കൊച്ചി: ഉന്നത വിദ്യാഭ്യാസ മേഖലയിൽ പരിഷ്കാരങ്ങൾ വരുത്താൻ സർക്കാർ നിയോഗിച്ച കമീഷനുകളുടെ റിപ്പോർട്ട് നടപ്പാക്കുന്നതിനെതിരെ എയ്ഡഡ് കോളജ് മാനേജ്മെന്റുകൾ. റിപ്പോർട്ടുകൾ നടപ്പാക്കുന്നതിൽ കടുത്ത ആശങ്കയുണ്ടെന്ന് മാനേജ്മെന്‍റ് പ്രതിനിധികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
കോളജുകളുടെ നിലനിൽപിനെയും മാനേജ്മെന്റുകളുടെ അവകാശങ്ങളെയും ഹനിക്കുന്ന പല നിർദേശങ്ങളും റിപ്പോർട്ടുകളിലുണ്ട്. 1971-72 മുതൽ സർക്കാറും മാനേജ്മെന്റുകളും തമ്മിൽ ഏർപ്പെട്ടിരിക്കുന്ന ഡയറക്ട് പേമെന്‍റ് എഗ്രിമെന്‍റിലെ വ്യവസ്ഥകൾ ഇല്ലാതാക്കുന്നതാണ് കമീഷൻ ശിപാർശകൾ. മാനേജർ നിയമനം അതത് സർവകലാശാലകളുടെ അംഗീകാരത്തിന് വിധേയമായിരിക്കണമെന്ന ശിപാർശ കോളജുകൾ നടത്തുന്ന ഏജൻസികളുടെ വിശിഷ്യ ന്യൂനപക്ഷ സ്ഥാപനങ്ങളുടെ അവകാശങ്ങളെ ഹനിക്കുന്നതാണ്. സർവകലാശാല സെനറ്റിൽ എയ്ഡഡ് കോളജ് മാനേജ്മെന്റ് പ്രതിനിധികളുടെ എണ്ണം കുറക്കൽ, സിൻഡിക്കേറ്റിലെ പ്രാതിനിധ്യം എടുത്തുകളയൽ, നിയമലംഘനം നടത്തുന്നവർക്കെതിരെ മാനേജ്മെന്‍റുകൾ സ്വീകരിക്കുന്ന അച്ചടക്കനടപടികളിൽ അനാവശ്യ ഇടപെടലുകൾ നടത്താൻ വൈസ് ചാൻസലർമാർക്ക് നൽകിയ അമിതാധികാരം, മാനേജ്മെന്റിനെ മറികടന്ന് എയ്ഡഡ് കോളജ് സ്റ്റാഫിനെതിരെ അച്ചടക്ക നടപടിയെടുക്കാൻ കൊളീജിയറ്റ് എജുക്കേഷൻ മേഖല ഡെപ്യൂട്ടി ഡയറക്ടർമാർക്ക് അധികാരം നൽകൽ, കോളജ് ഗവേണിങ് ബോഡി, യു.ജി.സി മാർഗനിർദേശങ്ങൾക്ക് വിരുദ്ധമായി ഓട്ടോണമസ് കോളജുകളെ ബാധിക്കുന്ന നിർദേശങ്ങൾ തുടങ്ങിയവ സർവകലാശാല നിയമപരിഷ്കരണ കമീഷൻ റിപ്പോർട്ടിലുണ്ട്.
എയ്ഡഡ് കോളജ് നിയമനങ്ങൾക്കായി പ്രത്യേക റിക്രൂട്ട്മെന്റ് ബോർഡ് സ്ഥാപിക്കണമെന്ന ഉന്നത വിദ്യാഭ്യാസ പരിഷ്കരണ കമീഷന്റെ നിർദേശം ഡയറക്ട് പേമെന്‍റ് കരാറിന് വിരുദ്ധമായതിനാൽ ഒരുനിലക്കും അംഗീകരിക്കാനാകില്ല.
വിദ്യാർഥികളുടെ ഹാജറിന് നൽകിവരുന്ന വെയിറ്റേജ് എടുത്തുകളയൽ, ടി.സിയില്ലാതെ പ്രവേശനം തുടങ്ങിയ പരീക്ഷ പരിഷ്കരണ കമീഷന്റെ ശിപാർശകളും പ്രതിഷേധാർഹമാണ്. കമീഷൻ റിപ്പോർട്ടുകൾ നടപ്പാക്കാൻ നീക്കം നടക്കുന്ന സാഹചര്യത്തിൽ വിഷയം ചർച്ചചെയ്യാൻ കേരള പ്രൈവറ്റ് കോളജ് മാനേജ്മെന്‍റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ എയ്ഡഡ് കോളജ് മാനേജ്മെന്റ് പ്രതിനിധികളുടെ സംസ്ഥാനതല യോഗം ശനിയാഴ്ച എറണാകുളം സെന്റ് തെരേസസ് കോളജിൽ നടക്കും.
കേരള പ്രൈവറ്റ് കോളജ് മാനേജ്മെന്‍റ് അസോസിയേഷൻ പ്രസിഡന്‍റ് എം.ഇ. കുര്യാക്കോസ്, ജനറൽ സെക്രട്ടറി ഡോ. ഉസ്മാൻ, കേരള പ്രിൻസിപ്പൽസ് കൗൺസിൽ (എയ്ഡഡ്) പ്രസിഡന്‍റ് ഡോ. എ. ബിജു, കേരള ഓട്ടോണമസ് കോളജസ് കൺസോർട്യം സെക്രട്ടറി ഫാ. ജോസ് ജോൺ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.