ആലപ്പുഴ: സംസ്ഥാനത്തെ അതിദാരിദ്ര്യം തുടച്ചുനീക്കാൻ സര്‍ക്കാർ നടപ്പാക്കി വരുന്ന അതിദാരിദ്യ നിര്‍മാര്‍ജന യജ്ഞത്തിന്റെ ഭാഗമായി നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായി ജില്ലയിലെ 3131 കുടുംബങ്ങൾ അതിദാരിദ്ര്യത്തില്‍നിന്ന് മുക്തമായതായി സർക്കാർ റിപ്പോർട്ട്.
തെള്ളകം ഡി.എം കണ്വെന്ഷൻ സെന്ററിൽ ചേര്‍ന്ന ആലപ്പുഴ, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലെ പദ്ധതികൾ സംബന്ധിച്ച മേഖലാതല അവലോകന യോഗത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷനൽ സെക്രട്ടറി ഡോ. എസ്. ചിത്ര അവതരിപ്പിച്ച അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതി പുരോഗതി റിപ്പോര്‍ട്ടിൽ ആലപ്പുഴ ജില്ലയിലെ 99 ശതമാനം അതിദരിദ്ര കുടുംബങ്ങളും അതിദാരിദ്ര്യത്തില്‍നിന്ന് മുക്തമായതായി ചൂണ്ടിക്കാട്ടുന്നു.
ജില്ലയിൽ 3153 കുടുംബങ്ങളെയാണ് അതിദരിദ്രരായി കണ്ടെത്തിയിരുന്നത്. പദ്ധതിയുടെ ഭാഗമായി ജില്ലയിൽ മികച്ച പ്രവര്‍ത്തനമാണ് നടക്കുന്നതെന്നും വരുന്ന ആഗസ്റ്റോടെ ജില്ലയിലെ 100 ശതമാനം കുടുംബങ്ങളെയും അതിദാരിദ്ര്യത്തില്‍നിന്ന് മുക്തമാക്കാനാവുമെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
10 പേര്‍ക്കായി മാവേലിക്കരയിൽ കണ്ടെത്തിയ 31 സെന്റ് ഭൂമിയുടെ പട്ടയം നല്‍കാനുള്ള നടപടി സ്വീകരിച്ചുവരുകയാണ്. ഇത് രണ്ടുമാസത്തിനകം പൂര്‍ത്തീകരിക്കും.
കായംകുളം മുനിസിപ്പാലിറ്റിയിലെ 26 ഗുണഭോക്താക്കള്‍ക്കായി കണ്ടെത്തിയ ഭൂമി ലഭ്യമാക്കാനുള്ള നടപടിക്രമങ്ങളും പുരോഗമിക്കുകയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. പദ്ധതിയുടെ ഭാഗമായി എല്ലാ കുടുംബങ്ങള്‍ക്കും ഭക്ഷണം, മരുന്ന്, പാലിയേറ്റിവ് കെയർ, ആരോഗ്യ സുരക്ഷ ഉപകരണങ്ങൾ എന്നിവ ലഭ്യമാക്കിയിട്ടുണ്ട്.
ഇവര്‍ക്ക് ഇ.പി.ഐ.പി തിരിച്ചറിയൽ കാര്‍ഡുകളും അവകാശ രേഖകളും ലഭ്യമാക്കിയിട്ടുണ്ട്. അതിദരിദ്ര കുടുംബങ്ങളിലെ കുട്ടികള്‍ക്ക് സൗജന്യബസ് യാത്രാ പാസ്, പഠനോപകരണങ്ങൾ എന്നിവയും വിതരണം ചെയ്തു.
സംസ്ഥാന സര്‍ക്കാർ ഏറ്റെടുത്ത പ്രധാന പ്രവര്‍ത്തനമാണ് അതിദാരിദ്ര്യ നിര്‍മാര്‍ജനമെന്നും നവംബറിൽ സംസ്ഥാനത്തെ അതിദരിദ്രമുക്തമായി പ്രഖ്യാപിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ഉപസംഹാരപ്രസംഗത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.