ആറാട്ടുപുഴ: കാലവർഷം എത്തിയേതാടെ ആറാട്ടുപുഴ-തൃക്കുന്നപ്പുഴ തീരങ്ങൾ ദുരന്തത്തിെൻറ വക്കിൽ. ഏത് നിമിഷവും ആർത്തലച്ചു വരുന്ന തിരമാലകൾ കരയിൽ ദുരിതം വിതക്കാം. കടൽ ഭിത്തി ദുർബലമായ പ്രദേശങ്ങളിൽ തീരദേശ റോഡും വീടുകളും ഗുരുതര ഭീഷണിയിലാണ്.
പെൻഷൻ പണം കൊണ്ടും പലിശക്ക് കടം വാങ്ങിയും വീടിന് ചുറ്റും ഉയർത്തിയ മണൽ തിട്ടകളുടെ സുരക്ഷിതത്വം മാത്രമാണ് ചിലർക്കുള്ളത്. അലറിയെത്തുന്ന തിരമാലയെ പ്രതിരോധിക്കാൻ ഇവയ്ക്ക് കഴിയില്ലെങ്കിലും അധികാരികൾ കൈവെടിഞ്ഞ ഒരു ജനതക്ക് മറ്റ് മാർഗമില്ല. അപകടകരമായ അവസ്ഥയിലെത്തിയിട്ടും തീര സംരക്ഷണത്തിന് നടപടിയില്ലാത്തത് ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു.
കാലവർഷം ശക്തി പ്രാപിച്ചതോടെ കടൽ ഒാരോദിവസവും കൂടുതൽ പ്രക്ഷുബ്ദമാകുകയാണ്. കഴിഞ്ഞ വർഷം കടലാക്രമണം തീരത്ത് കടുത്ത ദുരിതങ്ങളാണ് വിതച്ചത്. ഭീകരമായ സാഹചര്യമായിരുന്നു തീരവാസികൾ അന്ന് നേരിട്ടത്. കരയിലേക്ക് പാഞ്ഞ് കയറുന്ന തിരമാലകൾ കടൽതീരത്തിന് അകലെയുള്ള വീടുകളിൽ വരെ ദുരിതം വിതച്ചു. നൂറുകണക്കിന് ആളുകൾ ക്യാമ്പുകളിലേക്കും ബന്ധുവീടുകളിലേക്കും താമസം മാറ്റി. നിരവധി പ്രഖ്യാപനങ്ങളും ടെൻഡറുകളുമായി എത്തിയെങ്കിലും കടലടങ്ങിയപ്പോൾ അതും അടങ്ങി.
അപകടാവസ്ഥ കൂടുതലുള്ള പ്രദേശങ്ങളിൽ പോലും തീരസംരക്ഷണ പ്രവർത്തനങ്ങളൊന്നും ഇതുവരെ നടത്തിയില്ല. 80.81 കോടി രൂപ ചെലവഴിച്ച് ആറാട്ടുപുഴയുടെ വിവിധ പ്രദേശങ്ങളിൽ പുലിമുട്ടും കടൽഭിത്തിയും ഉടൻ നിർമിക്കുമെന്ന് കഴിഞ്ഞ കടലാക്രമണത്തിന് ശേഷം പ്രഖ്യാപനം ഉണ്ടായിരുന്നെങ്കിലും അതും പാഴ്വാക്കായി.
ടെൻഡർ എടുക്കാൻ ആളില്ലെന്ന മറുപടിയാണ് അധികൃതർ നൽകുന്നത്. തീരം സംരക്ഷിക്കാതെ കരിമണൽ ഖനനത്തിന് അനുകൂല സാഹചര്യമൊരുക്കുകയാണ് അധികാരികളെന്ന് നാട്ടുകാർ സംശയിക്കുന്നു. ദുരിതത്തിലാകുന്ന ജനങ്ങൾ തീരം വിട്ടൊഴിയുന്ന സാഹചര്യം സൃഷ്ടിക്കുകയാണ് ഇക്കൂട്ടരുടെ ലക്ഷ്യമെന്നും ആരോപണം ഉണ്ട്.
ആറാട്ടുപുഴ പഞ്ചായത്തിലെ വലിയഴീക്കൽ, പെരുമ്പള്ളി, വട്ടച്ചാൽ, നല്ലാണിക്കൽ, ആറാട്ടുപുഴ ബസ് സ്റ്റാൻഡ്, എം.ഇ.എസ് ജങ്ഷൻ, കാർത്തിക ജങ്ഷൻ എന്നിവിടങ്ങളും തൃക്കുന്നപ്പുഴ പഞ്ചായത്തിലെ െഗസ്റ്റ് ഹൗസ് ജങ്ഷൻ, മതുക്കൽ, പാനൂർ, പുത്തൻപുര ജങ്ഷന് പടിഞ്ഞാറ്, പല്ലന ഹൈസ്കൂൾ ജങ്ഷൻ എന്നിവിടങ്ങളിലാണ് കടലാക്രമണ ഭീഷണി ഏറെ. ഇവിടെയൊരു ഒരുവർഷമായിട്ടും തീരസംരക്ഷണ നടപടികൾ കൈക്കൊണ്ടിട്ടില്ല. കൂടുതൽ അപകടാവസ്ഥയുള്ള ആറാട്ടുപുഴ നല്ലാണിക്കൽ ഭാഗത്ത് 40 ലക്ഷം രൂപ ചെലവഴിച്ച് തീരസംരക്ഷണ നടപടി സ്വീകരിക്കുമെന്ന് അധികാരികൾ പ്രഖ്യാപിച്ചെങ്കിലും ദുരന്തത്തിെൻറ വക്കിലെത്തിയിട്ടും നടപടികളായില്ല.
ഇവിടെ തീരദേശ റോഡും നിരവധി വീടുകളും ഏത് നിമിഷവും കടലെടുക്കുന്ന അവസ്ഥയിലാണ്. അളവ് മാത്രമാണ് നാളിതുവരെ നടന്നത്. പ്രത്യേകതരം ജിയോ സഞ്ചികളിൽ മണൽ നിറച്ച് തീരത്ത് അടുക്കിവെച്ച് തീരം സംരക്ഷിക്കുന്നതിനാണ് തുക അനുവദിച്ചത്. എന്നാൽ, നടപടികൾ ഇഴഞ്ഞ് നീങ്ങുകയാണ്. സഞ്ചികിട്ടുന്നില്ലെന്നാണ് കരാറുകാർ പറയുന്നതെന്നാണ് മേജർ ഇറിഗേഷൻ വകുപ്പിെൻറ ന്യായം.
കടൽ പ്രക്ഷുബ്ദമായ ഘട്ടത്തിലും നടപടി ഉണ്ടാകാത്തതിനെതിരെ തീരത്ത് പ്രതിഷേധം കനക്കുകയാണ്. എല്ലാം പ്രഹസനമാക്കി തീരവാസികളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രമാണിതെന്ന് നാട്ടുകാർ പറയുന്നു. നല്ലാണിക്കൽ പോലെതന്നെ അപകട ഭീഷണി ഉയർത്തുന്ന സ്ഥലങ്ങളുടെ സംരക്ഷണത്തെക്കുറിച്ച് അധികാരികൾ മൗനം പാലിക്കുകയാണ്. വരാൻ പോകുന്ന ദുരിതങ്ങളുടെ തീവ്രത വളരെ വലുതായിരിക്കുമെന്ന് തീരവാസികൾക്ക് ബോധ്യമുണ്ട്. തങ്ങളുടെ കിടപ്പാടം സംരക്ഷിക്കാൻ എന്ത് ചെയ്യുമെന്നറിയാതെ ഭീതിയിലും സങ്കടത്തിലും കഴിയുകയാണിവർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.