തിരുവനന്തപുരം: ഭിന്നശേഷി നിയമനത്തിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ വിമർശനങ്ങൾക്കെതിരെ രൂക്ഷ പ്രതികരണവുമായി എയ്ഡഡ് സ്കൂൾ മാനേജ്മെന്റുകളുടെ സംഘടനയായ കെ.പി.എസ്.എം.എ. മാനേജ്മെന്റുകൾ ബോധപൂർവം ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതിരിക്കുന്നു എന്ന മന്ത്രിയുടെ ആരോപണം അടിസ്ഥാന രഹിതവും തെറ്റിദ്ധാരണാജനകവുമാണെന്ന് ഭാരവാഹികൾ അറിയിച്ചു.
ഭിന്നശേഷി നിയമനത്തിനുള്ള ഒഴിവുകൾ നീക്കിവെച്ചാൽ ഇതര നിയമനങ്ങൾക്ക് അംഗീകാരം നൽകാമെന്ന എൻ.എസ്.എസ് കേസിലെ വിധി സമാന സ്വഭാവത്തിലുള്ള മാനേജ്മെന്റുകൾക്കും ബാധകമാണെന്നിരിക്കെ എൻ.എസ്.എസിന് മാത്രം ബാധകമെന്ന് പറയുന്നത് രാഷ്ട്രീയമായ നുണപ്രചാരണമാണ്. ഭിന്നശേഷി നിയമനത്തിന് നിർദേശിക്കുന്ന കോടതി ഉത്തരവിൽ വെള്ളംചേർത്താണ് സാമൂഹിക നീതി വകുപ്പും വിദ്യാഭ്യാസ വകുപ്പും ഉത്തരവിറക്കിയത്. ഒഴിവുകളുടെ നിശ്ചിത ശതമാനം പൂർത്തിയാകുമ്പോഴാണ് ഭിന്നശേഷി നിയമനം നടത്തേണ്ടത്.
എന്നാൽ, 2018 നവംബർ എട്ടിന് ശേഷമുള്ള ആദ്യ ഒഴിവ് തന്നെ ഭിന്നശേഷി നിയമനത്തിന് വിട്ടുനൽകണമെന്ന തെറ്റായ ഉത്തരവാണ് വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചത്. സ്കൂളിനെ ഒറ്റ യൂനിറ്റായി കണക്കാക്കി ഭിന്നശേഷി നിയമനത്തിനുള്ള ശതമാനം നിശ്ചയിക്കേണ്ടിടത്ത് എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർസെക്കൻഡറി എന്നിങ്ങനെ വേർതിരിച്ചതും കോടതി വിധിക്ക് വിരുദ്ധമാണെന്നും കെ.പി.എസ്.എം.എ ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.