ഈരാറ്റുപേട്ട: പൂഞ്ഞാർ സെന്റ് മേരീസ് പള്ളിമുറ്റത്തുണ്ടായ വിഷയം പർവതീകരിക്കാനും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുക്കാനും പൊലീസിനുമേൽ ജനപ്രതിനിധികളുടെ ശക്തമായ സമ്മർദം ഉണ്ടായതായി വ്യാപക ആക്ഷേപം. ഒറ്റപ്പെട്ട സംഭവത്തെ ഇരുമതവിഭാഗങ്ങൾ തമ്മിലെ പ്രശ്നമാക്കി മാറ്റാനുള്ള ശ്രമമാണ് അരങ്ങേറിയത്.
കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചക്ക് 12.30 ഓടെയാണ് സംഭവത്തിന്റെ തുടക്കം. ഈരാറ്റുപേട്ട ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥികൾ വിടവാങ്ങൽ പരിപാടി നടത്തിയിരുന്നു. ഇതിനുശേഷം 50ഒാളം കുട്ടികൾ ഫോട്ടോ ഷൂട്ടിന് പൂഞ്ഞാർ ഭാഗത്തേക്ക് പോയി. തീക്കോയി, മാർമല അരുവി, പൂഞ്ഞാർ തുടങ്ങിയ സ്ഥലങ്ങളിൽ ഫോട്ടോ എടുത്തശേഷം പൂഞ്ഞാർ ദേവാലയമുറ്റത്തും എത്തി. അവിടെ എത്തിയവരിൽ 17 പേർ ആ ദേവാലയ വിശ്വാസവുമായി ബന്ധപ്പെട്ട കുട്ടികളാണ്.
ചർച്ചിന് മുന്നിലെ വലിയ ഗ്രൗണ്ടിൽ കുട്ടികൾ വാഹനം പാർക്ക് ചെയ്തു. ഇതിനിടയിലാണ് കൈയേറ്റം ചെയ്യാൻ ശ്രമിച്ചെന്ന് പറയപ്പെടുന്ന വൈദികൻ അവിടെ എത്തുകയും കുട്ടികളെ പുറത്താക്കി ഗേറ്റ് പൂട്ടുകയും ചെയ്തത്. പുറത്തേക്കുപോയ വാഹനത്തിന്റെ കണ്ണാടി ഇദ്ദേഹത്തിന്റെ ദേഹത്ത് തട്ടുക മാത്രമാണ് ചെയ്തതെന്നാണ് വിദ്യാർഥികൾ പറയുന്നത്.
ഉച്ചക്ക് നടന്ന സംഭവത്തിൽ വൈകീട്ട് അഞ്ചിന് ദേവാലയത്തിൽനിന്ന് കൂട്ടമണി കേൾക്കുമ്പോഴാണ് ഇടവക നിവാസികൾ സംഭവം അറിയുന്നത്. തുടർന്ന് ആറോടെ വിശ്വാസികളുടെ പ്രതിഷേധ പ്രകടനവും നടന്നു. ഫോട്ടോഷൂട്ടിൽ പങ്കെടുത്ത മുഴുവൻ വിദ്യാർഥികളെയും രാത്രിയോടെ കസ്റ്റഡിയിലെടുത്തു. സ്വാഭാവികമായി നടന്ന സംഭവത്തിൽ പക്ഷപാതപരമായ സമീപനത്തിലൂടെയാണ് കേസ് പൊലീസ് കൈകാര്യം ചെയ്തതെന്നാണ് വിദ്യാർഥികളുടെ രക്ഷിതാക്കൾ പറയുന്നത്.
17 വിദ്യാർഥികൾ 18 വയസ്സ് പൂർത്തിയായവരും 10 പേർ പ്രായപൂർത്തിയാകാത്തവരുമാണ്. 17 വിദ്യാർഥികളെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയും കാക്കനാട്ടെ ജുവനൈൽ ഹോസ്റ്റലിലേക്ക് മാറ്റുകയും ചെയ്തു. 10 പ്രായപൂർത്തിയാകാത്ത വിദ്യാർഥികളെ അതിരമ്പുഴയിലെ ജൂവനൈൽ ഹോമിലേക്ക് അയച്ചു.
വിദ്യാർഥികൾക്കെതിരെ പൊലീസ് 307 ാം വകുപ്പാണ് ചുമത്തിയത്. 10 വർഷം തടവും പിഴയും ശിക്ഷ ലഭിക്കാവുന്നതും ജാമ്യം ലഭിക്കാത്തതുമായ വകുപ്പാണിത്. ഈ വർഷം പൊതുപരീക്ഷ എഴുതേണ്ട വിദ്യാർഥികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
നിസ്സാര പരിക്ക് പറ്റിയതിന് 307ാം വകുപ്പ് ചുമത്തിയതിനെതിരെ നാട്ടിൽ വ്യാപക പ്രതിഷേധം ഉണ്ടായിട്ടുണ്ട്. നീതി നിഷേധത്തിനെതിരെ വിവിധ സംഘടനകൾ ചേർന്ന് ആക്ഷൻ കമ്മിറ്റി രൂപവത്കരിക്കാൻ ഒരുങ്ങുകയാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.