ആകാശ് തില്ലങ്കേരി പി.ജെ ആർമിയുടെ മുന്നണി പോരാളി; മുഖ്യമന്ത്രിക്ക് മിണ്ടാട്ടമില്ലെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിനെ കൊല്ലിച്ചവരെയും കണ്ടെത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പി.ജെ ആർമിയുടെ മുന്നണി പോരാളിയാണ് ഷുബൈഹ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരി. ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലിൽ മുഖ്യമന്ത്രിക്ക് മിണ്ടാട്ടമില്ല. കേസിലെ പ്രതികളെ രക്ഷിക്കാൻ സി.പി.എം കുറി നടത്തി. ഷുഹൈബ് വധത്തിന് പിന്നിലെ ഗൂഢാലോചനക്കാരെ രക്ഷിക്കാനാണ് സി.ബി.ഐയെ എതിർക്കുന്നതെന്നും സതീശൻ ചൂണ്ടിക്കാട്ടി.

ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തൽ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് നിയമസഭയിൽ പ്രതിപക്ഷം അടിയന്തര പ്രമേയം കൊണ്ടുവന്നത്. ഷുഹൈബ് വധത്തിൽ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് സർക്കാർ പറയുന്നത് പ്രതികളെ സംരക്ഷിക്കാനെന്ന് ടി. സിദ്ദീഖ് ആരോപിച്ചു. കേസിലെ 11 പ്രതികളും സി.പി.എം ക്വട്ടേഷൻ സംഘമാണ്. കൊലക്ക് കാരണം രാഷ്ട്രീയമാണെന്നും ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലിൽ തുടരന്വേഷണം നടത്തണമെന്നും സിദ്ദീഖ് ആവശ്യപ്പെട്ടു.

2018 ഫെബ്രുവരി 12ന് എടയന്നൂരിലാണ് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് ഷുഹൈബിനെ കൊലപ്പെടുത്തിയത്. തട്ടുകടയിൽ സുഹൃത്തുകൾക്കൊപ്പം ചായ കുടിക്കുമ്പോൾ ഭീകര ക്വട്ടേഷൻ സംഘമാണ് ബോംബ് എറിഞ്ഞ് ഭീകരാന്തരീക്ഷം ഉണ്ടാക്കി ശേഷം ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത്.

സമൂഹ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ചെറുപ്പക്കാരനെ മരം വെട്ടുന്നതും മീൻ വരയുന്നതും പോലെ അരക്ക് താഴെ 41 വെട്ട് വെട്ടിയാണ് കൊലപ്പെടുത്തിയത്. കേസിലെ 11 പ്രതികളിൽ അഞ്ച് പേർ തെരൂർ പാലയോടുകാരും ആറു പേർ തില്ലങ്കേരിക്കാരുമാണ്. ഇതെല്ലാം സി.പി.എം ക്വട്ടേഷൻ സംഘാംഗങ്ങളാണ്. ഈ പ്രതികളെ പുറത്താക്കിയ പാർട്ടി സി.പി.എം ആണ്. ആകാശ് തില്ലങ്കേരിയെ പുറത്താക്കുകയാണെന്ന് അച്ഛനെ ഓഫിസിൽ വിളിച്ചുവരുത്തി പറഞ്ഞത് ഏത് പാർട്ടിയാണ് പറയുന്നില്ലെന്നും സിദ്ദീഖ് വ്യക്തമാക്കി. കുട്ടികളെ സ്കൂളിൽ നിന്ന് പുറത്താക്കുന്നതിന് മുമ്പ് പിതാവിനോട് പറയുന്നത് പോലെയാണ് ഇതെന്ന് സിദ്ദീഖ് പരിഹസിച്ചു.

കൊലപാതകം നടത്താൻ ആകാശ് തില്ലങ്കേരിയും ഷുഹൈബും തമ്മിൽ പരസ്പര ബന്ധമില്ല. എടയന്നൂരും ഇരിക്കൂരും മട്ടന്നൂരും കഴിഞ്ഞുള്ള സ്ഥലമാണ് തില്ലങ്കേരി. കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമാണ്. പാർട്ടിക്ക് വേണ്ടി നടത്തിയ കൊലപാതകമാണെന്നും നേതാക്കളാണ് ഇത് ചെയ്യിച്ചതെന്നും ആകാശ് തില്ലങ്കേരി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞിട്ടുണ്ട്.

ക്വട്ടേഷൻ സംഘത്തിന് സി.പി.എമ്മുമായി ബന്ധമില്ലെങ്കിൽ ഷുഹൈബിന്‍റെ മാതാപിതാക്കൾ കൊടുത്ത കേസിൽ ഹൈകോടതിയിൽ സർക്കാറിന് വേണ്ടി വാദിക്കാൻ വന്നത് വിജയ് ഹസാരെ അടക്കം പ്രമുഖ ക്രിമിനൽ അഭിഭാഷകരെ നിയോഗിച്ചത്. സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാറിനെ അഭിഭാഷകർ ഉണ്ടായിരിക്കെ കേസ് വാദിക്കാൻ ബി.ജെ.പി സർക്കാറിലെ അഡീഷണൽ സോളിസിറ്റർ ആയിരുന്ന രഞ്ജിത്ത് കുമാറിനെ ലക്ഷങ്ങൾ മുടക്കിയാണ് നിയോഗിച്ചതെന്നും സിദ്ദീഖ് ചൂണ്ടിക്കാട്ടി.

ജന്മി-കുടിയാൻ സമരവും അതിന്‍റെ ഭാഗമായ നെല്ല് വാരൽ സമരവും ധീരരക്തസാക്ഷികളും പിറന്ന തില്ലങ്കേരിയിൽ വീണ്ടുമൊരു പോരാട്ടം നടക്കുകയാണ്. അത് ജന്മിയും കുടിയാനും തമ്മിലുള്ള പോരാട്ടമല്ല. കൊല ചെയ്തവനും കൊല്ലിച്ചവനും തമ്മിലുള്ള പുതിയ പോരാട്ടമാണെന്നും സിദ്ദീഖ് വ്യക്തമാക്കി.

Tags:    
News Summary - Akash Thillankeri is a frontline fighters of PJ Army -VD Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.