ഫോൺ സംഭാഷണം: വെറും വിവാദമായി കെട്ടടങ്ങരുത്​ -സാംസ്​കാരിക പ്രവർത്തകർ

കോഴിക്കോട്: മുൻ മന്ത്രി എ.കെ. ശശീന്ദ്ര​െൻറ ഫോൺ സംഭാഷണം പുറത്തുവിട്ട ചാനലിനെതിരെ സാമൂഹിക -സാംസ്കാരികരംഗത്തെ പ്രമുഖർ രംഗത്ത്. മറ്റേതൊരു രാഷ്ട്രീയ വിവാദത്തെയും പോലെ ഇതും കെട്ടടങ്ങരുതെന്നും കർക്കശമായ അന്വേഷണം വേണമെന്നും സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

പ്രസ്താവനയുടെ പൂർണരൂപം:
മുൻ ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ ഒരു സ്ത്രീയുമായി നടത്തി എന്നു പറയപ്പെടുന്ന സ്വകാര്യ സംഭാഷണം മന്ത്രിയുടേത് എന്നു പറയപ്പെടുന്ന ശബ്ദരേഖ മാത്രം ഉപയോഗിച്ച് (സ്ത്രീയുടെ ശബ്ദമില്ല) ഒരു ടി.വി ചാനൽ സംപ്രേഷണം ചെയ്തത് മന്ത്രിയുടെ രാജിയിൽ കലാശിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി പ്രസ്താവിച്ചതനുസരിച്ച് ഇക്കാര്യത്തിൽ ഒരു പരാതിയോ പരാതിക്കാരിയോ ഇല്ല. സംഭാഷണത്തിലെ ശബ്ദം മന്ത്രിയുടേതാണോ എന്നും വ്യക്തമല്ല. ഫോൺ ചോർത്തുന്നത് കുറ്റകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മറ്റേതൊരു രാഷ്ട്രീയ വിവാദത്തെയുംപോലെ ഇതും കെട്ടടങ്ങിയാൽ ആ വാർത്ത ഉയർത്തിയ മാധ്യമനൈതികതയുടെയും വ്യക്തിസ്വാതന്ത്ര്യത്തി​െൻറയും പ്രശ്നങ്ങളോടുള്ള നിരുത്തരവാദപരമായ കണ്ണടക്കലാകും. ഇത്തരമൊരു വാർത്ത സംപ്രേഷണം ചെയ്തതിലൂടെ മലയാളിയുടെ പൊതുബോധത്തെ ചോദ്യംചെയ്തിരിക്കുകയാണ്. പ്രായപൂർത്തിയാകാത്ത കുട്ടികളടക്കമുള്ളവർ കാണുന്ന ഒരു വാർത്താമാധ്യമത്തി​െൻറ മര്യാദകൾ പാലിച്ചില്ലെന്നു മാത്രമല്ല, ഒാരോ വാർത്തക്കും ഉണ്ടായിരിക്കേണ്ട വസ്തുനിഷ്ഠതയും സത്യബോധവും കൈയൊഴിയുകയും ചെയ്തിരിക്കുന്നു.

മുൻ മന്ത്രി ഫോണിലൂടെ സംസാരിച്ചതായി പറയപ്പെടുന്ന സ്ത്രീയാരെന്ന് ചാനൽ പറയുന്നില്ല. ഉഭയ സമ്മതപ്രകാരം നടന്നതെന്ന് കരുതേണ്ട ഒരു ടെലിഫോൺ സംഭാഷണമാണിതെന്നതി​െൻറ സൂചനകളുണ്ട് താനും. അങ്ങനെയെങ്കിൽ രണ്ട് വ്യക്തികൾ തമ്മിൽ നടന്നു എന്നു പറയപ്പെടുന്ന ഇത്തരമൊരു സംഭാഷണത്തി​െൻറ പൊതുതാൽപര്യമെന്താണ്? അധികാരസ്ഥാനത്തിരിക്കുന്നവരെ വിമർശനാത്മകമായി നിരീക്ഷിക്കുന്നതിന് മാധ്യമങ്ങൾക്ക് ഉത്തരവാദിത്തമുണ്ട്. എന്നാൽ, സാമൂഹികാംഗീകൃതമായ ആ അധികാരം ഒരു വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള ഹീനമായ കടന്നുകയറ്റമായിക്കൂടാ. പ്രാകൃതമായ സദാചാര പൊലീസ് മനഃശാസ്ത്രം മാധ്യമങ്ങൾ പ്രകടിപ്പിക്കുന്നത് സമൂഹത്തിന് ആപൽക്കരമാണ്.

ഇൗ ടെലിഫോൺ സംഭാഷണം യഥാർഥമാണെങ്കിൽ ചാനലിന് എങ്ങനെ ലഭിച്ചു എന്ന ചോദ്യവും ഉയരുന്നു.  സംഭാഷണം യഥാർഥമാണെങ്കിൽ, ഒരു പരാതിക്കാരി ഉണ്ടാകണം. മറ്റാരെങ്കിലുമാണ് ചോർത്തിയതെങ്കിൽ അത് ക്രിമിനൽ കുറ്റമാണ്. ശിക്ഷിക്കപ്പെടേണ്ടതുമാണ്.  കെട്ടിച്ചമച്ചതാണെങ്കിൽ അതും ഗുരുതരമായ കുറ്റമാണ്. ഇത്തരം കാര്യങ്ങളെല്ലാം വെളിച്ചത്തുകൊണ്ടുവരാനുതകുന്ന അന്വേഷണമാണ് ആവശ്യം.

ഇൗ വാർത്തയും അത് ഉയർത്തിവിട്ടിട്ടുള്ള ചോദ്യങ്ങളും ഭരണകൂടത്തിൽനിന്ന് ആവശ്യപ്പെടുന്നത് ഉപരിപ്ലവവും രാഷ്ട്രീയ താൽപര്യങ്ങൾ മുൻനിർത്തിയുമുള്ള പരിഹാരങ്ങളല്ല. അധികാരദുർവിനിയോഗത്തി​െൻറയും ഭരണകൂട ഭീകരതകളുടെയും ഇക്കാലത്ത് മാധ്യമങ്ങൾ നിർവഹിക്കേണ്ട ദൗത്യം ഒളിഞ്ഞുനോട്ടത്തി​െൻറതോ വ്യക്തി സ്വാതന്ത്ര്യഹത്യയുടേതോ അല്ല. ഇൗ കാലം ആവശ്യപ്പെടുന്നത് നിശിതമായ ജാഗ്രതയും തീക്ഷ്ണമായ നീതിബോധവുമുള്ള അന്വേഷണങ്ങളാണ്. അത്തരം ഉത്തരവാദിത്തങ്ങളും ലക്ഷ്യങ്ങളും പരാജയപ്പെടുേമ്പാൾ തോൽക്കുന്നത് മലയാളി മാത്രമല്ല, ഇന്ത്യയുടെ ജനാധിപത്യ ^സ്വാതന്ത്ര്യ സങ്കൽപവുമാണെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാണിച്ചു.

ടി.ജെ.എസ്. ജോർജ്, ആനന്ദ്, ബി.ആർ.പി. ഭാസ്കർ, സച്ചിദാനന്ദൻ, ടി.വി.ആർ. ഷേണായ്,  എം. മുകുന്ദൻ, എസ്. ജയചന്ദ്രൻ നായർ, സക്കറിയ, എൻ.ആർ.എസ്. ബാബു, എൻ.എസ്. മാധവൻ, എം.കെ. സാനു, സി. രാധാകൃഷ്ണൻ, എം.ജി.എസ്. നാരായണൻ, ബി. രാജീവൻ, സുഗതകുമാരി, എം.എൻ. കാരശ്ശേരി, അടൂർ ഗോപാലകൃഷ്ണൻ, സി.വി. ബാലകൃഷ്ണൻ, ശശികുമാർ, സുനിൽ പി. ഇളയിടം, സാറാ ജോസഫ്, സെബാസ്റ്റ്യൻ പോൾ, പി.കെ. അഷിത, സി. ഗൗരിദാസൻ നായർ, ഗ്രേസി, എൻ.പി. രാജേന്ദ്രൻ, അനിത തമ്പി, കെ. വേണു, റോസ് മേരി,  ആഷാമേനോൻ, എ.എസ്. പ്രിയ, സന്തോഷ് ഏച്ചിക്കാനം, കെ.ആർ. മീര,  ആർ. ഉണ്ണി, ശ്രീബാല കെ. മേനോൻ, ശത്രുഘ്നൻ, മാലാ പാർവതി എന്നിവർ സംയുക്തമായാണ് പ്രസ്താവന ഇറക്കിയിരിക്കുന്നത്.

Tags:    
News Summary - ak saseendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.