കൊക്കൂൺ പതിനഞ്ചാം എഡിഷൻ കൊച്ചിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു. മന്ത്രി പി.രാജീവ്, കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ, ഡി.ജി.പി അനിൽ കാന്ത്, എ.ഡി.ജി.പി കെ. പത്മകുമാർ, വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം എന്നിവർ സമീപം   

എല്ലാവർക്കും സൈബർ സുരക്ഷ ഉറപ്പാക്കുക ലക്ഷ്യം -മുഖ്യമന്ത്രി

കൊച്ചി: എല്ലാവർക്കും മികച്ച സൈബർ സുരക്ഷ ഉറപ്പാക്കുക എന്നതാണ് സർക്കാറിന്‍റെ അടിസ്ഥാന ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആ ലക്ഷ്യത്തോടെയാണ് ആഗോള സൈബർ സുരക്ഷ കോൺഫറൻസായി 'കൊക്കൂൺ' സംഘടിപ്പിക്കുന്നത്. കൊക്കൂണിന്റെ 15ാം എഡിഷൻ കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സൈബർ സുരക്ഷ സർക്കാറിന്റെ മാത്രമല്ല ഓരോ വ്യക്തിയുടെയും കൂടി ഉത്തരവാദിത്തമാണ്. പൗരന്മാരും സംരംഭങ്ങളും സുരക്ഷിതമായി നിലനിൽക്കണം.മികച്ച സൈബർ സുരക്ഷക്കായി അനുയോജ്യമായ തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിന് പൊതു-സ്വകാര്യ മേഖലകൾക്കിടയിൽ പങ്കാളിത്തം കെട്ടിപ്പടുക്കാൻ ശ്രമിക്കും. സ്ത്രീകളെയും കുട്ടികളെയും ലക്ഷ്യമിട്ടുള്ള സൈബർ കുറ്റകൃത്യങ്ങളിൽ വൻ വർധനയാണുണ്ടായിരിക്കുന്നത്. ഈ വിപത്തിനെ നേരിടേണ്ടത് അടിയന്തര ആവശ്യമാണ്.

സൈബർ സുരക്ഷ സാധാരണക്കാർക്കോ വ്യവസായത്തിനോ മാത്രമല്ല, നിയമനിർവഹണ ഏജൻസികൾക്കും ഭരണകൂടത്തിനും വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ഈ ഭീഷണി നേരിടാൻ കേരള പൊലീസും സാങ്കേതികവിദ്യയുടെ ഉപയോഗത്തിൽ മുൻനിരയിൽ എത്തിയിട്ടുണ്ട്. കേരള പൊലീസ് ഇതിനകം രാജ്യത്തെ ഏറ്റവുംമികച്ച സേനകളിലൊന്നായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന പൊലീസിന് ഇന്റർനാഷനൽ സെൻട്രൽ ഫോർ മിസിങ് ആൻഡ് എക്സ്പ്ലോയിറ്റഡ് ചിൽഡ്രൻ എന്ന സംഘടന നൽകുന്ന അവാർഡ് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്തിന് ഐ.സി.എം.ഇ.സി പ്രതിനിധികളായ ഗുലിനെറോ ഗലാർസിയ, മരിയ പിലർ എന്നിവർ സമ്മാനിച്ചു. മന്ത്രി പി. രാജീവ് അധ്യക്ഷതവഹിച്ചു.കെ.എൻ. ഉണ്ണികൃഷ്ണൻ. എം.എൽ.എ മുഖ്യാതിഥിയായിരുന്നു. ചീഫ് ഓഫ് നേവൽ സ്റ്റാഫ് അഡ്മിറൽ രാധാകൃഷ്ണൻ ഹരികുമാർ മുഖ്യപ്രഭാഷണം നടത്തി.

ഡി.ജി.പി അനിൽകാന്ത്, എ.ഡി.ജി.പി കെ. പത്മകുമാർ, വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം, ബച്പൻ ബചാവോ ആന്തോളൻ സി.ഇ.ഒ രജ്നി സെഖ്രി സിബൽ, ജർമനയിലെ സൈബർ സെക്യൂരിറ്റി അനലിസ്റ്റ് ഡേവിഡ് ബാപ്സ്റ്റി, ഫ്രാൻസിലെ സെക്യൂരിറ്റി റിസർച്ചർ മെറ്റിൽഡെ വെനാൾട്ട്, സൈബർ ഡോം നോഡൽ ഓഫിസറും സൗത്ത് സോൺ ഐ.ജിയുമായ പി. പ്രകാശ് എന്നിവർ സംബന്ധിച്ചു.

Tags:    
News Summary - Aim to ensure cyber security for all - Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.