‘ക്വട്ടേഷൻ നൽകിയവർക്ക് ജോലി, നടപ്പാക്കിയവർക്ക് പട്ടിണി’; സി.പി.എമ്മിനെതിരെ ശുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി

കണ്ണൂർ: സി.പി.എം നേതൃത്വത്തെ രൂക്ഷമായി വിമർശിച്ചും ആരോപണം ഉയർത്തിയും ശുഹൈബ് വധക്കേസ് ഒന്നാം പ്രതി ആകാശ് തില്ലങ്കേരി. ക്വട്ടേഷന് ആഹ്വാനം ചെയ്തവർക്ക് സഹകരണ സ്ഥാപനങ്ങളിൽ ജോലിയും നടപ്പാക്കിയവർക്ക് പട്ടിണിയും, പടിയടച്ച് പിണ്ടം വെക്കലും പ്രതിഫലമെന്ന് ആകാശ് തില്ലങ്കേരി വ്യക്തമാക്കി.

ഡി.വൈ.എഫ്.ഐ മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി സരീഷ് പൂമരം ഫേസ്ബുക്കിലിട്ട പോസ്റ്റിന് നൽകിയ കമന്‍റിലാണ് പാർട്ടി നേതൃത്വത്തിനെതിരെ ആകാശ് തില്ലങ്കേരി ആരോപണം ഉയർത്തിയത്. എടയന്നൂരിലെ പാർട്ടി നേതാക്കളാണ് ഞങ്ങളെ കൊണ്ട് കൊലപാതകം നടത്തിച്ചത്. ഞങ്ങൾ വാ തുറന്നാൽ പലർക്കും പുറത്തിറങ്ങി നടക്കാനാകില്ല. ആഹ്വാനം ചെയ്തവർക്ക് പാർട്ടി സഹകരണ സ്ഥാപനങ്ങളിൽ ജോലി കിട്ടി. നടപ്പിലാക്കിയ ഞങ്ങൾക്ക് പട്ടിണിയും പടിയടച്ച് പിണ്ടം വെക്കലുമാണ് നേരിടേണ്ടി വന്നത്. പാർട്ടി തള്ളിയതോടെയാണ് തങ്ങൾ ക്വട്ടേഷനിലേക്ക് തിരിഞ്ഞത്. തെറ്റിലേക്ക് പോകാതിരിക്കാനോ തിരുത്തിക്കാനോ പാർട്ടി ശ്രമിച്ചില്ല. ക്ഷമ നശിച്ചതു കൊണ്ടാണ് ഇപ്പോൾ തുറന്നു പറയുന്നതെന്നും ആകാശ് തില്ലങ്കേരി പറയുന്നു.

ആകാശ് തില്ലങ്കേരി അനുകൂലികളും സി.പി.എം പ്രാദേശിക നേതാക്കളും തമ്മിൽ കുറച്ചു ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ തുടരുന്ന വാക്കുതർക്കത്തിനിടെയാണ് പുതിയ ആരോപണവുമായി ആകാശ് തില്ലങ്കേരി രംഗത്തുവന്നത്. ആകാശ് തില്ലങ്കേരിക്ക് ഡി.വൈ.എഫ്.ഐ നേതാവ് ഷാജർ ട്രോഫി നൽകിയ സംഭവം വലിയ വിവാദത്തിന് വഴിവെച്ചിരുന്നു.

ഈ സംഭവം ഷാജറിനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ ആകാശ് തില്ലങ്കേരി നടത്തിയ ഗൂഢനീക്കത്തിന്‍റെ ഭാഗമാണെന്ന് ചൂണ്ടിക്കാട്ടിയുള്ള തെളിവുകൾ പുറത്തുവിട്ടതാണ് വാക്കുതർക്കത്തിന് കാരണമായത്. ഇതിന് പിന്നാലെ ഡി.വൈ.എഫ്.ഐ മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി സരീഷ് പൂമരം ആകാശ് തില്ലങ്കേരിയെ തള്ളി ഫേസ്ബുക്ക് പോസ്റ്റിട്ടു. ഈ പോസ്റ്റിനിട്ട കമന്‍റിലൂടെയാണ് പാർട്ടിക്കെതിരെ വിമർശനം ഉയർത്തിയത്.

അതേസമയം, ആകാശ് തില്ലങ്കേരിയുടെ ആരോപണത്തിനെതിരെ ഡി.വൈ.എഫ്.ഐ നേതൃത്വം രംഗത്തു വന്നിട്ടുണ്ട്. വിഷയം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം ജില്ലാ നേതൃത്വത്തിന് ഡി.വൈ.എഫ്.ഐ നേതൃത്വം കത്ത് നൽകിയിട്ടുണ്ട്.

ഡി.വൈ.എഫ്.ഐ നേതാക്കളെ തേജോവധം ചെയ്യാനുള്ള ശ്രമമാണ് ആകാശ് തില്ലങ്കേരിയും അനുകൂലികളും ശ്രമിക്കുന്നത്. പുറത്ത് ഡി.വൈ.എഫ്.ഐ നേതാക്കളെന്ന തരത്തിലും അകത്ത് നേതാക്കളെ പ്രതിരോധത്തിലാക്കുന്ന തരത്തിലുമാണ് ഇവരുടെ പ്രവർത്തനമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. 

ആകാശിന്റെ കുറിപ്പിന്റെ പൂർണരൂപം:

നേരിട്ട് പറയാൻ ഉള്ളത് പറയാൻ ഒരു മടിയും ഇല്ല സഖാവെ.. ഭയം ഇല്ലെന്ന് എടയന്നൂർകാരോട് പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ.. പലതിലും ഞങ്ങളെ കൊണ്ട് ചാടിച്ചവൻ തന്നെയാണ് സരീഷ്.. പലരും വാ അടച്ചത് കൊണ്ട് മാത്രം പുറത്തിറങ്ങിനടക്കുന്നു.. കുഴിയിൽ ചാടിച്ചവരെ സംരക്ഷിക്കുന്ന ശീലം സരീഷിന് പണ്ടേ ഇല്ല.. ഒന്ന് ശ്രദ്ധിക്കുക. പല ആഹ്വാനങ്ങളും തരും.. കേസ് വന്നാൽ തിരിഞ്ഞ് നോക്കില്ല..🤣

ആഹ്വാനം ചെയ്തവർക്ക് പാർട്ടി സഹകരണ സ്ഥാപനങ്ങളിൽ ജോലിയും നടപ്പിലാക്കിയവർക്ക് പട്ടിണിയും പടിയടച്ച് പിണ്ഠം വെക്കലുമായിരുന്നു.. പട്ടിണിയിൽ കഴിയുമ്പോഴും വഴിതെറ്റാതിരിക്കാൻ ശ്രമിച്ചിരുന്നു.. ആത്മഹത്യമാത്രം മുന്നിലെന്ന് തിരിഞ്ഞപ്പോളാണ് പലവഴിക്ക് സഞ്ചരിച്ചത്.. നിഷേധിച്ചിട്ടില്ല.. നിരാകരിക്കുകയും ഇല്ല.. പക്ഷെ പാർട്ടിയുടെ ഒരു സ്ഥാനമാനങ്ങളോ പദവിയോ ഇല്ലാത്ത ഒരാളായാണ് ഞങ്ങൾ ആ വഴിയിൽ നടന്നത്.. സംരക്ഷിക്കാതിരിക്കുമ്പോൾ പലവഴിക്ക് സഞ്ചരിക്കേണ്ടി വരും.. കൊട്ടേഷനെന്ന് മുദ്രകുത്തിയവരുടെയൊക്കെ ജീവിതങ്ങൾ ഒന്ന് പരിശോധിച്ചാൽ മനസ്സിലാകും..

അപ്പോളെങ്കിലും ഒന്ന് വിളിച്ചിരുത്തി തെറ്റിലേക്ക് പോകാനുള്ള കാരണം ആരായാനോ തിരുത്തിക്കാനോ ശ്രമിച്ചിരുന്നോ.. കൊട്ടേഷനെന്ന് ചാപ്പകുത്തി മാക്സിമം അകറ്റാൻ ശ്രമിക്കുകയായിരുന്നു.. വ്യക്തിപരമായ് തേജോവദം ചെയ്യുന്നു.. ഈ ഒരാഴ്ച മുമ്പ് വരെ.. ക്ഷമയുടെ നെല്ലിപ്പല കാണുമ്പോൾ ഇതൊക്കെ പോലെ‌ നാട്ടുകാരുടെ അമ്മക്ക് വിളി കേൾക്കും.. വ്യക്തിപരമായ് നിരന്തരം ആക്രമിച്ചത് കൊണ്ട് മാത്രമാണ് അവന്റെ പദവിയെപോലും വകവെക്കാതെ തെറിവിളിക്കേണ്ടിവരുന്നത്..

രാഷ്ട്രീയപരമായ് വിമർശനങ്ങൾ ഉന്നയിക്കുന്നവരെയൊക്കെ ജനാധിപത്യ ബഹുമാനത്തോടെ തന്നെയാണ് കണ്ടത്.. സിറാജും ഷാജറും ഉൾപ്പടെയുള്ളവരോട് ഇപ്പഴും പഴയതിനേക്കാൾ ബഹുമാനം തന്നെയാണ്.. അവരൊക്കെ അവരുടെ ക്വാളിറ്റിയിൽ തന്നെയാണ് എല്ലാ പ്രതികരണവും നടത്തുന്നത്. സരീഷൊക്കെ പഴയ sfi യൂണിറ്റ് ഘടകത്തിന്റെ പക്വതപോലും കാണിക്കാതെയാണ് തന്തക്കും തള്ളക്കും വിളിക്കുന്നതും വിളിക്കുന്നവരെ അതിന് പ്രേരിപ്പിക്കുന്നതും.. അതൊക്കെ ഒരു പരിധിവിട്ടാൽ ആരെങ്കിലും ക്ഷമിക്കുമോ‌..

പ്രതികരിക്കുമ്പോൾ കൊട്ടേഷൻ സംഘത്തിനെതിരെ പ്രതികരിച്ചതിലുള്ള ദേഷ്യമാണെന്ന ഇരവാദവും.. ഞങ്ങൾ കൊട്ടേഷൻ തന്നെ ആയിരുന്നോട്ടെ, പാർട്ടി ഔദ്യോഗികമായി തന്നെ തുറന്ന് പ്രഖ്യാപിച്ചതല്ലേ‌.. ഞങ്ങളാരും പാർട്ടിക്ക് അവമതിപ്പുണ്ടാക്കാൻ ഒരു തരത്തിലും അതിന്റെ ഓരത്ത് കൂടി വരുന്നില്ല.. ഏത് പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കണമെന്ന് തീരുമാനിക്കുന്നത് ഒരാളുടെ ഭരണഘടനാപരമായ അവകാശമാണല്ലോ.. മരണം വരെ ഇടത്പക്ഷ ആശയങ്ങളെ പിന്തുടരുന്ന ഒരാളായിരിക്കും ഞാനും.. അത് അസ്ഥിത്വമാണ്..

പാർട്ടി തള്ളിപറഞ്ഞവർ അവർക്ക് ഇഷ്ടമുള്ള നിലയിൽ ജീവിച്ചോട്ടെ.. കുടുംബവും കുട്ടികളുമായ് സ്വസ്ഥമായ് ജീവിക്കാൻ അനുവദിക്കാതെ വീണ്ടും വീണ്ടും വന്ന് പകപോക്കുമ്പോൾ ഞങ്ങളെന്ത് വേണം.. കാര്യമറിയാതെ നിങ്ങളൊക്കെ പ്രതികരിക്കുന്നത് കണ്ട് മറുപടി തന്നതാണ്.. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്..✌😊


ആ പെണ്ണിനെ പിരികേറ്റി നാട്ടുകാരുടെ തന്തക്കും തള്ളക്കും വിളിപ്പിച്ചും കൂട്ട് ചേർന്ന് വിളിച്ചും നാട്ടിലാകെ പ്രശ്നം ഉണ്ടാക്കിയിട്ട് ഒളിച്ചോടി നിക്കാൻ നിനക്ക് ഉളുപ്പില്ലേ ചങ്ങാതി..🤣

അല്ലേലും പണ്ടേ ആളുകളെ കുഴിയിൽ ചാടിയിട്ട് തിരിഞ്ഞ് നോക്കാതെ നിക്കുന്നത് നിനക്ക് ശീലമാണല്ലോ സരീഷേ..ഈയമ്പോട് വണ്ടിയും എടുത്ത് പോകാൻ പോയെന്നൊക്കെ കേട്ടെല്ലോ..ആ വണ്ടി ഇങ്ങോട്ട് വരില്ലേ..

ഇങ്ങോട്ടൊക്കെ വാന്നേ..ഉത്തരവാദിത്വപെട്ട സ്ഥാനത്തിരിക്കുന്ന നീ കാണിക്കേണ്ട രാഷ്ട്രീയ് പക്വത നീ കാണിക്കുന്നില്ലേൽ നിന്റെ പദവിയെ ആരും തന്നെ ബഹുമാനിച്ച് തരില്ല..ആത്മാഭിമാനം എല്ലാവർക്കും ഉണ്ട്..അതിന്റെ മേലെക്കേരി നിന്ന് ചവിട്ട് നാടകം കളിച്ചാൽ സരീഷ് പൂമരത്തിനെപോലെയുള്ള ഊതിവീർപ്പിച്ച ബലൂണുകളെ പച്ചക്ക് തന്നെ നേരിടും..സ്വന്തം അക്വണ്ടിൽ സ്വന്തം മുഖവുമായിട്ട്..കെട്ടോ അച്ഛനും അമ്മയ്ക്കും ഇലനക്കി പട്ടിയുടെ വിലപോലും നൽകാത്ത.......🤭

നീ വഹിക്കുന്ന ചുമതലകളെകുറിച്ച് നിനക്ക് ഒരു അവബോധം ഉണ്ടായിരിക്കുന്നത് നല്ലതാണ്..ജനങ്ങൾ കാണുന്നുണ്ട് വിലയിരുത്തുന്നുണ്ട്..ഞാനൊക്കെ കൊട്ടേഷൻ തന്നെയാണ് ഞാനെന്ത് ചെയ്താലും തകരുന്നത് എന്റെ മാത്രം പ്രതിച്ഛായ ആണ്..നീയും വിനീഷും ഒക്കെ കുറേക്കൂടി ചിന്തിക്കേണ്ടി ഇരിക്കുന്നു..മനസ്സിലായിക്കാണുമല്ലോ‌..

സരീഷ് പൂമരം ആ ചിന്ത നിനക്കുണ്ടായാൽ മതി..രാഷ്ട്രീയ വിമർശ്ശനങ്ങൾ ഉന്നയിച്ചോളും അച്ഛനും അമ്മക്കും ഒക്കെ വിളിച്ച് നീ ഇപ്പോൾ ഇട്ട പോസ്റ്റ് പോലൊന്ന് വരുമ്പോൾ അത് നിനക്കും ബുദ്ധിമുട്ടാവും..ആത്മാഭിമാനം എല്ലാ മനുഷ്യർക്കും ഉണ്ട്..അതിന്റെ മേൽ കുതിരകയറിയാൽ സരീഷിനെ സരീഷായിട്ടേ കാണു..ആ ബോധം സരീഷിന് ഇനിയും ഉണ്ടായിരിക്കണം..നഷ്ടപെടാൻ ഒന്നുമില്ലാത്തവരോട് രാഷ്ട്രീയ എതിരാളികളെ നാണിപ്പിക്കും വിധം പകപോക്കാൻ വരരുത്..നമ്മളൊക്കെ പഠിച്ചതും ശീലിച്ചതും എന്തൊക്കെയാണെന്ന് സരീഷിന് പ്രത്യേകം ക്ലാസെടുത്ത് തരേണ്ട ആവശ്യമില്ലെന്ന് തോനുന്നു..സരീഷ് നല്ലൊരു യുവനേതാവായ് പക്വമായ നിലപാടെടുത്ത് ഉയർന്ന് വരട്ടെ എന്ന് ആശംസിക്കുന്നു..


Tags:    
News Summary - Akash Thillankeri against CPM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.