ആകാശയാത്രക്ക് ഒത്തുകളിച്ച് പിഴിയൽ; വിമാനക്കമ്പനികളും ട്രാവൽ ഏജൻസികളും യാത്രക്കാരെ ചൂഷണം ചെയ്യുന്നു

കോഴിക്കോട്: കമ്പനികളും ഏജൻസികളും തമ്മിലെ ഒത്തുകളിയിൽ വിമാനയാത്രക്കാർ കൊടിയ ചൂഷണത്തിനിരയാകുന്നു. ഗ്രൂപ് ടിക്കറ്റ് എന്ന പേരിൽ വിമാനക്കമ്പനികൾ ഏജൻസികൾക്ക് ടിക്കറ്റുകൾ മറിച്ചുകൊടുത്താണ് യാത്രക്കാരെ പിഴിയുന്നത്. എല്ലാ സെക്ടറിലും ടിക്കറ്റ് മറിക്കൽ ഉണ്ടെങ്കിലും ഗൾഫ് യാത്രക്കാരെയാണ് ഒത്തുകളി ഗുരുതരമായി ബാധിക്കുന്നത്.

മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ നേരത്തേ യാത്രക്കാർക്ക് ലഭിച്ചിരുന്ന നിരക്കിളവാണ് അട്ടിമറിക്കപ്പെടുന്നത്. മാസങ്ങൾക്കു മുമ്പുതന്നെ ടിക്കറ്റുകൾ ഏജൻസികൾ വാങ്ങിവെക്കുകയും സീസണാവുമ്പോൾ ഉയർന്ന വിലക്ക് വിൽക്കുകയുമാണ്. നേരിട്ട് ടിക്കറ്റ് ലഭ്യമല്ലാതാകുന്നതോടെ മോഹവിലക്ക് ടിക്കറ്റെടുക്കാൻ നിർബന്ധിതരാവുകയാണ് യാത്രക്കാർ.

സീസൺ സമയങ്ങളിൽ ടിക്കറ്റ് നിരക്ക് കുത്തനെ ഉയരുന്നത് പതിവാണ്. എന്നാൽ, നേരത്തേ യാത്ര ആസൂത്രണം ചെയ്ത് കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന കാലത്ത് നിരക്കിന്റെ ആനുകൂല്യം യാത്രക്കാർക്ക് ലഭിച്ചിരുന്നു. കുറച്ചുകാലമായി ഗ്രൂപ് ടിക്കറ്റ് എന്ന പേരിൽ ഏജൻസികൾ വിമാനക്കമ്പനികളിൽനിന്ന് കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ മൊത്തമായി വാങ്ങി സൂക്ഷിക്കുകയാണ്. സീസൺ സമയത്ത് വിമാനക്കമ്പനികൾ നിരക്ക് കുത്തനെ ഉയർത്തുന്ന സാഹചര്യം മുതലാക്കി കുറഞ്ഞ നിരക്കിൽ വാങ്ങിയ ടിക്കറ്റുകൾക്ക് ഏജൻസികൾ വൻനിരക്ക് പറയുമ്പോൾ യാത്രക്കാർ വാങ്ങാൻ നിർബന്ധിതരാവുകയാണ്.

എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, സ്പൈസ് ജെറ്റ്, നാസ് എയർലൈൻസ്, ശ്രീലങ്കൻ എയർലൈൻസ്, ഗോ എയർ, സലാം എയർ, എയർ അറേബ്യ, ഫ്ലൈ ദുബൈ തുടങ്ങിയ വിമാനക്കമ്പനികളെല്ലാം ഏജൻസികൾക്ക് ഗ്രൂപ് ടിക്കറ്റുകൾ വിൽക്കുന്നുണ്ട്. 170 സീറ്റുള്ള വിമാനത്തിലെ 150 സീറ്റുകളും നേരത്തേ കുറഞ്ഞ നിരക്കിൽ ഏജൻസികൾക്ക് വിൽക്കുന്നതോടെ 20 സീറ്റ് മാത്രമാണ് കമ്പനിയുടെ കൈവശമുണ്ടാവുക. സീസൺ സമയത്ത് കമ്പനികൾ ഈ സീറ്റുകളുടെ നിരക്ക് കുത്തനെ വർധിപ്പിക്കുന്നതുവരെ ഏജൻസികൾ ടിക്കറ്റ് വിൽക്കാതെ പൂഴ്ത്തിവെക്കും. സൈറ്റുകളിൽ വർധിപ്പിച്ച കമ്പനി നിരക്ക് വരുന്നതോടെ കുറഞ്ഞ നിരക്കിൽ വാങ്ങി സൂക്ഷിച്ച ടിക്കറ്റുകൾ വൻ നിരക്കിൽ വിൽപന നടത്തുകയാണ് ഏജൻസികൾ. ഖത്തർ എയർവേസും എമിറേറ്റ്സും നേരത്തേ വിറ്റിരുന്നെങ്കിലൂം നിലവിൽ ഗ്രൂപ് ടിക്കറ്റ് വിൽക്കുന്നില്ല. ഒമാൻ എയറും ഗ്രൂപ് ടിക്കറ്റ് കൊടുക്കുന്നില്ല.

പെരുന്നാൾ സീസണിൽ അവധി കഴിഞ്ഞ് സൗദിയിലേക്ക് തിരിച്ചുപോകുന്ന യാത്രക്കാർക്ക്, മേയ് ആദ്യവാരത്തിനുശേഷം കോഴിക്കോടുനിന്ന് ജിദ്ദയിലേക്കുള്ള സ്പൈസ് ജെറ്റിന് 48,500 രൂപയും ഇൻഡിഗോക്ക് 52,000 രൂപയും എയർ ഇന്ത്യ എക്സ്പ്രസിന് 68,500 രൂപയുമാണ് നിരക്ക്. കുറഞ്ഞ നിരക്കിൽ വാങ്ങിവെച്ച ടിക്കറ്റുകൾ ഏജൻസികൾ വിൽക്കുന്നതാകട്ടെ 30,000 രൂപക്കു മുകളിലാണ്. ടിക്കറ്റിന്റെ യഥാർഥ മൂല്യം 17,000നും 20,000നും ഇടയിലാണെന്നാണ് അറിയാൻ കഴിഞ്ഞത്. മുൻകൂട്ടി ടിക്കറ്റ് എടുക്കുമ്പോൾ തങ്ങൾക്ക് നേരത്തേ ലഭിച്ചിരുന്ന ഈ ആനുകൂല്യം ഇപ്പോൾ ഏജൻസിക്ക് നൽകാൻ നിർബന്ധിതനാവുകയാണ് യാത്രക്കാരൻ.

ഏജൻസികൾക്ക് ഇപ്പോൾ വിമാനക്കമ്പനികൾ കമീഷൻ നൽകുന്നില്ല. അതേസമയം, ഗ്രൂപ് ടിക്കറ്റുകൾ എത്ര വിലക്കും വിൽക്കാൻ കമ്പനികൾ സൗകര്യം ചെയ്യുന്നു. ഇത് വയറ്റത്തടിക്കുന്നതാകട്ടെ പാവപ്പെട്ട പ്രവാസി യാത്രക്കാർക്കും. വരുന്ന മാസങ്ങളിലൊക്കെ ഈ പ്രതിഭാസം തുടരുമെന്നതിനാൽ കുറഞ്ഞ നിരക്കിൽ യാത്രക്കാർക്ക് ടിക്കറ്റ് കിട്ടാത്ത അവസ്ഥയാണുണ്ടാവുക. വ്യോമയാന മന്ത്രാലയത്തിന്റെ ഇടപെടലിലൂടെ മാത്രമേ കടുത്ത ചൂഷണത്തിൽനിന്ന് യാത്രക്കാരെ രക്ഷിക്കാനാകൂ. 

ലോകകപ്പിന് ദോഹ യാത്ര പൊള്ളും

കോഴിക്കോട്: നവംബറിൽ ദോഹയിൽ നടക്കുന്ന ലോകകപ്പ് ഫുട്ബാൾ സീസണിൽ വിമാന ടിക്കറ്റുകൾക്കായുള്ള വടംവലി ഏജൻസികൾ ആരംഭിച്ചുകഴിഞ്ഞു. ഏജൻസികൾ കൂട്ടത്തോടെ ടിക്കറ്റുകൾ വാങ്ങിവെക്കുന്നതോടെ യാത്രക്കാർക്ക് നേരിട്ട് ടിക്കറ്റ് ലഭ്യമാകാത്ത സാഹചര്യമുണ്ടാകും. ഇത് മുൻനിർത്തി വിമാനക്കമ്പനികൾ നിരക്ക് കുത്തനെ ഉയർത്തുന്ന മുറക്ക് വൻ തുക കൊടുത്ത് ടിക്കറ്റ് എടുക്കേണ്ട ഗതിയാണ് യാത്രക്കാർക്കുണ്ടാവുക. ഇപ്പോൾതന്നെ 50,000 മുതലാണ് ചില കമ്പനികൾ നവംബറിലെ ടിക്കറ്റ് നിരക്ക് കാണിച്ചിരിക്കുന്നത്. നേരത്തേതന്നെ കുറഞ്ഞ നിരക്കിൽ ഗ്രൂപ് ടിക്കറ്റ് വാങ്ങിവെച്ച് സീറ്റുകൾ ബ്ലോക്ക് ചെയ്യുകയാണ് ഏജൻസികൾ. കേരളത്തിൽനിന്ന് നിരവധി പേരാണ് ദോഹ ലോകകപ്പിന് യാത്ര ആസൂത്രണം ചെയ്യുന്നത്.

Tags:    
News Summary - Airlines and travel agencies exploit travelers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.