ഉള്ള്യേരി: സുപ്രീംകോടതി വിധിയെ തുടര്‍ന്ന് അടച്ചുപൂട്ടിയ ഉള്ള്യേരി ഗ്രാമപഞ്ചായത്തിലെ മുണ്ടോത്ത് നാലാം നമ്പര്‍ കള്ളുഷാപ്പിന് മുന്നില്‍ ഫോട്ടോക്കുവേണ്ടി നിന്നപ്പോള്‍ 76ാം വയസ്സിലും കൊമ്മോട്ടുകണ്ടി ആയിഷ ഉമ്മയുടെ മനസ്സില്‍ ഓര്‍മകളുടെ കടലിരമ്പം. 19 വർഷം മുമ്പ് നടത്തിയ സമരത്തിെൻറ കഥ പറയുമ്പോള്‍ ആയിഷ ഉമ്മയും സമരത്തില്‍ പങ്കെടുത്ത സ്ത്രീകള്‍ അടക്കമുള്ള പ്രദേശവാസികളും പ്രക്ഷോഭത്തോട് പൊലീസും അധികാരികളും കാണിച്ച നീതിനിഷേധത്തിെൻറ നിരവധി ഉദാഹരണങ്ങള്‍ എടുത്തുകാട്ടി. എങ്കിലും കണ്ണടയും മുമ്പ് ഷാപ്പ് പൂട്ടിയത് കാണാന്‍ കഴിഞ്ഞ സന്തോഷത്തിലായിരുന്നു സമരത്തിെൻറ മുന്നണിപ്പോരാളി ആയിരുന്ന ആയിഷ ഉമ്മ.
1999ലാണ് ഉള്ള്യേരി- കൊയിലാണ്ടി റോഡില്‍ സംസ്ഥാനപാതയോട് ചേര്‍ന്ന് ജനവാസകേന്ദ്രത്തില്‍ ഷാപ്പ് ആരംഭിച്ചത്. ഇതിനെതിരെ ആറുമാസം ത്യാഗോജ്ജ്വലമായ സമരമാണ് പ്രദേശവാസികള്‍ നടത്തിയത്. ഷാപ്പ് ഉപരോധിച്ചതിനെ തുടര്‍ന്ന് ആയിഷയുമ്മയടക്കം 15ഒാളം സ്ത്രീകള്‍ കോഴിക്കോട് ജില്ല ജയിലില്‍ കിടന്നു. യുവാക്കളും പുരുഷന്മാരും വിവിധ സമയങ്ങളിലായി ജയില്‍വാസം അനുഷ്ഠിച്ചു. മദ്യനിരോധനസമിതിയുടെ നേതാവായിരുന്ന പരേതയായ സരളാദേവിയും ഇവര്‍ക്കൊപ്പം പത്തുദിവസം ജയില്‍വാസം അനുഷ്ഠിച്ചിരുന്നു. പ്രദേശവാസികളായ ദേവി, വെളുമ, ബീവി, ആയിഷ, സജീവൻ, ഷാജി, ബഷീർ, അഷ്‌റഫ്, വിനീത്, അബു തുടങ്ങിയവര്‍ ജയില്‍വാസം അനുഭവിച്ചവരില്‍ ചിലരാണ്. ജയില്‍മോചിതരായശേഷവും ഇവര്‍ സമരം തുടര്‍ന്നു. ആ വര്‍ഷത്തെ റമദാന്‍ മുപ്പത് ദിവസവും നോമ്പും നോമ്പുതുറയും ഇവര്‍ ഷാപ്പിന് മുന്നില്‍വെച്ചു നടത്തി.
സ്ത്രീകളും യുവാക്കളും ജയിലില്‍ ആയതോടെ സമരം ആളിക്കത്തി. ഷാപ്പ് ഉപരോധിച്ച പിഞ്ചു വിദ്യാര്‍ഥികളെ പൊലീസ് ക്രൂരമായി മര്‍ദിച്ചു. നാട്ടുകാര്‍ ഹര്‍ത്താല്‍ ആചരിക്കുകയും വാഹനങ്ങള്‍ തടയുകയും ചെയ്തു. കലക്ടറേറ്റ് മാര്‍ച്ച് അടക്കമുള്ള സമരപരിപാടികള്‍ നടത്തിയതോടെ കലക്ടര്‍ ഷാപ്പ് പൂട്ടാന്‍ നോട്ടീസ് നല്‍കി. ഇതോടെ സമരം അവസാനിപ്പിക്കുകയായിരുന്നു. എന്നാൽ, രണ്ടു മാസത്തിനുശേഷം പിന്‍വാതിലിലൂടെ അധികൃതരുടെ ഒത്താശയില്‍ കള്ളുഷാപ്പ് വീണ്ടും തുറന്നു. ഷാപ്പ് ഉടമയുടെ ആളുകളും ചില രാഷ്ട്രീയപാര്‍ട്ടികളും സമരത്തെ പരാജയപ്പെടുത്താന്‍ നിലകൊണ്ടപ്പോള്‍ പൊതുസമൂഹം സമരത്തോട് ഏറെ സഹകരിച്ചിരുന്നു. മദ്യനിരോധനസമിതി നേതാവായിരുന്ന ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ മാസ്റ്റർ സമരത്തിനുവേണ്ട സഹായം നല്‍കാന്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്നു. അപ്പോഴേക്കും നിരവധി കേസുകളാണ് നാട്ടുകാരുടെ പേരില്‍ കോടതിയില്‍ എത്തിയത്. മൂന്നു വര്‍ഷത്തോളം ഇവര്‍ കേസുമായി കോടതി കയറിയിറങ്ങി. സമരത്തിന് നേതൃത്വം നല്‍കിയ പലരും പക്ഷേ, ഈ സന്തോഷവാര്‍ത്ത കേള്‍ക്കാന്‍ ഇന്ന് നാട്ടുകാര്‍ക്കൊപ്പം ഇല്ല.
മുസ്ലിം ലീഗ് നേതാക്കളായിരുന്ന ഒ.സി. മുഹമ്മദ് കോയ, സി.പി. മുഹമ്മദ് കൊയക്കാട് എന്നിവര്‍ വ്യത്യസ്ത വാഹനാപകടങ്ങളില്‍ മരണപ്പെട്ടു. ജയിലില്‍ കിടന്ന പാണന്‍കണ്ടി അഹമ്മദ്, എരവട്ട് കണ്ടി ഇമ്പിച്ചി ആയിഷ എന്നിവരും മരണത്തിന് കീഴടങ്ങി. ജയിലില്‍ കിടന്ന പലരും ജോലിതേടി വിദേശത്തുപോയി. തങ്ങള്‍ അനുഭവിച്ച പീഡനത്തിെൻറയും പരിഹാസത്തിെൻറയും ഫലം ഇപ്പോഴെങ്കിലും കാണാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷത്തിലാണ് പ്രദേശവാസികൾ. പരമോന്നത നീതിപീഠത്തിെൻറ വിധി തങ്ങളുടെ കണ്ണീരിെൻറയും പ്രാർഥനയുടെയും ഫലമാണെന്നും ഇവര്‍ വിശ്വസിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.