എ.കെ.ജി സെന്‍റർ ആക്രമണം; ജിതിൻ നിരപരാധിയെന്ന് കെ. സുധാകരൻ

കൊച്ചി: എ.കെ.ജി സെന്‍റർ ആക്രമണക്കേസിൽ പ്രതിയാക്കിയ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ജിതിൻ നിരപരാധിയാണെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. എ.കെ.ജി സെന്‍ററിലേക്ക് ബോംബെറിഞ്ഞു എന്നത് ശുദ്ധ നുണയാണെന്നും സുധാകരൻ പറഞ്ഞു.

ജിതിനെ ചോദ്യം ചെയ്യുന്നതിനിടെ ചോക്ലേറ്റിൽ മായം കലർത്തി മയക്കുന്നുണ്ട്. ജിതിനെ വിട്ടയച്ചില്ലെങ്കിൽ നാളെ പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തും. തീക്കൊള്ളി കൊണ്ട് തല ചൊറിയരുതെന്നും സുധാകരൻ പറഞ്ഞു.

യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകനായ ജിതിന് കേസുമായി ബന്ധമില്ലെന്ന് കോൺഗ്രസ് നേതാവ് വി.ടി. ബൽറാം പറഞ്ഞു. സ‍ര്‍ക്കാറിന്റെ മുഖം രക്ഷിക്കാനുള്ള നടപടിയായി മാത്രമേ കസ്റ്റഡിയേ കാണാനാകൂ. ജിതിൽ യൂത്ത് കോൺഗ്രസ് പ്രവ‍ര്‍ത്തകനാണെന്നും അക്കാര്യം തള്ളിപ്പറയില്ലെന്നും വി.ടി. ബൽറാം വ്യക്തമാക്കി.

യൂത്ത് കോൺഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റായ മൺവിള സ്വദേശി ജിതിനെയാണ് എ.കെ.ജി സെന്‍റർ ആക്രമണക്കേസിൽ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. എ.കെ.ജി സെന്ററിന് നേരെ സ്ഫോടക വസ്തു എറിഞ്ഞത് ജിതിനാണെന്നാണ് പൊലീസ് പറയുന്നത്. സി.സി.ടി.വി ദൃശ്യങ്ങൾ, ഫോൺ രേഖകൾ എന്നിവ ആധാരമാക്കിയുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് നീക്കം.

ജൂൺ 30ന് രാത്രിയാണ് സി.പി.എം സംസ്ഥാന സമിതി ഓഫിസായ തിരുവനന്തപുരത്തെ എ.കെ.ജി സെന്‍ററിനുനേരെ സ്ഫോടകവസ്തു എറിഞ്ഞത്. സംഭവം നടന്ന് രണ്ടര മാസം കഴിഞ്ഞാണ് പ്രതിയെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. 

Tags:    
News Summary - AKG Center Attack; Jitin is innocent said Sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.