തിരുവനന്തപുരം: വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ട മനുഷ്യരുടെ ജീവന്റെ ഉത്തരവാദിത്തമേറ്റെടുത്ത് മന്ത്രി എ.കെ. ശശീന്ദ്രന്‍ രാജി വെക്കണമെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ. ജനം കൊല്ലപ്പെടുമ്പോഴും എ.കെ. ശശീന്ദ്രന് ഗാനമേളയിലും പാര്‍ട്ടി പ്രസിഡന്‍റിനെ തിരഞ്ഞെടുക്കലിലുമാണ് താല്‍പര്യം.
രാജി ആവശ്യപ്പെട്ട ബിഷപ്പുമാരെ അധിക്ഷേപിച്ചാല്‍ ശശീന്ദ്രന്‍റെ കൈകളില്‍ പുരണ്ട ചോരപ്പാട് ഇല്ലാതാവില്ല.രാജി വയ്ക്കാന്‍ തയാറാകുന്നില്ലെങ്കിൽ മുഖ്യമന്ത്രി അദ്ദേഹത്തിന്റെ രാജി ചോദിച്ച് വാങ്ങണമെന്നും വി.മുരളീധരൻ തിരുവനന്തപുരത്ത് ആവശ്യപ്പെട്ടു.
കേന്ദ്രസർക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങൾ പാലിക്കാത്തതാണ് ഈ ദുരന്തത്തിന് കാരണം. 2021 ലും 2022ലും കേന്ദ്രസര്‍ക്കാര്‍ മനുഷ്യ–വന്യജീവി സംഘര്‍ഷം ലഘൂകരിക്കാന് സ്വീകരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് കൃത്യമായ നിര്‍ദേശങ്ങള്‍ കൈമാറിയിട്ടുണ്ട്. ഒന്നും കേരളത്തില്‍ നടപ്പായില്ല.
വന്യജീവി സംഘർഷം നേരിടാൻ കേരളത്തിന് കേന്ദ്രം 2014– 2023 വരെ 79.96 കോടി രൂപ അനുവദിച്ചതിൽ 42 കോടി മാത്രമാണ് ചിലവിട്ടതെന്ന് വിവരാവകാശരേഖകളിൽ വ്യക്തമാണ്. കാട്ടിനുള്ളില്‍ പോയിട്ടല്ലേ മൃഗങ്ങള്‍ ആക്രമിക്കുന്നത് എന്ന നിരുത്തരവാദപരമായ പ്രസ്താവന നിയമസഭയില്‍ നടത്തിയ മന്ത്രിക്കെതിരെ ചെറുവിരലനക്കാത്ത പ്രതിപക്ഷത്തിന്റെ സമീപനം അത്ഭുതകരമാണെന്നും വി. മുരളീധരൻ ചൂണ്ടിക്കാട്ടി.
പാതിവില തട്ടിപ്പിൽ പങ്ക് പറ്റിയ രാഷ്ട്രീയ നേതാക്കളെക്കുറിച്ച് അന്വേഷിക്കേണ്ടതില്ല എന്ന നിര്‍ദേശം ദുരൂഹമാണ്. കേരളം സമീപകാലത്ത് കണ്ട ഏറ്റവും വലിയ തട്ടിപ്പില്‍ ക്രൈംബ്രാഞ്ചിന് ഇത്തരമൊരു നിർദേശം നൽകിയതിൽ അട്ടിമറി സംശയിക്കുന്നു. ഭരണകക്ഷി നേതാക്കൾ പണം കൈപ്പറ്റിയിട്ടുണ്ട്. തട്ടിപ്പിൽ പങ്ക് പറ്റിയ എല്ലാവർക്കുമെതിരെ അന്വേഷണം ഉണ്ടാകണം.
പ്രതി അനന്തകൃഷ്ണനെതിരെ 2021–22 ല്‍ പെരുമ്പാവൂര്‍ സ്റ്റേഷനില്‍ ഒരു പരാതി ലഭിച്ചിരുന്നോയെന്ന് മാധ്യമങ്ങൾ അന്വേഷിക്കണം. ആ കേസ് ഒത്തുതീര്‍പ്പാക്കിയത് പൊലീസിലെ ഉന്നതനാണ് എന്ന വിവരം പുറത്തുവരുന്നുണ്ട്. തട്ടിപ്പിന് ഇരയായവർക്ക് നീതി ലഭ്യമാക്കണമെന്നും വി.മുരളീധരൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.