം. എന്നെപോലൊരാള്‍ എന്തിനാണ് ശോഭാ സുരേന്ദ്രനോട് സംസാരിക്കുന്നത്. അല്‍പ്പം ബുദ്ധിയുള്ള ആരെങ്കിലും ബി.ജെ.പിയില്‍ ചേരുമോ? ഞാന്‍ ബി.ജെ.പിയില്‍ ചേരുമെന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടോ? -ഇ.പി ചോദിച്ചു. സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരാൻ തിരുവനന്തപുരത്ത് എത്തിയപ്പോഴായിരുന്നു പ്രതികരണം.

"ശോഭാ സുരേന്ദ്രൻ എന്ന സ്ത്രീയെ ഞാൻ ഇതുവരെ ഒരു സ്ഥലത്ത് വച്ചും നേരിട്ട് കാണുകയോ, സംസാരിക്കുകയോ ചെയ്തിട്ടില്ല. ഞാൻ ഇന്നുവരെ അവർ പറയുന്ന ഹോട്ടലിൽ പോയിട്ടില്ല. എന്ത് കാര്യത്തിനാണ് ഞാൻ കാണേണ്ടത്? ഞാൻ ബി.ജെ.പിയിൽ ചേരാനോ? അല്പം ബുദ്ധിയുള്ള ആരെങ്കിലും ബി.ജെ.പിയിൽ ചേരുമോ" എന്നായിരുന്നു ഇ.പിയുടെ മറുചോദ്യം. തനിക്കെതിരെയുളള ആസൂത്രിതമായ പദ്ധതിയാണിത് അതിന്റെ ഭാഗമായാണ് ഇത്തരം വാർത്തകൾ വരുന്നത്. ഒരാൾ എന്നെ വന്നു കാണുന്നത് പാർട്ടിയിൽ റിപ്പോർട്ട് ചെയ്യേണ്ടതുണ്ടോ? പാർട്ടി നേതാക്കന്മാർ പലരെയും കാണാറുണ്ട്. ഞങ്ങളെ പലരും വന്നു കാണാറുമുണ്ട്. അതൊക്കെ പാർട്ടിയെ അറിയിക്കുന്നതെന്തിന് എന്നും ഇ.പി ചോദിച്ചു.

ഇ.പി. ജയരാജനുമായി മൂന്ന് തവണ കൂടിക്കാഴ്ച നടത്തിയതായാണ് ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രൻ അവകാശപ്പെട്ടത്. ദല്ലാൾ നന്ദകുമാറാണ് തന്നെ ഇ.പി. ജയരാജനുമായി പരിചയപ്പെടുത്തുന്നത്. നന്ദകുമാറിന്റെ സാന്നിധ്യത്തിൽ മൂന്നുതവണ ഇ.പിയുമായി കൂടിക്കാഴ്ച നടത്തി. വെണ്ണലയിലെ നന്ദകുമാറിന്റെ വീട്ടിൽവെച്ചും പിന്നീട് ഡൽഹി ലളിത് ഹോട്ടലിലും മൂന്നാമത് തൃശ്ശൂർ രാമനിലയത്തിലുമാണ്‌ കൂടിക്കാഴ്ചകൾ നടന്നതെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞിരുന്നു. ബി.ജെ.പിയിൽ ചേരുന്നതിന് തൊട്ടുമുമ്പാണ് ഇ.പി പിന്മാറിയതെന്നും ശോഭ പറഞ്ഞു. 

Tags:    
News Summary - Allegations against him are part of a master plan' EP Jayarajan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.